സുകുമാര്‍ അഴീക്കോട്

ഭാരതീയ ദര്‍ശനത്തിലെ പ്രഖ്യാത രചനകളായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്‍ അഴീക്കോട് രചിച്ച ഗ്രന്ഥമാണ് തത്ത്വമസി. വാഗ്ഭടാനന്ദഗുരുവിനെ തന്റെ ഗുരുവായും, ഗുരുവിന്റെ ആത്മവിദ്യ എന്ന വേദാന്തോപന്യാസ സമാഹാരത്തെ തന്റെ വേദോപനിഷദ് പഠനങ്ങള്‍ക്കുള്ള ആദ്യ പാഠമായും കരുതുന്ന അഴിക്കോടിന്റെ പ്രശസ്ത രചനകളിലൊന്നാണിത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, വയലാര്‍ പുരസ്‌കാരം, രാജാജി പുരസ്‌കാരം തുടങ്ങി പന്ത്രണ്ട് ബഹുമതികള്‍ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.
ഉപനിഷത്ത്, ഉപനിഷത്തുകള്‍, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തത്ത്വമസി ക്രമീകരിച്ചിരിക്കുന്നു. ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തില്‍ ‘ആത്മാവിന്റെ ഹിമാലയം’, ‘എന്താണ് ഉപനിഷത്ത്?’, ‘വേദവും ബ്രാഹ്മണങ്ങളും’, ‘ആരണ്യകങ്ങള്‍’, ‘ഉപനിഷത്ത് ചില വസ്തുതകള്‍’, ‘ഉപനിഷത്തിന്റെ സന്ദേശം’ എന്നിങ്ങനെ ആറു അദ്ധ്യായങ്ങളുണ്ട്. ആത്മാവിന്റെ ഹിമാലയം എന്ന ആദ്യ അദ്ധ്യായത്തില്‍ ഭാരതീയരും പാശ്ചാത്യരുമായ പണ്ഡിതരുടെ അഭിപ്രായങ്ങളെ കോര്‍ത്തിണക്കി ഗ്രന്ഥകാരന്‍, ഹിമാലയം ഉപനിഷത്തിന്റെ ഭൂമിശാസ്ത്രപശ്ചാത്തലവും ഉപനിഷത്ത് ഹിമാലയത്തിന്റെ ആത്മീയ പശ്ചാത്തലവുമാണെന്ന വിശദീകരണം നല്‍കുന്നു.
ഉപനിഷത്തുകള്‍ എന്ന രണ്ടാം ഭാഗത്തില്‍ ‘ഈശം’, ‘കേനം’, ‘കഠം’, ‘പ്രശ്‌നം’, ‘മുണ്ഡകം’, ‘മാണ്ഡൂക്യം’, ‘തൈത്തരീയം’, ‘ഐതരേയം’, ‘ഛാന്ദോഗ്യം’, ‘ബൃഹദാരണ്യകം’ എന്നീ ദശോപനിഷത്തുകളുടെ ദര്‍ശനങ്ങള്‍ ഓരോ അദ്ധ്യായങ്ങളായി വിശദമാക്കുന്നു.
ഉപസംഹാരം എന്ന അവസാനഭാഗത്തിലെ ‘വിശ്വദൃഷ്ടിയില്‍’, ‘നാളെയുടെ മുമ്പില്‍’ എന്നിങ്ങനെയുള്ള രണ്ട് അദ്ധ്യായങ്ങളില്‍ ആദ്യത്തേതില്‍ അനേകം ചിന്തകരുടെ ഉപനിഷത്തുകളോടുള്ള സമീപനവും കാഴ്ചപ്പാടുകളും ഗ്രന്ഥകാരന്‍ അനുസ്മരിക്കുന്നു. അവരില്‍ ദ്വൈത -അദ്വൈത ദര്‍ശനങ്ങളുടെ പ്രയോക്താക്കള്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍, ടാഗോര്‍, ഗാന്ധിജി, നെഹ്രു, ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയ ആധുനിക ഭാരതീയരും മാക്‌സ്മുള്ളര്‍, പോള്‍ ഡോയ്‌സന്‍ തുടങ്ങിയ വിദേശിയരും ഉള്‍പ്പെടുന്നു. ‘നാളെയുടെ മുമ്പില്‍’ എന്ന അവസാന അദ്ധ്യായത്തില്‍ ഉപനിഷത്തുകളുടെ കാലാതീതമായ പ്രസക്തിയും പ്രാഭവവും ചര്‍ച്ച ചെയ്യുന്നു.
1984ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിക്ക് ഇരുപതിലേറെ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. 2000 മുതല്‍ പ്രസിദ്ധീകരണാവകാശം ഡി.സി. ബുക്‌സിസിനാണ്.