ആധുനികകാലത്ത് അധികാരക്കസേരയ്ക്കുവേണ്ടി ഉപജാപങ്ങള്‍ നടത്തുന്ന രാഷ്ട്രീയനേതാക്കളുടെ ഉയര്‍ച്ചയും പതനവുമാണ് 'നഹുഷപുരാണം' വിവരിക്കുന്നത്. രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ക്കൊപ്പം പത്രപ്രവര്‍ത്തനരംഗത്തെ വിക്രിയകളും നോവലിസ്റ്റ് വരച്ചുകാട്ടുന്നു. അധികാരത്തിലെത്താന്‍ പല കക്ഷികളെയും കൂട്ടുപിടിക്കുന്ന കേശവപിള്ള മുഖ്യമന്ത്രിയാകുന്നെങ്കിലും അധികംതാമസിയാതെ മരിക്കുന്നു. ഒരു പ്രബലകക്ഷിയുടെ നേതാവായ കരുണനെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍ക്കും താല്പര്യമില്ല. ഭരണകക്ഷി തമ്മില്‍ഭേദം എന്നു തോന്നിയ വി.ഐ. പ്രഭാകരനെ മുഖ്യമന്ത്രിയാക്കി. അധികാരം കയ്യില്‍ക്കിട്ടിയ വി.ഐ.പി. അതുനിലനിര്‍ത്താന്‍ സകല അടവുകളും പുറത്തെടുക്കുന്നു. എന്നാല്‍ യുവനേതാക്കള്‍ അയാള്‍ക്കെതിരെ തിരിയുന്നു. ഇടക്കാലതെരഞ്ഞെടുപ്പില്‍ അയാളെ പരാജയപ്പെടുത്തുന്നു. ഇങ്ങനെ ആധുനിക നഹുഷന്റെ പരാജയംസംഭവിക്കുന്നു. ഏതുപതനത്തിനും ഹേതു അഹങ്കാരമാണെന്ന പുരാണകഥയുടെ ആധുനിക ആവിഷ്‌ക്കാരമാണ് നഹുഷപുരാണം.