മൃത്യുഞ്ജയ എന്ന പ്രശസ്ത മറാത്തി നോവലിന്റെ മലയാള പരിഭാഷയാണ് കര്‍ണ്ണന്‍. ശിവാജി ഗോവിന്ദ് സാവന്ത് ആണ് മൃത്യുഞ്ജയ എഴുതിയത്. മഹാഭാരത കഥാപാത്രമായ കര്‍ണ്ണനിലൂടെയുള്ള ഒരു കഥപറച്ചില്‍ രീതിയാണ് ഈ നോവലില്‍ സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ ജ്ഞാനപീഠത്തിന്റെ 1995 ലെ മൂര്‍ത്തിദേവി പുരസ്‌കാരം ലഭിച്ച കൃതിയാണ് മൃത്യുഞ്ജയ. ഡോ.പി.കെ.ചന്ദ്രന്‍, ഡോ.ടി.ആര്‍.ജയശ്രീ എന്നിവരാണ് വിവര്‍ത്തകര്‍. കര്‍ണ്ണന്‍, കുന്തി, ദുര്യോധനന്‍, വൃഷാലി, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളാണ് ഈ നോവല്‍. മിക്ക ഭാരതീയ ഭാഷകളിലേക്കും ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
    മരണത്തെ മുന്നില്‍ കാണുന്ന കര്‍ണ്ണന്‍ സത്യസന്ധമായി തന്റെ കഥ പറയാന്‍ നിര്‍ബന്ധിതനാകുന്നു. കര്‍ണ്ണന്‍ തന്റെ വളര്‍ത്തച്ഛനായ അധിരഥന്റെ കൂടെ ചമ്പാനഗരിയില്‍നിന്നും ഹസ്തിനപുരത്തിലെത്തുന്ന മുതല്‍ കുരുക്ഷേത്രഭൂമിയില്‍ മരിച്ചു വീഴുന്നതുവരെയുള്ള സംഭവങ്ങള്‍ ആറു കഥാപാത്രങ്ങളുടെ ആത്മകഥാകഥനത്തിലൂടെ വരച്ചുകാണിച്ചിരിക്കുന്നു.തേരാളിയായ അധിരഥന്റെയും രാധയുടെയും പുത്രനായ കര്‍ണ്ണന്‍ ചമ്പാപുരിയിലാണ് വളര്‍ന്നത്. എന്നാല്‍ വിദ്യ അഭ്യസിക്കുന്നതിനും മറ്റുമായി അവര്‍ ഹസ്തിനപുരത്തേക്ക് പോകുന്നു. ഹീനജാതിക്കാരനായി കരുതപ്പെട്ടതുമൂലം കര്‍ണ്ണനോടുള്ള അവഗണന അവിടെ തുടങ്ങുന്നു. കുലവും ജാതിയും ചോദിച്ച് ഗുരുജനങ്ങളാലും പാഞ്ചാലിയാലും, പാണ്ഡവരാലും പലയിടങ്ങളിലും വച്ച് കര്‍ണ്ണന്‍ അപമാനിതനാകുന്നു. എങ്കിലും കഠിനയത്‌നത്താല്‍ കര്‍ണന്‍ പല വിശേഷപ്പെട്ട അസ്ത്രങ്ങളും നേടുന്നു. ഇവയൊന്നും പക്ഷേ യഥാവിധി ഉപയോഗിക്കുവാന്‍ കഴിയുന്നില്ല. തന്റെ ജീവന്‍രക്ഷാ കവചമായ കവചകുണ്ഡലങ്ങള്‍ ചതിയിലൂടെ ഇന്ദ്രന് ദാനം ചെയ്യപ്പെടുന്നു. അവസാനം അര്‍ജ്ജുനന്‍ കര്‍ണ്ണനെ അമ്പെയ്തു വീഴ്ത്തുന്നു. അവിടെ കിടന്നാണ് കര്‍ണ്ണന്‍ തന്റെ പൂര്‍വ്വകാലം ഓര്‍ത്തെടുക്കുന്നത്.
    ജാതിപറഞ്ഞ് കര്‍ണ്ണനെ അപമാനിച്ച അവസരത്തില്‍ ദുര്യോധനനാണ് കര്‍ണ്ണനെ രക്ഷിക്കുന്നത്. ആ നിമിഷം മുതല്‍ ഇരുവരും തമ്മില്‍ ഒടുങ്ങാത്ത സഖ്യമുണ്ടാകുന്നു. പാണ്ഡവരെ തോല്‍പിക്കാന്‍ കര്‍ണ്ണനേ കഴിയൂ എന്നുള്ള തിരിച്ചറിവാണ് എല്ലാത്തിലുമുപരി ഈ സഖ്യമുണ്ടാക്കാന്‍ ദുര്യോധനനെ പ്രേരിപ്പിക്കുന്നത്. ഒരിക്കല്‍ കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാനായിരുന്നു, കര്‍ണ്ണന്‍ പിന്നീട് തനിക്കു വച്ചു നീട്ടിയ ഒന്നാം പാണ്ഡവന്‍ എന്ന സ്ഥാനവും, ദ്രൗപദിയുടെ ഒന്നാമൂഴവും എല്ലാം കര്‍ണ്ണന്‍ നിരസിക്കുന്നത്.
    അമ്മ എന്ന രീതിയില്‍ ഒട്ടും തന്നെ കര്‍ണ്ണന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടില്ലാത്ത വ്യക്തിയാണ് കുന്തി. അതുകൊണ്ട് തന്നെയാണ് യുദ്ധത്തിനുമുമ്പ് തന്നെ വന്നുകണ്ട കുന്തിയോട,് പാണ്ഡവപക്ഷത്തേക്ക് വരില്ല എന്നു പറയാന്‍ കര്‍ണ്ണന് കഴിഞ്ഞത്. താന്‍ മൂത്ത പാണ്ഡവനാണെന്നറിഞ്ഞിട്ടും കര്‍ണ്ണനു തെല്ലും കുലുക്കമുണ്ടായില്ല. കുന്തീദേവിയുടെ മാനസികസംഘര്‍ഷം വരച്ചുകാണിക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
    കര്‍ണ്ണന്റെ അര്‍ദ്ധസഹോദരനാണ് ശോണന്‍. മഹാഭാരതകഥയില്‍ വളരെ വിദൂരമായിപ്പോലും ഈ കഥാപാത്രത്തെക്കുറിച്ചു പറയുന്നുണ്ടോ എന്നു സംശയം. എന്നാല്‍ ഇവിടെ കര്‍ണ്ണന്റെ വികാര വിചാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് ശോണന്‍. കര്‍ണ്ണനും തന്റെ സഹോദരനോട് സ്‌നേഹവും ലാളനയും ഒക്കെയാണ്.
    കര്‍ണ്ണന്റെ ഒന്നാം ഭാര്യയാണ് വൃഷാലി. മഹാഭാരതത്തില്‍ വിദൂരനോട്ടത്തില്‍ മാത്രം കാണാനാവുന്ന ഒരു കഥാപാത്രം. എന്നാല്‍ ഈ കൃതിയില്‍ സാവന്ത്, വൃഷാലിയുടെ ചിന്തകള്‍ക്കുകൂടി പ്രാധാന്യം കല്പിച്ചിരിക്കുന്നു. കര്‍ണ്ണനോടുള്ള തന്റെ അടങ്ങാത്ത സ്‌നേഹവും, സപത്‌നി വന്നിട്ടുകൂടി ഒട്ടും കുറയാതെ നില്ക്കുന്ന ആ സ്‌നേഹവായ്പും കരുതലും എല്ലാം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.
    ശ്രീകൃഷ്ണന്‍ ഈ നോവലില്‍ ഒരു സുപ്രധാനകഥാപാത്രമാണ്. തുടക്കം മുതല്‍ കര്‍ണ്ണനു ശ്രീകൃഷ്ണനോട് പ്രതിപത്തിയുണ്ട്. പക്ഷെ ശ്രീകൃഷ്ണനാവട്ടെ കര്‍ണ്ണന്റെ രഹസ്യം അറിയാവുന്നതുകൊണ്ടുതന്നെ ഇഷ്ടക്കേടില്ലാതെ പെരുമാറുന്നു. അവസാനം കര്‍ണ്ണനു ഒന്നാം പാണ്ഡവനെന്ന സ്ഥാനവും, ദ്രൗപദിയുടെ ഒന്നാമൂഴവും ശ്രീകൃഷ്ണന്‍ വച്ചു നീട്ടുന്നു. ഇതെല്ലാം നിരസിച്ചുകൊണ്ട്, അടുത്ത ലോകത്തില്‍ കണ്ടുമുട്ടാം എന്നു പറഞ്ഞുകൊണ്ട് യാത്രയാക്കുകയാണ് കര്‍ണ്ണന്‍ ശ്രീകൃഷ്ണനെ.

ബഹുമതികള്‍

    മഹാരാഷ്ട്ര സര്‍ക്കാര്‍ അവാര്‍ഡ് (1968-1969) .
    എന്‍.സി.കേല്‍ക്കര്‍ അവാര്‍ഡ്.
    ലളിത് മാഗസിന്‍ അവാര്‍ഡ്.
    പൂനംചന്ദ് ഭൂടോടിയ അവാര്‍ഡ്.
    ഗുജറാത്ത് സാഹിത്യ അക്കാദമി പുരസ്‌ക്കാരം (1992).
    ജ്ഞാനപീഠത്തിന്റെ മൂര്‍ത്തിദേവി പുരസ്‌ക്കാരം.