മലയാളത്തിലെ ഒരു നോവലാണ് നിറമുള്ള നിഴലുകള്‍. വിലാസിനി എന്ന എം.കെ.മേനോന്റെ പ്രഥമകൃതിയാണിത്.രണ്ടാംലോകമഹായുദ്ധകാലത്ത് സിംഗപ്പൂരില്‍ താമസിപ്പിച്ചിരുന്ന പോരാളികളുടെ ജീവിതാനുഭവങ്ങളാണ് നിറമുള്ള നിഴലുകളില്‍. സിംഗപ്പൂരില്‍ താമസമുറപ്പിച്ച ഒരു കേരളീയകുടുംബത്തിലെ പ്രേമകഥയാണ് ഇതിലെ പ്രമേയം.നാട്ടില്‍ നില്‍ക്കാന്‍ ഗത്യന്തരമില്ലാതെ മലയായിലെത്തിയ രാഘവന്‍നായര്‍ അവിടെയും തന്റെ അനിയന്ത്രിത ജീവിതം തുര്‍ന്നു. വേലക്കാരി ലക്ഷ്മിയുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടു. അതില്‍ മുനിസാമി എന്ന പുത്രന്‍ ഉണ്ടായി. ഈ കൊള്ളരുതായ്മകളെല്ലാം ക്ഷമിച്ച് നാട്ടിലെ കാമുകിയായ ദാക്ഷായണി അയാളെ ഭര്‍ത്താവായി സ്വീകരിച്ചു. എന്നിട്ടും അയാള്‍ തന്റെ കുത്സിത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ല. അവിഹിതബന്ധങ്ങളും ബലാത്സംഗങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. വഞ്ചകനും കൊലപാതകിയുമായ ഭര്‍ത്താവിനോട് ദാക്ഷായണിക്കു പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതെയായി. എന്നാല്‍ കാലം അയാള്‍ക്കു കനത്ത തിരിച്ചടി നല്‍കി. സ്വന്തം ഭാര്യയുടെ മകളായ ഇന്ദിരയെ മുനിസാമി വിവാഹം കഴിച്ചു. ഇതായിരുന്നു വിധി അയാളോടുകാട്ടിയ ക്രൂരമായ പകരം വീട്ടല്‍. അനിയന്ത്രിതമായ ലൈംഗികാവേഗമാണ് ഈ അധഃപതനത്തിനെല്ലാം കാരണമായിത്തീര്‍ന്നത്.
    സിംഗപ്പൂര്‍ മലയാളികളുടെ രണ്ടു ദശകകാലത്തെ ചരിത്രമാണ് വിലാസിനി ഈ പ്രേമനോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഒപ്പം ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുക്കാവുന്ന നിരവധി കഥാപാത്രങ്ങളെയും അണിനിരത്തിയിട്ടുണ്ട്. വെള്ളക്കാരും, തമിഴരും, മലയാളക്കാരും ജപ്പാന്‍കാരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വികാരജീവികളും അന്ത:കരണമുള്ളവരുമാണ് ഇവിടെ കഥാപാത്രങ്ങള്‍.

പുരസ്‌കാരം

1966ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്-നിറമുള്ള നിഴല്‍