(ബാലസാഹിത്യം)
സി.ജി.ശാന്തകുമാര്‍

പ്രശസ്ത ബാലസാഹിത്യകാരനായ സി.ജി ശാന്തകുമാര്‍ രചിച്ചതാണ് ഈ ഗ്രന്ഥം. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍നിന്നെന്നപോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍നിന്നു തന്നെ പഠിച്ചുതുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല, അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജിക്കേണ്ടത്. യഥാര്‍ഥ ശാസ്ത്രപഠനം ആരംഭിക്കേണ്ടത് സ്വന്തം വീട്ടുമുറ്റത്തുനിന്നാണെന്ന് ഈ കൃതി നമ്മോടു പറയുന്നു. ആദ്യപതിപ്പ് 2003ല്‍. തൃശൂരിലെ ഗ്രീന്‍ബുക്‌സ് ആണ് പ്രസാധകര്‍.
ആമുഖത്തില്‍ സി.ജി.ശാന്തകുമാര്‍ ഇങ്ങനെ പറയുന്നു:
‘ മാതാപിതാക്കളില്‍നിന്നും മറ്റു കുടുംബാംഗങ്ങളില്‍നിന്നുമാണ് കുട്ടി ഭാഷ ഉപയോഗിക്കാന്‍ വശമാക്കുന്നത്. അധ്യാപിക പിന്നീടേ വരുന്നുള്ളൂ. നടക്കാന്‍ പഠിച്ച കുട്ടി കഷ്ടപ്പെട്ട് ഉമ്മറപ്പടിയിറങ്ങി മുറ്റത്തു കാല്‍കുത്തി ചുറ്റുപാടും നോക്കുമ്പോള്‍ ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ മനുഷ്യന്റെ ഉത്കണ്ഠയും അത്ഭുതവും ആകാംക്ഷയുമാണവനുണ്ടാകുക. കണ്ണ്, ചെവി, സ്പര്‍ശനം, ഗന്ധം എന്നിവയില്‍കൂടി അവന്‍ ആ അത്ഭുതത്തെ അറിയാന്‍ ശ്രമിക്കുന്നു. പ്രകൃതിപഠനവും ശാസ്ത്രപഠനവും ഇവിടം മുതല്‍ ആരംഭിക്കുന്നു. ചുറ്റുപാടുകളുമായി പരമാവധി ബന്ധപ്പെടാന്‍ അവസരം നല്‍കലാണ്, ഈ പഠനം സഫലമാക്കാനുള്ള എറ്റവും പുതിയ മാര്‍ഗം.’