ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം എഴുത്തുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ചിലര്‍ക്ക് താന്‍ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ട്. മനസും സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുകയാണ് ഇപ്പോള്‍ . ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രവചന സ്വഭാവമുള്ള സര്‍ഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛന്‍ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി സദസ്സില്‍ പറഞ്ഞു.