തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവികളിലൊരാളായ കിളിമാനൂര്‍ മധു (71) അന്തരിച്ചു. രോഗബാധിതനായി കുറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.50 ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ശാന്തികവാടത്തില്‍ നടത്തി. കിളിമാനൂര്‍ ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ ശങ്കരപിള്ളചെല്ലമ്മ ദമ്പതികളുടെ എട്ടാമത്തെ മകനാണ്. സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എഡിറ്റര്‍ കം പ്രസ് റിലേഷന്‍ ഓഫിസറായിരുന്നു.  നദികളും എഴുത്തുകാരും എന്ന വിഷയത്തില്‍ ഗവേഷണപ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. സമയതീരങ്ങളില്‍, മണല്‍ഘടികാരം, ചെരുപ്പു കണ്ണട തുടങ്ങിയ കവിതാ സമാഹാരങ്ങള്‍, ലോര്‍കയുടെ ജര്‍മ എന്ന സ്പാനിഷ് നാടകത്തിന്റെ പരിഭാഷ, യാത്രയും ഞാനും, പ്രണയക്കുറിപ്പുകള്‍ (യാത്രാവിവരണങ്ങള്‍) എന്നിവ പ്രസിദ്ധീകരിച്ചു. കേരളത്തിലെ നാടോടിക്കലകള്‍, മിത്തുകള്‍ എന്നിവയെക്കുറിച്ചു കേന്ദ്ര സാംസ്‌കാരിക വകുപ്പിനു വേണ്ടി ഡോക്യുമെന്ററി നിര്‍മിച്ചു. അന്‍പതോളം കവിതകളുടെ ഇംഗ്ലിഷ് പരിഭാഷയായ നെയിം ഓഫ് ലൈഫ് ആണ് ഒടുവില്‍ ഇറങ്ങിയ പുസ്തകം. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. 1988 മുതല്‍ ദേശീയ, രാജ്യാന്തര കവി സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ചു.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രന്‍ നായരുടെ സഹോദരി രാധാകുമാരിയാണു ഭാര്യ. ബെംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനായ എം.ആര്‍.രാമു, എം.ആര്‍.മനു, മീര എന്നിവരാണു മക്കള്‍. മരുമക്കള്‍: വി.ചിത്ര നായര്‍ (ഡയറക്ടര്‍, തിങ്കിങ് ഫോര്‍ക്‌സ്, ബെംഗളൂരു), സൗമ്യ ചന്ദ്രന്‍ (എസ്എപി. ടെക്‌നോളജീസ് ബെംഗളൂരു), രാജേഷ് കുമാര്‍ (ഓണ്‍ മൊബൈല്‍സ്, ബെംഗളൂരു).