ഹൃദയാഞ്ജലി

അനഘചൈതന്യത്തികവാം പ്രേമത്തിൽ
കനകം പൂശുന്ന കിരണമേ!
ഇരുൾതിങ്ങുമെന്റെ ഹൃദയത്തിലെന്താ-
ണിനിയും നിൻ കാന്തി ചൊരിയാത്തൂ?
കരുണക്കാതലേ! ഭവദീയാഗമം
കരുതിക്കാത്തു ഞാൻ കഴിയുന്നു.
അണിമച്ചിൽക്കത്തും തെളിദീപം തീരെ-
യണയാറാ, യങ്ങെന്തണയാത്തു ?

ഹൃദയനാഥ, ഞാൻ തവ ചിത്രം ചിത്തേ
രുധിരപൂരത്താലെഴുതുന്നു;
ചെറുതും സംതൃപ്തികലരായ്കകൊണ്ടെൻ
ചുടുകണ്ണുനീരാൽക്കഴുകുന്നു.
പതിവുപോലിത്ഥമെഴുതിയും മാച്ചും
പകുതിയെൻ ജന്മം വിഫലമായ്!

അനുരാഗത്തിന്റെയലർമെത്തതന്മേ-
ലവശ ഞാൻ കിടന്നുരുളുമ്പോൾ,
അവിടുന്നെന്നുടെയരികിലെത്തി, ഞാൻ
സുഖഷുപ്തിയിൽ മുദിതയായ് !
അകളങ്കമെന്റെ ഹൃദയമങ്ങേയ്ക്കാ-
യടിമവെച്ചു ഞാൻ ചരിതാർത്ഥ.

 

ഒരു മിന്നലങ്ങു മറവായി, പെട്ടെ-
ന്നിരുളിൻ കംബളവിരി വീണു!
കരകയാണന്നുമുതലീ ഞാൻ തവ
കഴലിണ കണ്ടു തൊഴുതീടാൻ!
തരളതാരക നിരകളംബര-
ത്തെരുവിലെമ്പാടും തെളിയുമ്പോൾ,
ഇരുളിൽ ഞാനെന്റെ മുരളിയുമായ്, നി-
ന്നപദാനം പാടിത്തളരുമ്പോൾ,
അകലത്തെങ്ങാനുമവിടുന്നുണ്ടെന്നൊ-
രതിമോഹമെന്നിൽ വളരുമ്പോൾ,
അലയാഴിപോലെ കരയും ഞാൻ പെട്ടെ-
ന്നലരിനെപ്പോലെ ചിരിതൂകും
പവനനെപ്പോലെ നെടുവീർപ്പിട്ടിടും
പറവപോൽ പാറും ഗഗനത്തിൽ!….
മധുമാസാശ്ലേഷതരളിതയാമെൻ-
മലർവാടി മലർ ചൊരിയുമ്പോൾ
അവകളങ്ങെനിക്കരുളും സന്ദേശ-
നിരകളെന്നു ഞാൻ കരുതുന്നു!
അതിമോദാൽ മമ ഹൃദയപ്പൂമ്പാറ്റ-
യതുകളിൽത്തത്തിയിളകുമ്പോൾ,
അറിയുന്നുണ്ടു ഞാൻ ഭവദീയരാഗ-
മകരന്ദത്തിന്റെ മധുരത്വം.
കരിമുകിൽ മാലയഖിലവും മാഞ്ഞ-
സ്സുരപഥമൊന്നു തെളിയുമ്പോൾ,
നുകരുന്നുണ്ടു ഞആനതുലമാം തവ
ഹൃദയവേദിതൻ പരിശുദ്ധി!….
ഇനിയും വ്യാമോഹിച്ചുഴലിയിൽ വീണി
വനിമലരെത്ര തിരിയേണം ?
അരുതീ നാടകമിനിയാടാ, നിതിൻ-
ഭരതവാക്യവും കഴിയേണം;
ഭവദാപദാനമകരന്ദം മാത്രം

പതിവായൂറുമീ മുരളിയിൽ

പകരേണം തവ പരിപൂതരാഗം,
തകരേണമതു തരിയായി!
അതുമുതലെനിക്കിരവുമുച്ചയു-
മതുലാഭയാളും പുലർകാലം!…