കേയപേരുമാളും ബ്രാഹ്മണരുമായി അന്യോന്യം കൈ പിടിച്ചു പല സമയവും സത്യവും ചെയ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു. പിന്നെ മലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരുത്തിയും കല്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേശത്ത് ഒരു കോവിലകം തീർത്തു, പരശുരാമൻ ഭൂമി കേരളം വഴിപോലെ പരിപാലിക്കേണം എന്നു കല്പിച്ചു, പന്തീരാണ്ടു വാഴുവാൻ കേയപ്പെരുമാളെ കൈപിടിച്ചിരുത്തി, ഭൂമൌ ഭൂപോയം പ്രാപ്യ എന്ന കലി.  കലി, ൨൧൬ ക്രിസ്താബ്ദം. ആ പെരുമാൾ ൮ സംവത്സരം ൪ മാസവും നാടു പരിപാലിച്ചശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം പന്തീരാണ്ടു കഴിഞ്ഞശേഷം അപ്പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം കല്പിച്ചു. ഇങ്ങിനെ കേയപ്പെരുമാളുടെ വാഴ്ച കഴിഞ്ഞു, സ്വർഗ്ഗത്തിന്നു എഴുന്നെള്ളിയ ശേഷം ചൊഴമണ്ഡലത്തിങ്കൽ നിന്നു ചൊഴപ്പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളത്തിങ്കൽ ൧൨ ആണ്ടു വാണു പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴിച്ചു, പെരുമാൾ എഴുന്നെള്ളി ഇരിപ്പാൻ ചൊഴക്കര എന്നൊരു കോവിലകവും തീർത്തു) സംവത്സരവും ൨ മാസവും വാണതിന്റെ ശേഷം ചോഴമണ്ഡലത്തിങ്കലെക്ക് എഴുന്നെള്ളുകയും ചെയ്തു. അതിന്റെ ശേഷം പാണ്ടിപ്പെരുമാളെ കൂട്ടി കൊണ്ടു പോന്നു പാണ്ടിവമ്പന എന്ന പ്രദേശത്ത് കൈ പിടിച്ചിരുത്തി വാഴ്ച കഴിച്ചു. ആ പെരുമാൾ ആകട്ടെ അവിടെ ഒരു കോട്ടപ്പടിയും തീർത്തു. ൯ സംവത്സരം നാടു വാണശേഷം, പാണ്ടിമണ്ഡലം രക്ഷിപ്പാനാളില്ല” എന്നു കല്പിച്ചു പാണ്ഡി മണ്ഡലത്തിൽ നിന്നു ആൾ പോന്നു വന്നതിന്റെ ശേഷം ആ പെരുമാൾ പാണ്ടിമണ്ഡലത്തിന്ന് എഴുന്നെള്ളുകയും ചെയ്തു.

മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എന്ന ഒരാൾ കേരളം വാണിരുന്നു, അയ്യാളുടെ ശരീരരക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ ഉണ്ടായിരുന്നു; ഈ പെരുമാൾ രാജ്യഭാരം ചെയ്തു പോരുന്ന കാലത്ത് ബ്രാഹ്മണർക്ക് ഇദ്ദേഹത്തോടു വൈരം വർദ്ധിച്ചു വശമായി, ഇദ്ദേഹത്തെ ഏതുപ്രകാരം എങ്കിലും കുല ചെയ്യേണം എന്നു വിചാരിച്ചു, അവർ ആഭിചാരം ചെയ്തു നോക്കിയതിൽ, ഈ ഭൂതങ്ങളുടെ സഹായം ഉണ്ടായിരിക്കുമ്പോൾ ആ പെരുമാളെ കൊന്നുകൊൾവാൻ പ്രയാസം തന്നെ എന്നു കണ്ടു, ആ ഭൂതങ്ങളെ അകറ്റേണ്ടതിനു ഒരു ചതി പ്രയോഗം ചെയ്യേണം എന്നു നിശ്ചയിച്ചു. ഒരു ഭട്ടത്തിരി ഞാൻ ചെന്നു ഭൂതങ്ങളെ അകറ്റി കൊന്നേച്ചു വരാം എന്നു ശപഥം ചെയ്തു പുറപ്പെട്ടു, പെരുമാളുടെ അടുക്കെ ചെന്നു, ചതുരംഗം വെച്ചു, പെരുമാളെ തോൽപ്പിച്ചു, ഓരൊരുവാതു വെച്ചു ജയിച്ചു തുടങ്ങി. അങ്ങിനെ ഒരു വരെക്ക് ഈ ഭൂതങ്ങൾ രണ്ടും ഇദ്ദേഹത്തിന്റെ ദാസ്യ പ്രവൃത്തി ചെയ്യത്തക്കവണ്ണം അടിമയായി എടുത്തു, ആ ഭൂതങ്ങളോട് “നിങ്ങൾ ചെന്നു സമുദ്രത്തിൽ എത്ര തിര വരുന്നുണ്ടു എന്നു നോക്കി കണക്കു കൊണ്ടു വരുവിൻ” എന്നു പറഞ്ഞയക്കയും ചെയ്തു. ഭൂതങ്ങൾ സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം കാണാതെ അവിടെ തന്നെ നിന്നുപോയി, പിന്നോക്കി വന്നതുമില്ല. അന്നു വൈകുന്നേരം പെരുമാളെ കുല ചെയ്യേണം എന്നു ശേഷം ബ്രാഹ്മണരെ അറിയിച്ചാറെ, ബ്രാഹ്മണർ ൧0 ഗ്രാമക്കാരും തികഞ്ഞ ആയുധപാണികളായി കോവിലകത്തു ചെന്നതിന്റെ ശേഷം ഈ ഭട്ടത്തിരി വധിക്കയും ചെയ്തു. പിന്നെ “ഹിംസചെയ്ത ദോഷം ഉണ്ടല്ലോ” എന്നു വിചാരിച്ചു നാം പടിമേലിരുന്നു കൊള്ളാം എന്നു പറഞ്ഞു വേറെ ഒരു പടിമേൽ കുത്തിയിരുന്നു; അന്നു തുടങ്ങി നമ്പിടി എന്ന പേരാകയും ചെയ്തു. ആയതത്രെ കക്കാട്ടുകാരണപ്പാടു എന്ന നമ്പിടി ആകുന്നത്).