ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അനന്തരം രാജാവു സ്വല്പകാലം ചെല്ലുമ്പോൾ ആക്രമിച്ചു പോകും അതു വരാതെ ഇരിപ്പാൻ കേരളത്തിൽ ൧൬0 കാതം നോക്കി കണ്ടു. ൧൬0 കാതംകൊണ്ടു ൧൭ നാടാക്കി, അതുകൊണ്ടു രാജകാര്യങ്ങൾ കൂടി നിരൂപിച്ചെ ഉള്ളൂ. താൻ തന്നെ വ്യാപരിക്കരുത് എന്നു കൽപ്പിച്ചു. നിത്യ കാര്യങ്ങൾ രാജാവോട് കൂടി പ്രവൃത്തിച്ചു, കോവിലകത്തിൻ സമീപത്തു തന്നെ, ൪ കഴകത്തിന്നു കൽപ്പിച്ച പരിഷെക്കു ഇരിപ്പാൻ ൪ തളിയും തീർത്തു. മേത്തളി, കീഴ്ത്തളി, നെടിയത്തളി, ചിങ്ങപുരത്തളി ഇത്തളിയിൽ ഇരുന്നു രക്ഷിക്കുന്നത് തളിയാതിരിമാർ എന്നു പേരുള്ളവർ; കീഴ്ത്തളി, ഐരാണിക്കുടത്തിന്നു, ചിങ്ങപുരം, ഇടിങ്ങാടിക്കുടത്തിന്നു നെടിയത്തളി, പറവൂർ, മേൽത്തളി, മൂഷികക്കുളം ഇങ്ങിനെ ൪ തളി ആകുന്നു. പന്നിയൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ, ഇവ ഒക്ക തങ്ങളിൽ അകലത്താകയാൽ, പറവൂരുടെ സമീപത്തുള്ള ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇരിങ്ങാണിക്കുടത്തും പറവൂരൊട് കൂടി ൪ കഴകം എന്നു പേരുണ്ടായി. ഇത് നാലും പെരുമാക്കന്മാർ രക്ഷിക്കും കാലത്തു കല്പിച്ചതു മറ്റെ കഴകം പരശുരാമന്റെ കാലത്തുണ്ടായ്തു. തളിയാതിരിമാർ കാലത്ത് തീട്ട് എഴുതേണ്ടുംപൊൾ തളിയാതിരിത്തീട്ട് എന്നു എപ്പോഴും എഴുതേണ്ടു. തളിയാതിരി അവരോധവും പുക്കു തോന്നിപ്പോയതു: കരിങ്ങമ്പുള്ളിസ്വരൂപവും കാർയ്യമുക്കിൽ സ്വരൂപവും കാരിമുക്ക ഇളമ്പര കോട്ടസ്വരൂപവും. ഇച്ചൊല്ലിയ സ്വരൂപങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ കാരണം: രാജാവിന്നു മലനാട്ടിൽ ഷ‌ൾഭാഗം കൊടുത്തിട്ടില്ല, വൃത്തിയെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തുവിന്മേലും ഷ‌ൾഭാഗം രക്ഷാപുരുഷന്മാർ അനുഭവിച്ചു. രണ്ടാമത് തളിയാതിരിമാർ അനുഭവിച്ചു. പിന്നെ ചാത്തിരർക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാത്തിരർക്ക്ആയതുണ്ടു.

ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷിച്ചു സ്വല്പകാലം കഴിഞ്ഞ ശേഷം, പയസ്വനി പെരുമ്പുഴെക്ക് വടക്ക് ൩൨ ഗ്രാമവും, അതിന്റെ തെക്ക് ൩൨ ഗ്രാമവും തങ്ങളിൽ കൊള്ളക്കൊടുക്കയും മുറിച്ചു. തെക്ക് ൩൨ ആകുന്നത്: കരുമാൻ പുഴയ്ക്കു വടക്ക ഗ്രാമം ൧0. അതിന്നു വിവരം. ൧.പയ്യന്നൂർ, ൨.പെരിഞ്ചെല്ലൂർ, ൩.കരിക്കാട്ടു, ൪. ഈശാനിമംഗലം, ൫.ആലത്തൂർ, ൬.കരിന്തൊളം, ൭തൃശ്ശിവപേരൂർ, തൃച്ചമ്പേരൂർ, ൮.പെരുമാനം, ൯.പന്നിയൂർ, ൧0.ചൊവ്വരം, കരുമാൻ പുഴക്ക് തെക്ക് പുണ്യാറ്റിന്നു വടക്ക് ഗ്രാമം ൧൨ അതാകുന്നത്: ൧.പറവൂർ, ൨.ഐരാണിക്കുളം, ൩.മൂഷികക്കുളം, ൪.ഇരിങ്ങാണിക്കുടം, ൫.അടവൂർ, ൬.ചെങ്ങനാടു, ൭.ഉളിയന്നൂർ, ൮.കഴുതനാടും, ൯. കുഴയൂർ ൧0. ഇളിഭ്യം, ൧൧. ചാമുണ്ട, ൧൨. ആവട്ടിപ്പുത്തൂർ ഇങ്ങിനെ ഗ്രാമം ൧൨ പുണ്യാറ്റിന്നു തെക്ക് കന്യാകുമാരിക്ക് വടക്ക് ഗ്രാമം ൧0: ൧. കിടങ്ങൂർ, ൨. കാടുകറുക, ൩. കാരനെല്ലൂർ, ൪. കവിയൂർ, ൫. ഏറ്റുമാനൂർ, ൬. നിർമ്മണ്ണു, ൭. ആണ്മണി, ൮. ആണ്മലം, അമ്മളം, മംഗലം, ൯. ചെങ്ങനിയൂർ, ൧0. തിരുവില്വായി ഇങ്ങിനെ ഗ്രാമം ൧0. ആകെ ൩൨. ശേഷിച്ച ൩൨ ഗ്രാമം പഞ്ചദ്രാവിഡന്മാരിൽ പോയിക്കളഞ്ഞ് വന്ന പഴന്തുളുവർ എന്നും തുളു നമ്പികൾ എന്നും പേരുള്ളവർ അവരും അതിൽ കൂടി ചേർന്നവരും പണി ചെയ്തു “ഞാൻ ഞാൻ മുപ്പത്തു രണ്ടിൽ കൂടും” എന്നിട്ടു പരദേശത്താചാരങ്ങളെ നടത്തി, അവരുമായി കൊള്ളക്കൊടുക്കയും തുടങ്ങി, പരദേശത്തെ രാജാക്കന്മാരെ അടക്കി, അവരുടെ കോയ്മ നടന്നു പോയി, ഒരൊ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു, പല പല ഗ്രാമങ്ങളിൽ വന്ന ഓരൊ പേരുമിട്ടു. ഇങ്ങിനെ ഗ്രാമം എന്നു വേണ്ട; ബഹു വിധമായുണ്ടു സത്യം ഇങ്ങിനെ ആകുന്നതു.