ഇങ്ങിനെ ഉള്ള ചേരമാന്നാട്ടിൽ ഉദയവർമ്മൻ കോലത്തിരി വടക്കമ്പെരുമാൾ കിരീടപതിയും, കേരളാധിപതിയും, എന്നു കല്പിച്ചു. തൊള്ളായിരത്തനാല്പത്തുനാല ഇല്ലത്തിൽ ൩൫0000 നായർ വളഭട്ടത്ത് കോട്ടയുടെ വലതു ഭാഗത്ത മുതുകുനിവിർന്നു ചുരിക കെട്ടി, ചെകിച്ചു സേവിച്ചു കാണ്മാന്തക്കവണ്ണം കല്പിച്ചു, പെരുമാളുടെ കട്ടാരവും കൊടുത്തു. വെന്തൃക്കോവിലപ്പന്റെ അംശം മേല്പെടുക്കേണം എന്ന് കൽപ്പിച്ചു, പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ് ഗൃഹത്തിൽ നായകനമ്പൂതിരിപ്പാട്ടിലെ വരുത്തി, ദേവന്റെ അംശം നടത്തുവാനാക്കി, ദേവന്റെ അരിയും ചാർത്തി രാജ്യാഭിഷേകം കഴിപ്പിച്ചു. കോലസ്വരൂപത്തിന്റെ മാടമ്പികളായ ചുഴന്നകമ്മൾ ചുഴലി എന്നും നേർവെട്ടകമ്മൾ എന്നും രണ്ടു നമ്പ്യാർക്ക് ൧൨ കാതം വഴി നാട്ടിൽ ഇടവാഴ്ച സ്ഥാനവും ആയിരത്തിരുനൂറീത് നായരെയും കൊടുത്തു. ഉദയവർമ്മനെ അനുഗ്രഹിച്ചു “വരുവിൽ ഇളങ്കൂറു വരായ്കിൽ ചേരമാൻ പട്ടം മേൽക്കോയ്മ സ്ഥാനവും” എന്നരുളി ചെയ്തു “ഇങ്ങിനെ മേൽപ്പെട്ടു ൧00 കൊല്ലം വാഴ്ച വാണോളുക പിന്നെ വമ്പനു വാഴുവാനവകാശം” എന്നും കൽപ്പിച്ചു. തെക്ക് കുലശേഖരന്റെ സ്വരൂപമായ വെണ്ണാടടികൾക്ക് ൩൫0000 നായരെ കൽക്കുളത്തകോട്ടയുടെ വലതുഭാഗത്തു ഓമന പുതിയകോവിലകത്ത് ചുരിക കെട്ടി, ചെകിപ്പാന്തക്കവണ്ണം നാടുകോയ്മ സ്ഥാനവും ഒണനാടും വെണനാടോട് ചേർത്തും കല്പിച്ചു കൊടുത്തു. കോലസ്വരൂ പത്തിൽ നീ തുണയായിനിന്നു അർത്ഥം ചിലവിട്ടുകൊൾക എന്നരുളിചെയ്തു കൂവളരാജ്യത്തിങ്കൽ വാഴുവാൻ കല്പിക്കുകയും ചെയ്തു. രണ്ടു സ്വരൂപത്തിന്നും ഇന്നും തമ്മിൽ പുലസംബന്ധമുണ്ടു. വളരെ വസ്തുവും കൊടുത്തു ചിത്രകൂടം രക്ഷിപ്പാനും കൽപ്പിച്ചു. പിന്നെ സൂര്യക്ഷത്രിയന്നു ൫൨ കാതം നാടും വളരെ പുരുഷാരവും ൧൮ മാടമ്പികളും ൪൮ കാര്യ്യക്കാരെയും കല്പിച്ചുകൊടുത്തു, പെരിമ്പടപ്പ എന്ന പേരും വിളിച്ചു. കാര്യ്യക്കാരിൽ ബാല്യത്തച്ചൻ മുമ്പൻ എന്നറിക; അവർ യുദ്ധത്തിന്ന് ഒട്ടും കുറകഇല്ല.