തമ്പുരാക്കന്മാരുടെ കാലം: 

 

താമൂതിരി പൊലനാടടക്കിയതു

മലയാളഭൂപതിമാരിൽ വിശേഷം പ്രതി കുന്നല കോനാതിരി രാജാവ് കുന്നിന്നും ആലുക്കും അധിപതി എന്നു മല വഴിയും വരുന്ന ശത്രുക്കളെ നിർത്തുക കൊണ്ടത്രെ പറയുന്നതു. കുന്നലകോനാതിരി പൊലനാട്ട് ലോകരെയും തനിക്കാക്കി കൊൾവാൻ എന്ത് ഒരുപായം എന്ന് നിരൂപിച്ചു, പന്നിയങ്കര വാതിൽ മാടത്തിൽ ഇരുന്നു, ചരവക്കൂറ്റിലും പുതുക്കോട്ട കൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചു വരുത്തി, നിങ്ങൾ ഞങ്ങൾക്ക് ബന്ധുവായിരിക്കേണം (തുണയായി നില്ക്കയും വേണം) എന്നാൽ അങ്ങിനെ തന്നെ എന്നു കൈ പിടിച്ചു സമയം ചെയ്തു ചരവക്കൂറ്റിൽ മുല്പട്ട വെട്ടമുടയ കോവിൽ പാട്ടിനു( ൫000 നായർക്ക് പ്രഭു) പയ്യനാട്ട നമ്പിടിക്ക് ൫000നായർ, മങ്ങാട്ട് നമ്പിടിക്ക് ൧൨നായർ, മുക്കടക്കാട്ട് ൩ താവഴിയിലും കൂടി ൫00 നായർ (൫000), പെരിയാണ്ട മുക്കിൽ കിഴക്കെ നമ്പിക്ക് ൧000 നായർ ഇത് ഒക്കയും കൂട്ടക്കടവിന്നു പടിഞ്ഞാറെ ചറവക്കൂറായിട്ടൂള്ളത്. ഇനി പുതുക്കോട്ട കൂറ്റിൽ കാരണപ്പെട്ട തിരുമലശ്ശേരി നമ്പൂതിരി പാട്ടിന്നു ൩000നായർ, മാണിയൂർ നമ്പിടിക്ക് ൧00, കൊഴിക്കൊല്ലി നായർക്ക് ൩00, പെരിയാണ്ടുമുക്കിൽ പടിഞ്ഞാറെ നമ്പിടിക്ക് ൫00, കൊട്ടുംമ്മൽ പടനായകൻ ൩00, ഇരിക്കാലിക്കൽ അധികാരൻ ൩00, ഇതൊക്കെയും കൂട്ടകടവിന്നു പടിഞ്ഞാറെ പുതുക്കോട്ടക്കൂറ്റിലുള്ളതു. നെടുങ്ങനാടുമീത്തൽ തെക്കും കൂറ്റിൽ കർത്താവു ൧00 നായർ, കാരക്കാട്ടു മൂത്ത നായർ ൧000, വീട്ടിയക്കാട്ടു പടനായർ ൩00, വീട്ടിക്കാട്ടെ തെക്കനായർ ൧00, ഇതും തെക്കും കൂറു കൂട്ടുകടവിന്നു കിഴക്കെ നെടുങ്ങനാട്ടിന്നു മീത്തൽ വടക്കൻ കൂറ്റിൽ കർത്താവു ൧00, കരിമ്പുഴ ഇളമ്പിലാശ്ശേരി നായർ ൩00, കണ്ണന്നൂർ പടനായർ ൫00, നെടുങ്ങനാടു പടനായർ ൩00, തെക്കങ്കൂറ്റിൽ വടക്കന്നായർ ൩00, മുരിയലാട്ട നായർ ൩00, ചെരങ്ങാട്ടു കുളപ്പള്ളി നായർ ൩00, മുളഞ്ഞ പടനായർ ൩00, മങ്കര ൫00, വെണ്മണ്ണൂർ വെള്ളൊട്ടു അധികാരൻ ൧00, കുഴൽ കുന്നത്തു പുളിയക്കോട്ടു മൂത്തനായർ ൫00, കൊങ്ങശ്ശേരി നായർ ൧00, ആലിപ്പറമ്പിൽ മേനൊൻ ൧00, മേലെതലപാർക്കും കെളനല്ലൂർ തലപാർക്കും കൂടി ൫00, അതുവും കൂടി കുതിരപട്ടത്തനായർ ൫000, വെങ്ങനാട്ട് നമ്പിടി ൧000, മാച്ചുറ്റിരാമൻ ഉള്ളാടർ ൧000, വടകരെ കൂറ്റിൽ പിലാശ്ശേരിനായർ ൫0, ഇങ്ങിനെ ഉള്ള ഇടപ്രഭുക്കന്മാരും മാടമ്പികളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ താമൂതിരി തൃക്കൈക്കുടക്കീഴ്, വേലയാക്കി, പുതുക്കോട്ടകൂറ്റിൽ ഉള്ളവർ (എറനാട്ടു) ഇളങ്കൂറുനമ്പിയാതിരി തിരുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ് വേലയാക്കി, പുരുഷാരവും അടുപ്പിപ്പൂതും ചെയ്തു. പന്നിയങ്കര ഇരുന്നരുളി നാലു പന്തീരാണ്ടു കാലം പൊരളാതിരി രാജാവോട് കുന്നല കോനാതിരി പട കൂടുകയല്ലൊ ചെയ്തു. പൊലനാടു മുക്കാതം വഴി ൭൨ തറയും ൧0000 നായരും അതിൽ ൩ കൂട്ടവും ൩൨ തറവാട്ടുകാരും ൫ അകമ്പടിജനവും (ഒരമ്മ പെറ്റ മക്കൾ, ഒരു കൂലിച്ചേകം, ഒരു ചെമ്പിലെ ചോറ്, ഒരു കുടക്കീഴിൽ വേല) ഇങ്ങിനെ അത്രെ പൊരളാതിരി രാജാവിന്നാകുന്നതു.