൪ ഏടവകയും മറ്റും ഉണ്ടാവാൻ കാരണം: ദേവജന്മം ജനിച്ചുള്ളവർ ൩0000 നായരെ ചേരമാൻ പെരുമാൾ കുറുമ്പിയാതിരിയുടെ ചേകവരാക്കി കുറുമ്പ്രനാട്ടു കൊണ്ടുവെക്കയല്ലെ ചെയ്തതു. ശേഷ ൬൪ ഗ്രാമത്തിലുള്ളവർ പൊലനാടു വാങ്ങേണം എന്നു മുമ്പിനാൽ കുറുമ്പിയാതിരിയോടു കല്പിച്ചു. അനന്തരം കുന്നലകോനാതിരിക്ക് കൊടുക്കേണം എന്നു കല്പിച്ചു യോഗത്തിന്നു ൪ നായന്മാരെ കൽപ്പിച്ചയക്കയും ചെയ്തു. അവർ ചെന്നു അവസ്ഥ പറഞ്ഞു കുറുമ്പിയാതിരിയെ തടുത്തു പാർത്തതിന്റെ ശേഷം അവരെ തന്റെ വിധേയന്മാരാക്കി, അവർക്ക് ൪ എടവകയും കല്പിച്ചു കൊടുത്തു, കോയ്മ സ്ഥാനവും കൊടുത്തു; ഒന്നു പയർമ്മല എടവക (പൈയർമല മുക്കാതം വഴിനാടും, ൫00 നായരും മുന്നില്ലം വാഴുന്നവരും(ന്നോലും) പയ്യർ മലസ്വരൂപവും ൬0 തറയും ൫ മനയും ൫ കുളവും) പിന്നെ ഉള്ളൂർ എടവക പിന്നെ നിടിയനാട്ട എടവക, പിന്നെ പുഴവായിടവക എന്നിങ്ങനെ അവർ അങ്ങുചെല്ലാഞ്ഞതിന്റെ ശേഷം, നാലെട്ടു ൬൨ആളെ കല്പിച്ചയച്ചു. അവരും ചെന്നു കറുമ്പിയാതിരിയെ തടുത്തു പാർത്തതിന്റെ ശേഷം,അവർക്കും ഓരോ സ്ഥാനവും വസ്തുവും കൊടുത്തു. (൩൨ തറവാട്ടുകാരാക്കി) അവരും അങ്ങു ചെല്ലാത്തതിന്റെ ശേഷം ൧൨00 ആളെ (നാശം ചെയ്തു) മരിപ്പാന്തക്കവണ്ണം കല്പിച്ചു യോഗത്തിങ്കന്നു, അവരെയും വിധേയമാക്കി അവർക്കു “൧൨00 തറയിൽ നായർ വാഴ്ചയായിരുന്നുകൊള്ളു” എന്നു കല്പിച്ചു കൊടുത്തു, കറുമ്പിയാതിരി, “ഇനി എന്തുവേണ്ടു” എന്ന് വിചാരിച്ചു പ്രഭാകരക്കൂറ്റിൽ കിഴിനിയാരെ (കൂഴിനിയാരെ) ബ്രാഹ്മണ യോഗേന കല്പിച്ചയക്കയും ചെയ്തു. അവരും ചെന്നു പാർത്തു നീരാട്ടുകളി മുട്ടിച്ചതിന്റെ ശേഷം, മുപ്പത്താറു കാതത്തിലും മറു സംഘം വേണ്ടാ. നിങ്ങൾ അടക്കി ക്കൊണ്ടു ഇങ്ങ് രക്ഷയായിരിക്കേണം എന്നു കല്പിച്ചു നിർത്തുകയും ചെയ്തു. അതുകൊണ്ടു കറുമ്പ്രനാട്ടു മറു സംഘമില്ല എന്നു പറയുന്നു.

അവർക്ക് വേട്ടക്കരുമകൻ പരദേവതയായിവന്ന കാരണം പൂന്തുറക്കൊൻ പൊലനാടടക്കം ചെയ്തതിന്റെ ശേഷം കറുമ്പനാടടക്കം ചെയ്‌വാനായിക്കൊണ്ട് യുദ്ധം ചെയ്തിരിക്കും കാലം നേടിയിരിപ്പോടാവതില്ല എന്നു കല്പിച്ചു തളിപ്പറമ്പത്തു ചെന്നു ഭഗവാനെ ഭജിച്ചിരുന്നു. അന്നു കുറുമ്പിയാതിരിക്ക് ഭഗവാന്റെ ദർശനമുണ്ടായി “രാജാവ് ഇനി ഒട്ടും വൈകാതെ പോക വേണ്ടും, നിടിയിരിപ്പോട് തടുത്തു നില്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ വരികയും ചെയ്യും. ആളെ മുന്നിർത്തിനടത്തിക്കൊണ്ടാൽ മാറ്റാനെ നൃത്തി നാടും സ്വരൂപവും കാത്തുരക്ഷിച്ചുകൊള്ളും” എന്ന ദർശനം കാട്ടി അയക്കയും ചെയ്തു. ഇങ്ങു വന്നു തിരുമൂപ്പു കിട്ടി കാട്ടി അയക്കയും ചെയ്തു. ഇങ്ങുവന്നു തിരുമൂപ്പു കിട്ടിവാഴ്ച കഴിഞ്ഞു (വലം വെച്ചു) അരി അളപ്പാന്തുടങ്ങുമ്പോൾ, ചേകവനായി ചെന്നു മടിപിടിച്ചു, അരിവാങ്ങി കാരാകൊറെനായരെ കൈ പിടിച്ചു മുമ്മൊഴി ചൊല്ലിച്ചു പാലച്ചേരിക്കോട്ടയിൽ കുടിയിരിക്കുന്ന നാടും സ്വരൂപവും കാത്തുരക്ഷിച്ചു, മഹാലോകർക്ക് വരുന്ന അല്ലലും മഹാവ്യാധിയും ഒഴിച്ചു സംഘത്തെ പരിപാലിച്ചു വഴിപോക്കർക്ക് അന്നദാനവും ചെയ്തിരിക്കുന്ന ഒരു വേട്ടക്കരുമകൻ എന്നറിക.

പുഴവായിടവക മുക്കാതം വഴിനാടും ൩000 നായരും മതിലാഞ്ചേരി സ്വരൂപത്തിൽ ൧0 അമ്മൊന്മാരും, ൪൨ ഇല്ലത്തിൽ മൂത്തൊൽ എഴുവരും ചാത്തിമംഗലത്തപ്പനും മൂവ്വന്തിക്കാളിയും അറയിൽ ഭഗവതിയും ഇരഞ്ഞൊൻ, വെള്ളുവശ്ശേരി, ൨ ഇല്ലം വാഴുങ്കത്താർക്കന്മാരും തെക്കിടം വടക്കിടം ൨ താവഴിയിൽ കർത്താക്കന്മാരും (പൂന്തുറയിൽ അമ്മവാഴ്ചയും അടിപരത്തി ഇടവും) ഇങ്ങിനെ ഉള്ള പുഴവായിൽ നിന്നു ചാലയിൽ ഭഗവതിക്ക് വിളക്കിന്നും ചിലവിന്നും മുതൽ വരേണ്ടുന്നതു വരായ്ക്ക കൊണ്ടു “വിളക്കും ചിലവും മുട്ടി പാർത്തിരിക്കുന്നു” എന്നു കല്പിച്ചു, കോയ്മയിൽ നിന്നു ആളെ അയച്ചു. പുഴവായിടവകയിൽ മേൽകോയ്മ ചൊല്ലി(ഇടഞ്ഞപ്പോൾ) വിലക്കി നാശം ചെയ്തവാറെ, ചെന്നു മുടക്കി അവരെ വെട്ടിക്കൊന്നു അന്നു എരുമത്തടത്തിൽ ഉണിത്തിരിയും ഏതാനും ചേകവരും “നാടടക്കി യോഗ്യം വേണം” എന്നിട്ട് അവർ മദിച്ചു കൂടി. അന്നു ൧൮ എടപ്പാട്ടിലും യോഗ്യായോഗ്യം കഴിച്ചു. അനന്തരം വടക്കും തലക്കാർ എത്തി പുരപ്പുല്ലിട്ടു (കാണ) കേൾക്കാകുന്നെടത്തോളം ചുട്ടു, അതു ഹേതുവായിട്ടുണ്ടായിരിക്കുന്നു; കണ്ടൻപാലത്തു കണ്ടിയിൽ പട അന്നു ഇടവകയിൽ ലോകരും കർത്താക്കന്മാരും ഒരുമിച്ചു നിരൂപിച്ചു ൧0000ത്തെ കണ്ടു ചേർന്നിരിക്കുന്നു. അന്നു വേരൻപിലാക്കുന്നു കൈപിടിച്ചു കൂട ഇരുത്തി, അതു കൊണ്ട് ൧0000ത്തിൽ മുവ്വായിരമാകുന്നു. ആ ൩000 വടക്കമ്പുറത്തെ ലോകരും തങ്ങൾക്ക് വിധേയമാക്കി കിഴക്കമ്പുറത്ത് ലോകരും മുവ്വായിരത്തിന്റെ പക്ഷം തിരിഞ്ഞു പോർനിലത്തേക്കു ബന്ധുവായിരിക്കുന്നു. അതു കൊണ്ടു കണ്ടമ്പാലത്തു കണ്ടിയിൽ പടെക്ക് ൨ പക്ഷവും നിന്നു വേല ചെയ്യുന്നു. ൧0000ത്തിലുള്ള ലോകർ എന്നറിക; (അങ്ങിനെ തന്നെ ഓരോരു നാടു പിടിച്ചവാറെ, ഇങ്ങമർന്നു, അതു കൊണ്ടു ൩000 ഉണ്ടായി.