V

വരുന്നു ദൂരെനിന്നു കങ്കാളമൊ,ന്നസ്സത്വം
പുരുഷാകാരത്തിന്റെ പുത്തനാം വിഡംബനം
പാഴ്മദ്യച്ചേറ്റിൽത്താണു പാതിയുംമണ്ണായ്പ്പോയൊ–
രാമർത്ത്യൻ ഭദ്രൻ പേരാ,ലഭദ്രൻ ശീലത്തിനാൽ
വിജ്ഞർക്കു ഹാലാഹലം ഹാല; പാണിനീയത്തിൽ
യജ്ഞദത്തനെച്ചൊല്ലാം യജ്ഞനെന്നില്ലേ വിധി?
പേയമാകയാലതു പേയനയ്, ലോകത്തിന്നു
ഹേയനായ്പ്പോയാൻ, പണ്ടു ഗേയനായ് വാണോരവൻ.
ആടിയും കറങ്ങിയും പാടിയും രജസ്സാൽ മെയ്–
മൂടിയും വരികയാണമ്മധുപാഗ്രേസരൻ
ചാലമേൽ നിന്നക്കാഴ്ച കണ്ടിടും മരങ്ങൾക്കു
ചാലവേ മലർമിഴി കണ്ണീരിൽ മുഴുകവേ,
പാപിക്കു മാർഗ്ഗം കാട്ടും ജീവി, യേതധോലോകം
പ്രാപിക്കുമെന്നോർത്തധ്വദീപങ്ങൾ നടുങ്ങവേ;
കളയുന്നല്ലോ ഭവാൻ നൃ-ജന്മമെന്നങ്ങിങ്ങു
കിളിക്കുഞ്ഞുങ്ങൾപോലും കൃപയാൽ കഥിക്കവേ;
ക്രമമില്ലതെ ദുർവാക്കെപ്പോഴുമുരച്ചാലും
ക്ഷമയെക്കൂടെക്കൂടെയവലംബിക്കുന്നവൻ,
അലയാഴിതാൻ രഥ്യ; തനിക്കല്ലതിനത്രേ
നിലയില്ലായ്കയെന്നു നിനച്ചു നീന്തുന്നവൻ;
ശണ്ഠവേണ്ടവതമ്മിലെന്നോർത്തു പന്ഥാവിന്റെ
രണ്ടുവക്കിലുംകൂടി നടപ്പാൻ കൊതിപ്പവൻ;
കേവലം നീലാംബരൻ; വ്യോമത്തിലദൃശ്യനാം
രേവതീരമണനെപ്പോരിനായ് വിളിപ്പവൻ;
നെറ്റിനെഞ്ഞിവയ്ക്കുമേൽ റോഡ്ഡിലെച്ചരൽക്കല്ലു
പറ്റിച്ച ചെങ്കുങ്കുമപ്പൊട്ടിനാൽ വിളങ്ങുവോൻ;
എത്തിനാനൊരു മട്ടിലിഴഞ്ഞു തന്മാടത്തിൽ-
ശക്തിയ,ല്ലശക്തിതാൻ പൂജയാൽ പ്രസാദിച്ചോൻ.

VI

കൂലിവേലയ്ക്കണവൻ പോയതു പുലർച്ചയ്ക്കു;
ശീലിച്ചോൻ ശീലിക്കാത്തതൊക്കെയും വറുതിയാൽ.
അന്നന്നു പണിയെടുത്ത്ഞ്ചാറു പണം നേടും;-
മന്നന്നദ്രവ്യം മദ്യദ്രാവകം ദ്രവിപ്പിക്കും

 

ഇരന്നോ വേലചെയ്തോ വല്ലമട്ടിലുമന്തി-
ക്കരക്കഞ്ഞിക്കുള്ളരി, യവൻതൻ വധു നേടും;
അതുകൊണ്ടഹർവൃത്തികഴിക്കും രണ്ടാളും, തൻ
നിധിയാം കിടാവിനെത്തയയാൾ പോറ്റുംതാനും.
അമ്മട്ടിൽക്കാലംപോകെ വീഴ്കയായൊരുനാളി-
ലമ്മങ്ക ദീനപ്പായിൽ;-പായേതു?-പുതുമണ്ണിൽ
അന്നു കാലത്തു കാന്തൻ വേലയ്ക്കു പ്പോകെസ്സാധ്വി
ചൊന്നാൾ: “ഹാ! ഭർത്താവേ! ഞാൻ രോഗാർത്ത-യായേനല്ലോ
ഇന്നത്തെക്കഴിച്ചിലിന്നെന്തൊരുവഴി? നമ്മൾ-
ക്കൊന്നുമില്ലല്ലോ കൈയിലൊക്കെയും പൊയ്പോയല്ലോ
ഇന്നങ്ങു നേടും കൂലികൊണ്ടു വല്ലതും വാങ്ങി
വന്നീടേണമേ തിരിച്ചങ്ങാണെ! ദൈവത്താണെ!
കുട്ടിയൊന്നില്ലേ നമു,ക്കല്ലെങ്കിലതിൻകാര്യം
പട്ടിണിയായിപ്പോമേ! പാവത്തെ മറക്കൊല്ലേ!
വരണേ നാഥനന്തിമയങ്ങുംമുൻ-പെ” ന്നോതി-
ക്കരയും കല്യാണിയിൽ കണ്മിഴി പകരാതെ!
“വരട്ടേ; നോക്കാ, മൊരുകുപ്പിയിങ്ങു, ണ്ടിന്നത്തേ-
യിരവിന്നതുപോരുമെന്നു ഞാൻ പക്ഷേ വയ്ക്കാം
കേറാതെ കഴിക്കണം ഷോപ്പിൽ; എൻകാലോ പിന്നിൽ
നൂറാനവലിച്ചാലുമങ്ങോട്ടേ പായൂതാനും
എന്തൊരു ശനി-ബാധ-മാരണം-ആട്ടേ, നോക്കാ–
മന്തിയോടടുക്കട്ടെ, യപ്പൊഴല്ലയോ വേണ്ടു?”
എന്നുരചെയ്തുപോയ, പതിയെക്കാത്തുംകൊണ്ടാ–
ണവൾ നിൽക്കുന്നിണ്ടി-തു വാതിൽക്കൽ കിടാവുമായ്
ആശയും നൈരാശ്യവുമങ്ങിമിങ്ങുമായ് നിന്നു
വാശിയിൽ വടംവലി നടത്തും ഹൃത്തട്ടുമായ്
നിൽക്കുവാനാമായിട്ടു നില്പതല്ലങ്ങസ്സാധു
കൈക്കുഞ്ഞു കരയുവോൾ; കർത്തവ്യം കണ്ടീടാത്തോൾ