VII

വന്നുവന്നീല കാന്തൻ തന്മുന്നിൽ, ഉടൻ ചാടി
തന്വിതൻ മിഴിയിണയവൻതൻ കൈരണ്ടിലും;
ത്സടിതി പിന്നെപറ്റിപ്പിടിച്ചുകേറീ പാഞ്ഞു
മടിയിൽ-തോർത്തിൻ തുമ്പിൽ-കക്ഷത്തിൽ-ചുമൽപ്പാട്ടിൽ;
ഉത്തമാങ്ഗത്തിലെത്താൻ നടുങ്ങി, മുഖത്തിങ്കൽ
സ്തബ്ധമായല്പംനിന്നു തറമേൽ താനേവീണു
ശൂന്യമാണശ്ശരീരം മുഴുവ,നൊരു ചെറു–
ധാന്യത്തിൻ നിഴല്പോലുമങ്ങതിൽ തട്ടീട്ടില്ല!
ഓതിനാൾ ഹതാശയായ് സാധ്വിയാൾ “അയ്യോ!- രാത്രി
പാതിപോയല്ലോ! കുഞ്ഞു പട്ടിണിക്കൂടായല്ലോ!

 

അങ്ങയാമിലവിനെക്കാത്തല്ലോ ഞാനുംകിളി;
എങ്ങനെ കഴിയേണ്ടൂ മേല്വരും യാമം രണ്ടും?
എന്തിപ്പോൾ ചെയ്യേണ്ടൂ ഞാ;നെങ്ങുചെന്നിരിക്കെണ്ടൂ!
വെന്തിടുന്നല്ലോ മനം; ഭർത്താവേ! ഹാ! ഭർത്താവേ!
എന്നാഥ , നിപ്പൈതലിന്നച്ഛ; നങ്ങൊരു പുമാ,–
നെന്നാലിക്കുഞ്ഞ, ങ്ങയാൽ ഞാനു, മിമ്മട്ടായല്ലോ!
എന്നുരച്ചവശയായ് നിൽക്കുമാസ്സതിതൻ വാ–
ക്കൊന്നുമാബ്ഭൂതത്തിന്റെയുള്ളത്തിലേറുന്നീല.
ഏതു ഭർത്താവ്, ഭാര്യ, പൈതൽ, പട്ടിണി രാത്രി–
യോതുവാനില്ലങ്ങോന്നു മൊക്കെയും പരബ്രഹ്മം.
ഓതിനാൻ ഭദ്രൻ: “ഏതു രാവെടീ നട്ടുച്ചയ്ക്ക്?
നീ തനിക്കമ്പക്കാരി, യല്ലെങ്കിൽ കുടിച്ചവൾ.
രാവേതു പകലേതു നീയേതിക്കിടാവേതി–
ങ്ങീവേളയേത് ഞാനേതോർക്കുന്നോ? കളിക്കുന്നോ?
പണ്ടാരംവയ്ക്കട്ടെ നിൻ പട്ടിണിപ്പാടും നീയു,–
മുണ്ടാക്കീടുന്നോ കൊലപാതകം? ദൂരെപ്പോടീ!
അല്ലെങ്കിൽ വാടീ!തൊണ്ടയ്ക്കകത്ത് തീ കത്തുന്നു;
വല്ലതും കൊണ്ടുവാടീ വായൊന്നു നനയ്ക്കുവാൻ.
ഇങ്ങുവാ പൊന്നേ! കണ്ണേ! കൊണ്ടുവാ! വാവാ! വേഗം;
എങ്ങെടീ എങ്ങെങ്ങെടീ? എങ്ങെങ്ങെങ്ങെടീ കുപ്പി?
വേണമിക്ഷണം കുപ്പി – കുക്കുപ്പി – കുക്കുപ്പിപ്പി–
യാനന്ദം നിത്യാനന്ദ; മാനന്ദം ബ്രഹ്മാനന്ദം!
കൊണ്ടുവാ പോയ്ക്കൊണ്ടുവാ; കൊണ്ടുകൊണ്ടുവാ”യെന്നു
ശണ്ടകൂടുന്നു പാപി ശാപഗ്രസ്തനെപ്പോലെ.
പാടവം പാവത്തിനേതമ്മട്ടിൽ മുന്നിൽക്കേറി-
“ക്കോടയിൽ കുളിച്ചവൻ” കോമരം തുള്ളിടുമ്പോൾ?

VII

പറന്നുപോയീ ദൂരെ പ്രത്യുല്പന്നമാം മതി;
കറങ്ങീ കീഴ്മേൽമറിഞ്ഞുഴിയും ഗഗനവും;
ഒന്നുമേ തോന്നീലാദ്യമുത്തരമോതാൻ; ഉണ്ടായ്‌
പിന്നെയസ്സതിക്കൊരു ഭീമമാം ഭുതാവേശം.
“കുപ്പിയോ? ഹാ! ഭർത്താവേ! പിന്നെയും? തരട്ടെ ഞാൻ.
കുപ്പിയൊ,ന്നെനിക്കങ്ങു നൽകിയ തങ്കക്കുപ്പി?
രക്ഷസ്സ,ങ്ങർദ്ധരാത്രിയീവേള, മനസ്സെങ്കിൽ,
രക്ഷിക്കാമിക്കുപ്പിയെ-യല്ലെങ്കിലുടച്ചിടാം.
കൈവളർത്തട്ടേ ശാന്തിയങ്ങേയ്ക്കീദ്ദഹത്തിന്നു
ഹാ! വിവേകമോ കുഞ്ഞിൻമാറിലെചെഞ്ചോരയോ?
ഈമട്ടിലൊരു നിശയിനിമേൽ ഞാൻ കണ്ടിടൊ–
ല്ലീമട്ടിലൊരുനില വരുത്തൊല്ലാർക്കും വിധി!

 

എന്നോതി നൈരാശ്യത്തിൽത്തന്നെത്താൻ മറന്നവൾ
തന്നോമൽക്കിടാവിനെ-തൻ പ്രേമഭണ്ഡാരത്തെ-
മദ്യമത്തനായ് മഹാക്രുദ്ധനായ് നിൽക്കും തന്റെ
ഭർത്താവിൻ കരത്തിങ്കൽ-കാലദംഷ്ട്രയിൽ-ചേർത്താൾ
മുടിമുത്തുതാൻ വത്സേ! മുഗ്ദ്ധകൾക്കു നീ; ഹന്ത!
ചുടലച്ചെന്തീയിലിത്തുമ്പപ്പൂവർച്ചിച്ചല്ലോ!
“കുപ്പിയോ? കൊള്ളാമെടി! നല്ലകുപ്പിയിക്കുപ്പി!”
ആപ്പിശാചേവമോതിപ്പൈതലിൻ കഴുത്തിങ്കൽ
കോർക്കടപ്പെടുക്കുവാൻപോലവേ കൈവയ്ക്കുന്നു;
മേൽക്കുമേൽ വാവിട്ടേങ്ങിപ്പൈതലും കരയുന്നു.
തയ്യലാൾ “ചതിക്കൊല്ലേ! കുഞ്ഞിനെക്കൊല്ലല്ലേ”യെ-
ന്നയ്യവും വിളിയുമായ് താണുകേണിരിക്കുന്നു.

IX

വൈതരണ്യഭിഖ്യാമാറ്റിലെക്കലുഷാംബു;
യാതനാലോകത്തിലെത്തപ്തസീസകുദ്രവം;
മർത്ത്യനെത്തിര്യക്കാക്കും പൈശാചരസായനം;
ബുദ്ധിക്കു സദ്യോമൃത്യു നൽകിടും പടുക്ഷ്വേളം;
ദാഹത്തെ വർദ്ധിപ്പിക്കും മൃഗതൃഷ്ണികാരസം;
മോഹമാം ധൂമദ്വജന്നാഹുതിക്കുള്ളോരാജ്യം;
ശീലത്തിൻ പിണ്ഡക്രിയയ്ക്കുതകും തിലോദകം;
കാലനൂരിലേയ്ക്കുള്ള മോട്ടോറിൻ പെട്രോൾത്തൈലം
പാട്ടിലെത്തുവോർക്കാപത്തേകുന്ന മധുപർക്കം;
ജ്യേഷ്ഠതൻ വിശ്വാധിപത്യാഭിഷേചനതീർത്ഥം;
കീർത്തിസൗധത്തിൽ ശനി വീഴ്ത്തിടും പാഴ്ത്താർമഷി;
ധൂർത്തനാം കലിക്കുള്ള ദുർജയം വരുണാസ്ത്രം;
ഇത്തരം മറ്റെന്തുള്ളു മാനുഷർക്കനർത്ഥമായ്
മദ്യമേ! സർവ്വത്തിലുമാദ്യന്തമവദ്യമേ?
ശ്രീകൃഷ്ണൻ താങ്ങായ്‌നിന്ന യാദവവംശത്തിനെ
നീ കൃതാന്തത്വം പൂണ്ടു നിശ്ശേഷമൊടുക്കീലേ?
പീതങ്ങൾ നിൻബിന്ദുക്കളോരോന്നുമുദന്വാനായ്
പ്രേതസ്വർല്ലോകങ്ങൾക്കു മദ്ധ്യത്തിൽ മർത്ത്യൻ കാണ്മൂ.
പരിചിൽ സരസ്സിലുമാറ്റിലും കിണറ്റിലു–
മരിമപ്പളുങ്കൊളിത്തെളിനീർ തിളങ്ങവേ;
ചെറുനാരങ്ങ–രസപ്പൊന്നുണ്ട–കടതോറും
വരുവിനെന്നു നമ്മെത്തന്മെയ്യാൽ വിളിക്കവേ;
വിടർന്ന മലർതോറും പറന്നു തേനീച്ചകൾ
മടുത്തേനീട്ടിക്കൂട്ടി നമുക്കു നൽകീടവേ,
പച്ചപ്പുൽ തിന്നീടുന്ന പശുക്കളകിടിനാൽ
മെച്ചമാം പാൽ ചുരത്തിതൊഴുത്തിൽ നിന്നീടവേ;

 

തെങ്ങുകൾ പച്ചക്കുടനിഴലിലിളനീരു
തങ്ങും തൻ ശിരസ്സുകൾ നമുക്കായുയർത്തവേ;
ദുർഗന്ധത്തിന്നു നാറും-ദുസ്സ്വാദിന്നോക്കാനിക്കും-
ഇക്കെടുമരവെള്ളം മർത്യനും മോന്തുന്നല്ലോ!
ഹന്ത! ലോകോപകാരവ്രതിയാം കേരത്തിന്റെ
കണ്ഠത്തിൽ ചെത്തുകത്തി ഘാതകനിറക്കുന്നു;
അന്നന്നു കഴുത്തറുത്തന്നന്നു നിണംചാടി–
ച്ചന്നന്നു തഞ്ചുണ്ണാമ്പുമൺപാത്രം നിറയ്ക്കുന്നു;
നുരയും പതയുമായ്ച്ചളിച്ചു നാറുന്നൊര–
മ്മരനീർ തീയിൽവാറ്റി, മർത്ത്യജി-ഹ്വയിൽ വീഴ്ത്തി
ധ്വാന്തത്തെപ്പുലർത്തുന്നു മദ്ധ്യാഹ്നത്തിലും; മുഴു–
ഭ്രാന്തശാലയാക്കുന്നു മാതൃഭൂവക്ഷസ്സിനെ!
ഇപ്പണിക്കായോ നരന്നേകിനാനീശൻ ബുദ്ധി-
കല്പവൃക്ഷത്തിൽനിന്നു കാകോളം ചമയ്ക്കുവാൻ?

X

പൈതലിൻ കഴുത്തിങ്കൽനിന്നു തൻ ഭർത്താവിന്റെ
കൈതട്ടിക്കളഞ്ഞിടും സ്വാധിതൻ മിഴിവഴി
നാലഞ്ചു കണ്ണീർക്കണം വീഴുന്നു തുടരെയ-
പ്പാഴൻതൻ കരത്തിലു,മപ്പുറം മാർത്തട്ടിലും;
ഛിന്നഭിന്നമായ്പ്പോയ തദ്ധൃത്തിൻ ഖണ്ഡംപോലെ;
തന്നിളങ്കിടാവിന്റെ നിസ്താരരത്നംപോലെ;
നൈദാഘകാലാന്തത്തിൽ നൽ-വർഷോപലംപോലെ;
ഭൂതോച്ചാടാനക്ഷമം പ്രോക്ഷണീതീർത്ഥംപോലെ.
പെട്ടെന്നു മിന്നൽപ്പിണർ ഹൃത്തട്ടിലേതോ പാഞ്ഞ
മട്ടിൽ തൻകരം കുഞ്ഞിൻ കണ്ഠത്തിൽനിന്നും നീക്കി;
അതിനെക്കൈയിൽ വാങ്ങിയശ്രുപിന്നെയും വാർക്കും
സതിയിൽ ഭദ്രൻ മിഴിയർപ്പിപ്പൂ നിഷ്പന്ദമായ്
നോക്കുക! സഹോദര! നോക്കുക! നിൻ കണ്ണുകൾ
മേൽക്കുമേലാറാടട്ടെയക്ഷംഗാപ്രവാഹത്തിൽ;
നീ തികച്ചുമേ കാൺക നിൻ മുന്നിൽ നിന്നീടുമ–
പ്പാതിവ്രത്യാധിഷ്ഠാനദേവതാവിശേഷത്തെ
ആ വണ്ടു രണ്ടും ചെന്നു പറ്റട്ടേ പുതുതാമി–
ദ്ദേവിതൻ കഴുത്തിലെപ്പിച്ചകപ്പൂമാലയിൽ
സാധ്വിതൻ വക്ഷസ്സെങ്ങും വ്യാപിക്കുമക്കണ്ണുനീർ
പേർത്തും നീ നിന്നെക്കാണും കണ്ണാടിയായീടട്ടെ.
പാർത്തുകണ്ടാവൂ നീയദ്ധർമ്മമൂർത്തിയേയും ത–
ന്മാർത്തട്ടിന്നകം വാഴും നിന്നെയും വേണ്ടുംപോലെ
നിൻപൂർവപുണ്യമാകും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച
ബിംബമാണതിങ്കൽ നീ കാണും നിൻ പ്രതിബിംബം

 

                     I
തന്നക്ഷിക്കാന്ധ്യം നീങ്ങിത്തൻ ഗൃഹശ്രീയെബ്ഭദ്ര–
നന്നത്രേ സാക്ഷാൽക്കരിച്ചാദ്യമായ് ജയിപ്പവൻ;
ഏതു കൂരിരുട്ടിന്നുമൊടുവിലുഷസ്സൊന്നു–
ണ്ടേതു കല്‌പാന്തത്തിനുമഗ്രത്തിൽ കൃതയുഗം.
നന്മതൻ നിഴൽതട്ടും തിന്മയ്‌ക്കു കുശലം താ–
നിമ്മന്നിലിന്നല്ലെങ്കിൽ നാളെയോ മറ്റന്നാളോ.
തൻകല വെൺപക്കത്തിൽ ചന്ദ്രന്നു പരിപൂർണ്ണം;
ഗംഗയിൽ ചേർന്നോരോടപ്പാഴ്‌നീരും ഗംഗാജലം.
ഇല്ലധോബിന്ദുവിന്നു താഴെപ്പോയാർക്കും വീഴ്‌ച;
ചെല്ലുന്നു നാമങ്ങെന്നാൽ പിന്നേടമുയർച്ചതാൻ.
ശുദ്ധമേ നഗ്നമാക്കാൻ ദുഷ്‌ക്കാലം തുടങ്ങുംബോൾ
ഹൃത്തലിഞ്ഞീശൻ കാക്കും; ചേലയും മേന്മേൽ തരും.
നോക്കിനാൽ വീണ്ടും വീണ്ടുമമ്മൃണാളിനിയേയു–
മാക്കൊച്ചുതങ്കത്തെയും തന്നെയും നന്നായ് ഭദ്രൻ.
തൻപുമർത്ഥലക്ഷ്യവും തൻ തൽകാലാവസ്ഥയും
തമ്മിലുള്ളോരു ദൂരമീക്ഷിച്ചാൻ ഭയങ്കരം.
ആവതെന്തയ്യോ! ഹാ! ഹാ! ദൈവമേ? കറങ്ങുന്നു
പാവത്തിൻ തല, കത്തിക്കാളുന്നു കരൾത്തടം;
കുഴഞ്ഞീടുന്നു കഴൽ; മങ്ങുന്നു മിഴി; മേന്മേ–
ലൊഴുകീടുന്നു ചുടുവേർപ്പുനീരുടലെങ്ങും.
ക്ഷണത്തിൽക്കണ്ടക്കാഴ്ച, വെച്ചു കുഞ്ഞിനെത്താഴെ,–
യണയ്‌പൂ തന്മെയ്യുമായ്‌ക്കാന്തനെക്കല്യാണിനി.
ഓമലാൾതൻ പുണ്യാങ്ഗസ്‌പർശത്താലവന്നുള്ളിൽ
രോമരന്ധ്രങ്ങൾതോറുമൂറുന്നൂ സുധാരസം.
താൻ പുനർജ്ജന്മലാഭധന്യനായതുപോലെ
സാമ്പ്രതം വിളങ്ങുന്നൂ സർവതോമുഖപ്രജ്‌ഞൻ
പ്രേമമേ! വിശുദ്ധമാം ഹേമമേ! മോക്ഷാപര–
നാമമേ! യോഗക്ഷേമധാമമേ! ജയിച്ചാലും!