മാറ്

“ഹോയി ഹോയ് ഹോയ്” എന്നൊരാളാട്ടുന്നു വഴിക്കുനി;-
ന്നായതു ചെവിക്കൊൾവീലാഗമിപ്പവനന്യൻ.
“മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലൻ നീ;-
യാരണൻ ഞാൻ” എന്നവർ പിന്നെയും തകർക്കുന്നു.
ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോൻ!
പോകയാണുഷസ്സിന്കൽ ഗംഗയിൽ സ്നാനത്തിനായ് !!
സാമാന്യനല്ലപ്പുമാൻ, സർവ്വജ്ഞൻ, ജിതേന്ദ്രിയൻ,
ശ്രീമച്ഛ്ന്കരാചാര്യരദ്വൈതവിദ്യാഗുരു.
ആയവൻ തർജ്ജിപ്പതോ ലോകബാഹ്യനാമൊരു
നായാടി – ധർമ്മാഭാസം നായാടും വനമൃഗം.
ദുസ്ത്യജം കൂടപ്പിറപ്പായിടും ജാതിദ്ദുർബ്ഭ-
ള്ളത്രമേൽ തനിക്കുതാൻ പോന്നോരാം മഹാന്മാർക്കും.

ii

പുഞ്ചിരിക്കൊണ്ടാവാക്കിന്നുത്തരം ചൊന്നാൻ വന്ന
പഞ്ചമൻ: “ജാതിപ്പിശാചങ്ങെയും വിട്ടീലല്ലോ!
തീണ്ടലോ പരിവ്രാട്ടേ! ജീവിയെജ്ജീവി? ക്കെത്ര-
യാണ്ടുപോയ് ഹാ ഹാ! ലോകമജ്ഞാനച്ചളിക്കുണ്ടിൽ!

 

ഞാനൊന്നും ധരിക്കാത്തോനെന്കിലും ചോദിക്കട്ടെ-
മാനുഷൻ ദേഹത്തിന്കല്ദ്ദേഹിയേപ്പൂണ്മോനല്ലീ?
ഈ രണ്ടിൽത്തീണ്ടേതിന്നു? പാഞ്ചഭൗതികം ദേഹ-
മാരണന്നൊപ്പം തന്നെയന്ത്യജന്നുള്ളോന്നല്ലീ?
താനൊറ്റക്കുശക്കുഴിമൺകുഴച്ചല്ലീ തീർപ്പൂ
മാനുഷർക്കശേഷവും ലോകേശൻ കളേബരം?
പെറ്റിടും മുന്പൊന്നുതാൻ, ചത്തിടും പിൻചെന്നുതാൻ
മറ്റുമിമ്മണ്ണോക്കെയും; തീണ്ടലേതിടയ്ക്കിതിൽ
ദേഹിതോ പിന്നെത്തീണ്ടൽ ദേഹിയെ? ബ്-ഭേദാതീത-
മേകമദ്വയം ദേഹിയെന്നല്ലീ വേദാന്തോക്തി?
കതിരോൻ സുരയിലും സുരനിഗ്നഗയിലും
പ്രതിബിംബിക്കുന്നില്ലേ സമമായ് സമദർശി?
ആരെയാർക്കപ്പോൾ തീണ്ടലേതുപാധിയാൽ? നമ്മ-
ളൗരസാത്മജരല്ലീ ഭൂദേവിക്കഖിലരും?
മൗലികമാമിത്തത്ത്വമോർക്കാതെയല്ലീ ഭവാൻ
ബാലിശം “മാറെ” ന്നുള്ള വാക്കെന്നോടുരയ്ക്കുന്നു?
അങ്ങങ്ങേ മറന്നുപോയ് – കാശിയെ ജ്ജാതിഭ്രാന്തിൽ –
ഗംഗയെ – സ്സാക്ഷാദ്വിശ്വനാഥനെ – ബ്രഹ്മത്തിനെ.
തഞ്ചത്തിലങ്ങാർന്നൊരിസ്സന്യാസിവേഷം കണ്ടു
പുഞ്ചിരിക്കൊൾവൂ കാലം പുലരിവ്യാജത്തിനാൽ