നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ
മാലംബ്യ മന്ദം നിവൃത്തനായീടിനാന്‍.
തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാള്‍:
ദത്തമലെ്‌ളാ പണ്ടു പണ്ടേ വരദ്വയം
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ
തുഷ്ടനായ് നല്‍കിയാല്‍ പോരായിരുന്നിതോ?
മല്‍പുത്രനെ കാനനാന്തേ കളവതി
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ!
ഏവരേയും വരുത്തിത്തനിയേ പരി
ദേവന്ം ചെയ്‌വതിനെന്തൊരു കാരണം?
ഭൂപതി കൌസല്യ ചൊന്നൊരു വാക്കുകള്‍
താപേന കേട്ടു മന്ദം പറഞ്ഞീടിനാന്‍:
പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ
പുണ്യമില്‌ളാതെ മാം ഖേദിപ്പിയായ്കു നീ.
ദു:ഖമുള്‍ക്കൊണ്ടു മരിപ്പാന്‍ തുടങ്ങുമെ
ന്നുള്‍ക്കാമ്പുരുക്കിച്ചമയ്ക്കായ്കു വല്‌ളഭേ!
പ്രാണപ്രയാണമടുത്തു,തപോധനന്‍
പ്രാണവിയോഗേ ശപിച്ചതു കാരണം.
കേള്‍ക്കനീ ശാപ വൃത്താന്തം മനോഹര!
സാക്ഷാല്‍ തപസ്വീകളീശ്വരന്മാരലേ്‌ളാ.
അര്‍ദ്ധരാത്രൌ ശരജ്വാലവും ചാപവും
ഹസ്‌തേധരിച്ചു മൃഗയാവിവശനായ്
വാഹിനീതീരെ വനാന്തരെ മാനസ
മോഹേന നില്‍ക്കുന്നനേരമൊരു മുനി
ദാഹേന മാതാപിതാക്കള്‍ നിയോഗത്താല്‍
സാഹസത്തോടിരുട്ടത്തു പുറപെ്പട്ടു
കുംഭവും കൊണ്ട് നീര്‍ കോരുവാന്‍ വന്നവന്‍
കുംഭേന വെള്ളമന്‍പൊടുമുക്കും വിധൌ
കുംഭത്തില്‍ നീരകം പുക്ക ശബ്ദം കേട്ടു
കുംഭി തുമ്പിക്കയ്യിലംഭോഗതമിതി
ചിന്തിച്ചുടന്‍ നാദഭേദിനം സായകം
സന്ധായ ചാപേ ദൃഡ്ധമയച്ചീടനേന്‍.
ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം
ഹാ! ഹേതി കേട്ടിതു മാനുഷ വാക്യവും.
ഞാനൊരു ദോഷമാരോടുമേ ചെയ്തീല
കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ?
പാര്‍ത്തിരിക്കുന്നതു മാതാപിതാക്കന്മാ
രാര്‍ത്തി കൈക്കൊണ്ടു കണ്ണീര്‍ക്കു ദാഹിക്കയാല്‍.
ഇത്തരം മര്‍ത്യനാദം കേട്ടു ഞാനതി
ത്രസ്തനായ് തത്ര ചെന്നത്തലോടും തദാ
താപസബാലകന്‍ പാദങ്ങളില്‍ വീണു
താപേന ചൊന്നേന്‍ മുനിസുതനോടു ഞാന്‍:
സ്വാമിന്‍ ദശരഥനായ രാജാവു ഞാന്‍
മാമപരാധിനം രക്ഷിക്ക വേണമേ!