പേടിയില്‌ളിതിനേതുമെത്രയുമടുത്തു വ
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!”
മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്തു
സോദരന്‍തന്നോടു ”നീ കാത്തുകൊള്ളുകവേണം
സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ;
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും.” 1290
എന്നരുള്‍ചെയ്തു ധനുര്‍ബാലങ്ങളെടുത്തുടന്‍
ചെന്നിതു മൃഗത്തെക്കയ്‌ക്കൊള്ളുവാന്‍ ജഗന്നാഥന്‍.
അടുത്തു ചെല്‌ളുന്നേരം വേഗത്തിലോടിക്കള
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോള്‍ മന്ദംമന്ദം
അടുത്തുവരു,മപേ്പാള്‍ പിടിപ്പാന്‍ ഭാവിച്ചീടും,
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപേ്പാള്‍.
ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
എന്നുറച്ചാശവിട്ടു രാഘവനൊരുശരം
നന്നായിത്തൊടുത്തുടന്‍ വലിച്ചു വിട്ടീടിനാന്‍. 1300
പൊന്മാനുമതു കൊണ്ടു ഭൂമിയില്‍ വീണനേരം
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാന്‍.
മാരീചന്‍തന്നെയിതു ലക്ഷമണന്‍ പറഞ്ഞതു
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
ബാണമേറ്റവനിയില്‍ വീണപേ്പാള്‍ മാരീചനും
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ
‘ഹാ! ഹാ! ലക്ഷമണ! മമ ഭ്രാതാവേ! സഹോദര!
ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!”
ആതുരനാദം കേട്ടു ലക്ഷമണനോടു ചൊന്നാള്‍
സീതയുംഃ ‘സൗമിത്രേ! നീ ചെല്‌ളുക വൈകിടാതേ. 1310
അഗ്രജനുടെ വിലാപങ്ങള്‍ കേട്ടീലേ ഭവാന്‍?
ഉഗ്രന്മാരായ നിശാചരന്മാര്‍ കൊല്‌ളുംമുമ്പെ
രക്ഷിച്ചുകൊള്‍ക ചെന്നു ലക്ഷമണ! മടിയാതെ
രക്ഷോവീരന്മാരിപേ്പാള്‍ കൊല്‌ളുമലെ്‌ളങ്കിലയ്യോ!”
ലക്ഷമണനതു കേട്ടു ജാനകിയോടു ചൊന്നാന്‍ഃ