മദനന്‍

(ദൃഡസ്വരത്തില്‍)
എന്തിനു പേര്‍ത്തുമിസ്‌സംശയ,മാനന്ദ
ചിന്തകള്‍കൊണ്ടു നീയാശ്വസിക്കൂ!
അപ്രേമതാരകമേതിരുളിങ്കലും
സുപ്രഭമാക്കും നിന്‍ ജീവിതാങ്കം!

രമണന്‍

(വികസിച്ച മുഖത്തോടുകൂടി)
നിത്യവുമന്തിയില്‍ക്കണ്ടിടാറുണ്ടു ഞാ
നൊറ്റയ്ക്കാപ്രേമസ്വരൂപിണിയെ.
അത്തളിര്‍ച്ചുണ്ടില്‍നിന്നോമനപ്പുഞ്ചിരി
പ്പിച്ചകപ്പൂക്കളടര്‍ന്നുവീഴും!
മന്ദാകഷലോലമാമാ മധുരസ്വര
ബിന്ദുക്കളോരോന്നും മന്ദമന്ദം
എന്നന്തരാത്മാവില്‍ വീണലിയുമ്പോഴേ
ക്കെന്നെ ഞാന്‍ തീരെ മറന്നുപോകും!
എന്തൊരു മായാവിലാസമാണോര്‍ക്കില
തെന്തൊരു വിഭ്രമരംഗമാവോ!

മദനന്‍

അല്‌ളിയലാത്ത രണ്ടുജ്ജ്വലരശ്മിക
ളുല്‌ളസല്‍പ്രേമത്തിന്മേഖലയില്‍
അന്യോന്യം കാണുന്ന രംഗങ്ങളൊക്കെയു
മിങ്ങനെയുള്ളവയായിരിക്കും!

രമണന്‍

അന്യോന്യദര്‍ശനമമ്മട്ടു ഞങ്ങള്‍ക്കൊ
രന്യൂനനിര്‍വൃതിയേകിയിട്ടും,
നിര്‍ണ്ണയ,മംഗുലീസ്പര്‍ശനമെങ്കിലു
മിന്നോളമുണ്ടായിട്ടില്‌ള തമ്മില്‍
പങ്കിലമാക്കുകില്‌ളാ രാഗരശ്മി ഞാന്‍
സങ്കല്പരംഗത്തില്‍വെച്ചുപോലും!

മദനന്‍

നിന്‍മനോനര്‍മ്മല്യം ഞാനറിയാത്തത;
ലെ്‌ളന്നുമതിനെ ഞാനാദരിപ്പൂ!
ആദര്‍ശവീണയില്‍പ്പാട്ടുപാടുന്ന ര
ണ്ടാനന്ദതന്ത്രികളാണു നിങ്ങള്‍!
എത്താതിരിക്കുമോ, നിങ്ങള്‍തന്‍ ചാരത്തു
നിത്യാനുഭൂതിതന്നംഗുലികള്‍?