കേരളോല്പത്തി
ഇങ്ങിനെ ശ്രീ പരശുരാമൻ കർമ്മഭൂമി മലയാളം ഉണ്ടാക്കി, ൬൪ ഗ്രാമത്തിൽ ബ്രാഹ്മണർക്ക് ഉദകദാനം ചെയ്തു. മുമ്പിൽ ൬൪ ഗ്രാമത്തിന്നും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാൻ ജന്മം എന്നു പറയുന്നു. ആ കൊടുത്തതു ഓരൊ ഗ്രാമത്തിലുള്ള തറവാട്ടുകാർക്ക് ഒരുമിച്ചു കൊടുത്ത ഏകോദകം പിന്നെ ആറു പത്തു ഗ്രാമത്തിൽ ൧൪ ഗോത്രത്തിൽ ൩൬000 ബ്രാഹ്മണർക്കു വാളിന്മേൽ നീർ പകർന്നു കൊടുത്തതു രാജാംശം അവർക്ക് എന്റെ ജന്മം എന്നു ചൊല്ലി വിരൽ മുക്കാം; മറ്റെവർക്കും “എന്റെ ജന്മം” എന്നു വിരൽ മുക്കരുത്; അവർക്ക അനുഭവത്തിന്നെ മുക്കുള്ളു അവരന്യോന്യം മുക്കുമ്പോൾ “എനിക്കനുഭവം” എന്നു ചൊല്ലി വിരൽ മുക്കേണം ഇതറിയാതെ ജന്മത്തിനു വിരൽ മുക്കിയാൽ വിരൽ നേരെ വരികയില്ല; മുപ്പത്താറായിരത്തിലുള്ളവർക്ക് കൊടുത്തതു ഏകോദകമല്ല; ഭൂമിയെ രക്ഷിപ്പാൻ അവരെ ആയുധപാണികളാക്കി കല്പിച്ചു.
ഇക്കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വർഗ്ഗവാസികളോട് ഒക്കും ദേവലോകത്തിന്നു തുല്യമായ്വരേണം എന്നും സ്വർഗ്ഗാനുഭൂതി അനുഭവിക്കേണം എന്നു വെച്ചു ശ്രീ പരശുരാമൻ ദേവെന്ദ്രനെ ഭരം ഏല്പിച്ചു. തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു. ആറുമാസം വർഷം വേണം രാജ്യത്തിങ്കൽ അനേകം അനേകം സസ്യാദികൾ ഉണ്ടാകെണം, അന്നവും പൂവും നീരും പുല്ലും വഴിപോലെ വേണം, ഐശ്വ ഉണ്ടായിരിക്കേണം, ഐശ്വ ഉണ്ടായിട്ട വഴിപോലെ കഴിക്കേണം, ദേവപൂജയും പിതൃപൂജയും കഴിക്കേണം, അതിന്നു പശുക്കൾ വളരെ ഉണ്ടാകേണം അവറ്റിന്നു പുല്ലും തണ്ണീരും വഴിക്കെ ഉണ്ടായ്വരേണം, എന്നിട്ടു ദേവെന്ദ്രനെ ഭരം ഏല്പിച്ചിരിക്കുന്നു. അതുകൊണ്ടു വേനിൽ കാലത്ത് ആറു മാസം വർഷം ആകുന്നതു. ദേവാലയങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പല കുടിവെച്ച കാവല്പാടുകളിലും സ്ഥാനങ്ങളിലും, ഊട്ടും പാട്ടും കഴിപ്പാനും ഉത്സവം, വേല, വിളക്ക, തീയാട്ടം, ഭരണിവേല, ആറാട്ടു, കളിയാട്ടം, പൂരവേല, ദൈവാട്ടം, തെയ്യാട്ടു, ദൈവമാറ്റു, തണ്ണിരമൃതം, താലപ്പൊലി, പൈയാവിശാഖം, മാഹാമഖ, മാമാങ്ങവേല എന്നിങ്ങനെ ഉള്ള വേലകൾ കഴിപ്പാനായ്ക്കൊണ്ടു, ആറു മാസം വേനിൽ വെളിച്ചവും കല്പിച്ചിരിക്കുന്നു.
Leave a Reply