വചനപദ്ധതി

ത്യംചൊല്ലാം, പ്രിയം നമ്മൾ; -സത്യം ചൊല്ലരുതപ്രിയം;
അസത്യം പ്രിയവും ചൊല്ലൊ- ലതത്രേ ധർമ്മശാസനം.

സത്യം നാമെന്തിനോതേണം?-സർവഭൂതഹിതത്തിനായ്;
പരദ്രോഹഫലം സത്യം-ഭാഷിച്ചാലതു പാതകം.

മിതമായ്, മൃദുവായ്, സത്തായ് -ഹിതമായ്, പ്രീതിഹേതുവായ്.
കേൾപ്പോർക്കു മധുരിക്കുന്ന-ഗീരോതുന്നു മനീഷികൾ.

ഉമിനീരിൻ മലത്തോടീ-യൂഴിപൂകും സരസ്വതി
സ്മിതാമൃതത്തിൽ മുങ്ങാഞ്ഞാൽ-ത്തെല്ലും സംശുദ്ധയാകുമോ.

ആർദ്രയായ് വിലസും ജിഹ്വ-യതിന്നനുരൂപമായ്
പാരുഷ്യശുഷ്കമാം വാക്യം-പ്രസവിക്കുന്നതെങ്ങനെ?

നല്ല നാവിങ്കൽനിന്നൂറു-‘മില്ല’പോലും രാസോത്തരം;
ഒല്ലാത്ത നാക്കുതുപ്പുന്നോ-രൂഴിയും പൂഴിയും സമം.

നല്ല വാക്കുരചെയ്‌വോന്റെ -നാവുവിട്ടൊരുദിക്കിലും
വാണീലക്ഷ്മികൊളൊന്നിച്ചു-വാഴുന്നീല ധരിത്രിയിൽ

പാവതൻ മെയ്യിലും ചാർത്താം പണ്ടവും പട്ടുവസ്ത്രവും;
മർത്ത്യന്നനാവിൽ മിന്നുന്ന-വാണിയാമണിതാനണി

തണ്ണീരൊരല്പം നൽകീടാം-തണലത്തൊട്ടിരുത്തിടാം
നല്ലവാക്കൊന്നുരച്ചീടാം-നമ്മൾക്കാരൊടുമെപ്പൊഴും

ആർക്കില്ല ഭാവനബന്ധ-മാർക്കില്ലാശയസന്തതി?
അതെല്ലാം വാഗ്മിയല്ലാത്തോ-ന്നലസും ഗർഭമല്ലയോ?

 

ഊമപ്പിറവി വന്നീടാ-മുണ്ടാകാം വാഗ്‌യതവ്രതം;
വരൊല്ലാർക്കും സദസ്സിങ്കൽ-വാക്സ്തംഭം മറ്റു രീതിയിൽ

കുറ്റിപോലെയിരിക്കുന്നൂ-ഗോഷ്ടിയിങ്കൽക്കുബേരനും;
എടുത്തമ്മാനമാടുന്നു-യഥേഷ്ടം വാഗ്മി സഭ്യരെ.

ആകർഷകം താൻ മധുര-മർത്ഥമില്ലാത്ത ശബ്ദവും;
വീണാക്വണത്തിലെന്തുള്ളു-വിചാരസഹമാം രസം?

നിറമില്ലനുരഞ്ജിക്കാൻ-സ്വരമാകുന്നു കാരണം;
കറുത്ത കുയിൽ നമ്മൾക്കു-ഗാനത്താൽ രമ്യമേറ്റവും.

മണ്ഡൂകമൊന്നും കട്ടീല; -മൈനതന്നീല പിന്നെയോ
വാക്കാലൊന്നു വെറുപ്പിപ്പൂ-മറ്റൊന്നുത്സവമേകവേ.

വറ്റൊന്നും കൈക്കലാവില്ല-വാമൂടിപ്പിച്ച തെണ്ടിയാൽ;
പാടുന്ന യാചകനെന്നും-പാത്രം ഭിക്ഷാന്നപൂർണ്ണമാം.

കടിക്കുന്നോരു പാമ്പിന്നും-കരയുന്നോരു കുഞ്ഞിനും
സന്തോഷം മാനസത്തിങ്കൽ-സാന്ത്വനത്താൽ വരുത്തിടാം.

അച്ഛസ്ഫടികപാത്രത്തി-ലൗഷധം കൈപ്പതെങ്കിലും
അല്പം തേൻ ചേർത്തു നൽകീടി-ലാസ്വദിക്കുമതാതുരൻ

കാലത്തിനാലുണങ്ങീടും-കണകൊണ്ടുളവാം ക്ഷതം;
ആജീവനാന്തം നിന്നീടു-മാർദ്രമായ് വാഗ്വിഷവ്രണം

ഓതുന്നു സാമം നീതിജ്ഞ-രൊന്നാമത്തെയുപായമായ്;
സാമഗന്മാർക്കു നൽകുന്നു-സർവ്വാർത്ഥങ്ങളുമീശ്വരൻ.