സത്യപ്രവൃത്തി
നസ്സിലും നാം യാഥാർത്ഥ്യം-വാക്കിലും വദനത്തിലും
പ്രവൃത്തിയിലുമെന്നാളും പരിപാലിച്ചിടേണ്ടവർ

അർത്ഥങ്ങൾക്കൊക്കെയും സത്യ-മഗ്രസ്ഥാനത്തിൽ നിൽക്കയാൽ
പണ്ടേ മുതൽക്കതിനേകീ-പരമാർത്ഥാഖ്യ പണ്ഡിതർ

നേരേ ലക്ഷ്യത്തിലെത്തീടും നേരുംപകഴിയും സമം;
വളവും പുളവും ചേരും-വ്യാളവും വ്യാജവും സമം

ഉള്ളതുള്ളവിധം മാത്ര-മോതിയാലതു സത്യമാം;
പൊടിപ്പും തൊങ്ങലും മറ്റും-പുനസ്സൃഷ്ടിക്കു ഭൂഷണം

അനന്തനല്ല താങ്ങുന്ന-താദികച്ഛപമൂർത്തിയും
സത്യദേവത താങ്ങുന്നൂ -താണുപോകാതെ ഭൂമിയെ

സഞ്ചരിപ്പൂ ജഗല്പ്രാണൻ; -തപിപ്പൂ ലോകബാന്ധവൻ
തണ്ണീർപൊഴിപ്പൂ പർജ്ജന്യൻ; -സത്യദാസർ മഖാശനർ

സാഗരം മന്നി നിൽക്കുന്നു-സത്യം കല്പിച്ച രേഖയിൽ
താരങ്ങൾ വാനിൽത്തൂങ്ങുന്നു-സത്യം തൂക്കിന രീതിയിൽ

വാക്കെന്നുമൊരുപോലോതി-വാഴ്വൂ പക്ഷിമൃഗാദികൾ;
വിശ്വത്തെക്കബളിപ്പൂ-വിവിധോക്തിധനൻ നരൻ

അകമേ സാക്ഷിയായ് നിത്യ-മന്തരത്മാവിരിക്കവേ
അറിയ്ല്ലന്യരെന്നോർത്താ-ർക്കസത്യം ചൊല്ലിനിന്നീടാം?

ദ്വിജിഹാകൃതിയിൽപ്പോലും-ദൈവം തീർത്തീല മർത്ത്യരെ;
അനന്തജിഹ്വരായാലു-മസത്യോക്തി സുദുഷ്കരം

ആദായകരമായാലു-മസത്യത്തെ വെറുക്കണം;
ആശ്ലേഷണത്തിന്നണഞ്ഞാലു-മകറ്റേണം പിശാചിനെ

വാണി-സത്യസ്ഥയാം ദേവി-വാണീടും രസനാഞ്ചലം
അസത്യമോതിയാൽ, ക്ഷ്വേള-മമൃതാംശു വമിക്കണം

ത്യാഗമില്ലാത്തതാം ഭൂതി; -കാന്തനില്ലാത്ത കാമിനി
ശമമില്ലാത്തതാം വിദ്യ:-സത്യമില്ലാത്ത ഭാരതി

സത്യം നൽകുന്ന ഭിക്ഷാന്നം-സത്തുക്കൾക്കുത്തമോത്തമം
അസത്യമേകും സാമ്രാജ്യ-മമേധ്യമധമാധമം

സർവ്വലോകരിൽനിന്നും നാം-സത്യത്തെത്താൻ കൊതിക്കവേ
അതന്യർ നമ്മിൽനിന്നും തെ-ല്ലാശിച്ചാൽ കുറ്റമെന്തതിൽ?

 

സർവ്വസ്വവും വെടിഞ്ഞാലും-സത്യത്തെ വെടിയായ്കയാൽ
ഹരിച്ചു വാസവസ്വാന്തം-ഹരിശ്ചന്ദ്രനൃപൻ മഹാൻ

മഹി സർവ്വംസഹയ്ക്കില്ല-മറ്റുഭാരങ്ങളാൽ ക്ലമം.
അഹോ? ദുസ്സഹനദ്ദേവി-ക്കളീകോക്തിപരൻ നരൻ.

അന്യന്റെ വിത്തം തല്ലക്ഷ്മി; -യദ്ദേവിയെ മനസ്സിനാൽ
ആശിച്ചാൽക്കൂടിയും പാപം; ഹരിച്ചാൽച്ചൊല്ലിടേണമോ?

ശീലിപ്പു നല്ലോർ ഭാഷിപ്പാൻ-ശിലാരേഖയ്ക്കു തുല്യമായ്;
വരം പുമാന്നസുത്യാഗം; -വർജ്യം വാഗ്ദത്തലങ്ഘനം

ഋജ്ജുവാം പാതതാൻ ശീഘ്ര-മീശോപാന്തമണച്ചിടും;
മായതൻ കൂട്ടുകൈവിട്ടാൽ-മാനവൻ ജ്ഞാനിയായിടും