പരോപകാരപദ്ധതി

ചൊല്ലുവൻ ധർമ്മസർവസ്വം -ശ്ലോകാർദ്ധത്തിൽച്ചുരുക്കി ഞാൻ
പരോപകാരം താൻ പുണ്യം; -പാതകം പരപീഡനം

ശ്വസിച്ചിടുന്നില്ലേവൻതാൻ -സ്വർത്ഥമാത്രകൃതാർത്ഥനായ്?
കുക്ഷി വീർപ്പിപ്പു കാറ്റുണ്ടു-കൊല്ലന്റെയുലകൂടിയും

പാരിൽപ്പാമ്പുകളും കൂടി-ബ്ഭാര്യാപുത്രോപകാരികൾ;
ജന്മം പരാർത്ഥമർപ്പിച്ചു -ജീവിക്കുന്ന പുമാൻ പുമാൻ

ചർമ്മവും മറ്റുമേകുന്നു -ചത്താലും മറ്റു ജീവികൾ;
കൊള്ളില്ല തെല്ലും മർത്തന്റെ -കുണപം മാത്രമൊന്നിനും

തണ്ണിർക്കുമിളതൻമട്ടിൽ -ത്തങ്ങിടും നരജീവിതം,
ആശാഗരളസമ്മിശ്ര-മാധിവ്യാധിപരിപ്‌ളുതം-

 

ആദ്യന്തമതിവൈരസ്യ -മാർക്കും നല്കുമതിങ്കലും
ഗുണമുണ്ടൊ,ന്നൊന്നുമാത്രം, -കുബ്ജയിൽ ഭക്തിപോലവേ;

ഉടൽ വെൺചാമ്പലാകുംമുൻ -പുതകിക്കാമതേവനും
എങ്ങാനു, മെന്നാളെന്നാലു, -മേതുജന്തുവിനെങ്കിലും
(സന്ദാനിതകം)

എന്നെങ്കിലും തനുത്യാഗ-മേവർക്കും വിധികല്പിതം;
അതു പിന്നെ ത്യജിച്ചാലെ -തന്യർക്കൊരുപകാരമായ്

പാലു നമ്മൾക്കു നല്കുന്ന -പശുവിൻ ഗ്രാസമാകവേ
ജീവിതത്തെ നിനയ്ക്കുന്നൂ -തൃണവും ചരിതാർത്ഥമായ്.

സർവവും ലംഘനം ചെയ്യാം -തൻകാര്യത്തിനുവേണ്ടുകിൽ;
ജാതിയായ് -മതമായ്-നാടായ്-ജാല്മർക്കന്യാർത്ഥചിന്തയിൽ

മരുപ്പരപ്പായ്ക്കാണ്മോരീ-മഹിയിങ്കലുമീശ്വരൻ
മർത്ത്യർക്കു നൽകീടുന്നുണ്ടു-മന്ദാരങ്ങളപൂർവ്വമായ്.

പടുനഞ്ഞു വമിക്കുന്ന -പാമ്പുകൾക്കും ശുഭം വരാൻ
താർക്ഷ്യന്നു നൽകീ തീനിന്നായ് -ത്തന്മെയ് ജീമൂതവാഹനൻ

കൃഷീവലസ്ത്രീ വാഴ്ത്തുന്ന -ഗീതംകേട്ടു കൃതാർത്ഥമായ്
ജന്മം ത്യജിപ്പൂ ജീമൂതം -ജഗതീജീവനൗഷധം

മാതാവിൻ കുക്ഷിയിൽപ്പെട്ടാൽ -മരിക്കും സമയംവരെ
ഇല്ലൊറ്റനിമിഷംപോലു-മീശൻ കാക്കാതെ നമ്മളെ

സർവപ്രാണിഗണത്തിന്നും -സമ്രാട്ടായുള്ള മാനുഷൻ
ഏവനും പരമോച്ചസ്ഥ-നെത്രമേൽത്താണിരിക്കിലും

ആർക്കില്ലവസരം മന്നി-ലന്യർക്കുപകരിക്കുവാൻ?
മനസ്സു മാത്രമേ വേണ്ടൂ; -മറ്റെല്ലാം തനിയേവരും

അധഃപതിച്ചൊരീയൂഴി -യാദികൂർമ്മമുയർത്തിപോൽ;
ആംമട്ടതാവാം നമ്മൾക്കും; -അണ്ണാനും സേതുബന്ധനം

പരന്റെ തപ്തഹൃത്തിങ്കൽ-പ്പനിനീരു തളിക്കുവോൻ
തൽസ്മേരവദനം കാണ്മൂ ചന്ദ്രൻ വെള്ളാമ്പൽപോലവേ.

വിവേകംതന്നെ സമ്പത്തു; -വിദ്യതന്നെ വിലോചനം;
സത്യംതന്നെ മഹാമന്ത്രം; -ദയതന്നെ പരം തപം.

വളയാലല്ല, ദാനത്താൽ -മാത്രം പാണി വിളങ്ങണം;
ഉടലും ചന്ദനത്താല -ല്ലുലകിൻ പരിചര്യയാൽ.