സമയപദ്ധതി

വിധി മർത്ത്യർക്കു നൽകുന്ന-വിവിധാനുഗ്രഹങ്ങളിൽ
അതിമാത്രം വിലപ്പെട്ട-തായുഷ്ക്കാലമസംശയം

അന്തമുണ്ടതിനെന്നുള്ള-താർക്കും ബോധ്യമനാരതം;
അതെപ്പോളെന്നുമാത്രം താ-നറിവീലാരുമേതുമേ

ഏറെ നീണ്ടാലമ്മിജ്ജന്മ-മെത്രനാളേക്കു നീണ്ടിടും?
ആർക്കു നൂറ്റാണ്ടു ജീവിക്കാ-മരോഗദൃഡഗാത്രനായ്?

പാതിപോം വിശ്രമത്തിങ്കൽ; -പ്പാതിപിന്നെയുമുള്ളതിൽ
ബ്ആല്യവാർദ്ധക്യരോഗങ്ങൾ -ഭാഗത്തിന്നവകാശികൾ

ശേഷിച്ച സമയംകൊണ്ടു-ശേമുഷിക്കൊത്തരീതിയിൽ
ധർമ്മാർത്ഥകാമമോക്ഷങ്ങൾ-സാധിക്കേണ്ടവർ മാനവർ.

 

ആയുരാരോഗ്യഭാഗ്യങ്ങ-ളടുത്ത നിമിഷത്തിലും
പാലിക്കുവാൻ നമുക്കേവൻ പ്രതിഭൂവായി നിന്നിടും?

സ്നേഹിപ്പാൻ മാത്രമേകുന്നു-ദൈവം മർത്ത്യന്നു ജീവിതം;
ദ്വേഷിപ്പാൻ കൂടിയില്ലല്ലോ-ദീർഘത്വമതിനേതുമേ.

ചെലവാക്കാൻ മടിപ്പൂ നാം-ജീവിതാർത്ഥം യഥാർത്ഥമായ്
കവർച്ചയ്ക്കു തരം പാർത്തു-കാലൻ പാതയിൽ നില്‌ക്കവേ

കൃതകൃത്യനൊരാളന്യൻ-ക്രീഡാമാത്രപാരായണൻ
സമവർത്തിക്കു തെല്ലില്ലി-ത്താരതമ്യ വിവേചനം

ശരീരമാം ഘടത്തിങ്കൽ-ത്തങ്ങിടും സ്വല്പജീവനം,
പായുന്ന ദിനരാത്രങ്ങൾ-പാനം ചെയ്യുന്നു നിത്യവും.

സമയത്തിന്റെ മൂല്യത്തിൻ-സാക്ഷാദ്രുപം ധരിക്കുവാൻ
കണ്ഠസ്ഥപ്രാണനായോന്റെ -കണ്ണീർക്കണ്ണാടി നോക്കണം

വേലയ്ക്കുവേണ്ടതാം കാലം-വിനോദം കൈക്കലാക്കുകിൽ
ഓദനത്തിൻ പദത്തിങ്കലുപദംശം കടക്കയായ്.

“ഇത്രയ്ക്കു നീട്ടി ഞങൾക്കെ-ന്തേകുവാൻ ജീവിതം ഭവാൻ?”
എന്നു പുച്ഛിപ്പുദൈവത്തെ-യെന്നാളും വ്യർത്ഥജീവിതർ.

അന്നുന്നു മുന്നിൽ വന്നെത്തു-മഹസ്സാമതിഥിക്കു നാം
അയ്യോ! പൂജനടത്തുന്ന-തതിൻ ചിത്രവധത്തിനാൽ!

മറ്റുള്ളോർക്കുള്ള മൂവെട്ടു-മണിക്കൂറുകളെന്നിയേ
ധാതാവു നൽകീലെന്നാളും-ശങ്കരാദ്യർക്കു കൂടിയും

“ഇന്നെന്തു സുകൃതം ചെയ്തേ, -നിന്നെന്തറിവു നേടിനേൻ?
ഇന്നെത്രപോന്നേൻ മുന്നോട്ടേ-ക്കിന്നലത്തേതിൽനിന്നു ഞാൻ?”

ചോദിക്കണം നാം രാവായാൽ-ച്ചോദ്യമാത്മാവൊടിത്തരം;
പ്രതികൂലോത്തരം കേട്ടാൽ-പശ്ചാത്താപാശ്രു വാർക്കണം;

അടുത്തനാളിലാത്മാവി-ന്നാനുകൂല്യത്തെ നേടുവാൻ
ശപഥം ചെയ്യണം; പിന്നെ-ശ്ശാന്തന്മാരായുറങ്ങണം
(സന്ദാനിതകം)
ഭൂതം വീഴട്ടെ ഭൂതത്തിൽ; -ഭാവി തങ്ങട്ടെ ഭാവിയിൽ;
വരം തരട്ടെ നമ്മൾക്കു-വർത്തമാനം പുരഃസ്ഥിതം.

നാളെച്ചെയ്യേണ്ടകൃത്യങ്ങൾ-നാമിന്നേ ചെയ്തു തീർക്കുകിൽ
ചരിതാർത്ഥർ നമുക്കെന്നും-ശ്രാദ്ധദേവൻ പ്രിയാതിഥി.