അഹിംസാപദ്ധതി

അനേകമുണ്ടു ധർമ്മം നാ -മനുഷ്ഠിക്കേണ്ടതെങ്കിലും
അഹിംസതാനവയ്ക്കെല്ലാ -മസന്ദേഹമധീശ്വരി

ഹിംസാപിശാചിതൻ വേഴ്ച -യ്ക്കേവനുത്സുകനായിടും;
അവന്നു മക്കളായുണ്ടാ -മഘങ്ങൾ പലമാതിരി.

നമുക്കപ്രിയമാമൊന്നും -നാം നാം ചെയ്യൊല്ലാർക്കുമെന്നുമേ;
പ്രിയമാമേതുമേവർക്കും -പേർത്തും ചെയ്യണമെപ്പൊഴും

ചേതസ്സിനാലും വാക്കാലും -ചെയ്തിയാലുമൊരുത്തനും
ജന്തുഹിംസക്കൊരുമ്പെട്ടു -ജന്മം പാഴിൽത്തുലയ്ക്കൊലാ

അണുജീവിക്കുമാനന്ദ -മാത്മജീവിതമൂഴിയിൽ,
അധികാരികളോ നമ്മ -ളതിന്നറുതി ചേർക്കുവാൻ?

ദൈവം കൊടുത്തതാം ജീവൻ -ദൈവം വേണമെടുക്കുവാൻ
നാഥന്റെ ചെങ്കോൽ കീടങ്ങൾ -നാമോ തട്ടിപ്പറിക്കുവാൻ?

വരുത്തൊല്ലഴലുൾത്തട്ടിൽ; -വാർപ്പിക്കൊല്ലശ്രുവാർക്കുമേ;
അടിക്കൊല്ല കളിക്കായും; -ഹനനം പിന്നെയല്ലയോ?

സാപ്പാടുമോടിയാക്കേണ്ട, -സാമ്രാജ്യം നേടിടേണ്ട നാം;
വാനിലും കയറീടേണ്ട, -വധിച്ചിതരജീവിയെ.

കൊന്നുതിന്മാൻ വളർത്തുന്ന -കോഴികൾക്കൊപ്പമായ് നൃപർ
പിണ്ഡം ഭടർക്കു നൽകുന്നു -പീരങ്കിക്കിരയാക്കുവാൻ.

മർത്ത്യഘാതികളാം മന്നർ -മഹാന്മാരെന്നു വാഴ്ത്തവേ
ചരിത്രകൃത്തിൻ പേനയ്ക്കു -ചാരിത്രം മൺ‌മറഞ്ഞുപോയ്.

 

ജഗത്തിന്നഴൽ വായ്പിച്ചു -ജയഭേരി മുഴക്കുവാൻ-
പുരുഷാദൻ -മഹാനെങ്കിൽ -ഭൂകമ്പം മഹദഗ്രിമം

മനുജവ്യാഘ്രസംജ്ഞയ്ക്കു -മാറ്റു നൽകും കവീശ്വരൻ
മനുഷ്യരാക്ഷസാഭിഖ്യ മാനിച്ചീടാത്തതത്ഭുതം

അമ്പേറ്റു വീണുകേണീടു -മന്നത്തിൻ മെയ്തലോടവേ
അതൂരിത്തന്റെ ദേഹത്തി -ലാഞ്ഞുകുത്തീ ജിനൻ ശിശു;

മെയ്മുറിഞ്ഞു; മനംനൊന്തു; -മേന്മേൽ വഴികയായ് നിണം;
തൽക്ഷണം മഗ്നനായ് ദേവൻ -സർവ്വസത്വാനുകമ്പയിൽ
(യുഗ്മകം)

ചണ്ഡാശോകനൃപന്നെന്നു -ധർമ്മാശോകാഖ്യ ലബ്ധമായ്;
ആരാധ്യനായ് ജഗത്തിന്ന -ന്നഹിംസാപരനമ്മഹാൻ

പരവിത്തം ഗരളമായ് -പ്പരസ്ത്രീജനയിത്രിയായ്
പരാർത്തിയാത്മവ്യഥയായ് -പ്പരികല്പിപ്പു സത്തുകൾ

ഉണ്ടേതു ദേഹിതൻ മേനി -ക്കുള്ളിലും ജഗദീശ്വരൻ;
മുക്താഹാരത്തിലോരോരോ -മുത്തിലും നൂലിനൊപ്പമായ്

മാതാവൂഴി, പിതാവീശൻ -മന്നവന്നുമുറുമ്പിനും;
എല്ലാ പ്രാണികളും നൂന-മേകോദരസഹോദരർ

ഹിംസമൂലം പ്രസാദിക്കി-ല്ലീശ്വരൻ കരുണാനിധി;
പ്രാണിപീഢാരസം കോലും-പാപിയല്ലജ്ജഗല്പ്രഭു.

ആരാധിക്കുവതെന്നോ നാ-മഹിംസാപുഷ്പമാലയാൽ,
സമ്മോദമന്നുതാനേന്തും -സച്ചിദാനന്ദവിഗ്രഹൻ