അവതരണപദ്ധതി

മേഘങ്ങൾക്കിടയിൽത്തങ്ങും മിന്നൽക്കീറിന്നുതുല്യമായ്
ദുഃഖമധ്യത്തിൽ മിന്നുന്നു-തുച്ഛം സ്വാർത്ഥപരം സുഖം

ഒരുത്തൻ നേടുമസ്സൗഖ്യ-മൊട്ടേറെപ്പേർക്കു ദുഃഖദം;
അവന്നുമസുഖപ്രായ-മപായാഗമശങ്കയാൽ

നരലോകത്തെയിമ്മട്ടിൽ-നാന്മുഖൻ സൃഷ്ടിചെയ്യവേ
കാന്താസഹജമായുള്ള-കനിവാർന്നോതി ഭാരതി

“പ്രാണനാഥ! ഭവൽസൃഷ്ടി-പാർത്തോളാം വികലം തുലോം;
പത്നി തീർക്കാനൊരുങ്ങുന്നൂ-ഭർത്താവിൻകേടുപാടുകൾ

ധാത്രിയിൽത്തന്നെ മർത്ത്യർക്കു-ചമയ്ക്കാമുലകൊന്നു ഞാൻ,
അപേതശോകവ്യാമോഹ-മഖണ്ഡാനന്ദസുന്ദരം.”

“കാണട്ടെയതു ഞാൻ’ എന്നു-കമലാസനനോതവേ
വാൽമീകി മുനിതൻ നാവിൽ-വാണാൾ പോയ്‌വാഗധീശ്വരി.

അന്നുദിച്ചു സമസ്തർക്കും-മന്തർന്നിർവൃതിദായകം
അപരിച്ഛേദ്യമാധുര്യ-മാദികാവ്യരസായനം

സുഭാഷിതങ്ങളൊട്ടേറെസ്സൂരീന്ദ്രരതുനാൾ മുതൽ
ശ്ലോകരൂപത്തിൽ നിർമ്മിച്ചു-സുഖിപ്പിക്കുന്നു മർത്യരെ

പാരിന്റെ മർമ്മം കണ്ടോര-പ്പരാനുഗ്രഹപണ്ഡിതർ
ശ്ലോകമാം ചിമിഴേകുന്നു-തുലോമർത്ഥസമൃദ്ധമായ്

കാണുവാനില്ല കണ്ണേതും; കണ്ടാലില്ലറിവാൻ മതി;
അറിഞ്ഞാലില്ല നാവോതാൻ:-അഹോ കവികൾ! ദുർല്ലഭർ

നഭോമാർഗ്ഗത്തിലെമ്മട്ടിൽ-നക്ഷത്രങ്ങൾ വിളങ്ങുമോ,
സുഭാഷിതങ്ങളമ്മട്ടിൽ-ശോഭിച്ചു കാവ്യ‌ വീഥിയിൽ

മനോഹരങ്ങളായോരീ-മഹദ്വാക്യങ്ങളെന്നിയേ
മറ്റെന്തുള്ളൂ മനുഷ്യർക്കു-മാർഗ്ഗദീപങ്ങളൂഴിയിൽ?

അദ്ദീപാവലി ഞാനല്പ-മധ്വഗന്മാർക്കു കാട്ടിടാം;
ഏതാണ്ടിടയ്ക്കു കത്തിക്കാ-മെന്റെയും കൈവിളക്കുകൾ

 

പാരിൽ മൂന്നുണ്ടു രത്നങ്ങൾ-പാഥ, സ്സന്നം, സുഭാഷിതം;
പൊട്ടക്കല്ലിന്നു നൽകുന്നു-ഭോഷൻ താൻ രത്നമെന്നുപേർ

ഭവമാം വേപ്പിൽ മിന്നുന്നൂ ഫലം രണ്ടമൃതോപമം;
ഒന്നു സൂക്തിരസാസ്വാദ-മൊന്നു സജ്ജനസങ്ഗമം

സുഭാഷിതത്തൊടൊത്തോരു-സുഹൃത്തില്ലൊരു മർത്ത്യനും;
പാതയിൽ സഞ്ചരിപ്പിക്കാൻ-പ്രാപ്യസ്ഥാനത്തിലാക്കുവാൻ

ധർമ്മാധർമ്മങ്ങളെപ്പേർത്തും-തദ്രുപത്തിൽ ധരിക്കുവാൻ
സുഭാഷിതത്തിൻ സാഹായ്യം സൂരിക്കും പ്രാർത്ഥനീയമാം

കീർത്തിയും ധർമ്മവും നമ്മൾ സൂക്തിയും സങ്ഗ്രഹിക്കണം;
ഇല്ല തെല്ലഴിവെന്നുള്ള-തീ മൂന്നിനുമൊരിക്കലും

മുഖം കറുത്തുപോയ് ഹന്ത!-മുന്തിരിങ്ങാപ്പഴത്തിനും;
സുധയും വാനിലേക്കോടീ-സൂക്തിയെക്കണ്ടു ഭീതയായ്.

അലങ്കരിക്കും ജിഹ്വാഗ്ര,-മാവശ്യം നിർവഹിച്ചീടും;
ഹരിക്കില്ലന്യരാരും വ,-ന്നർഘം സൂക്തിഭൂഷണം