സജ്ജനപദ്ധതി

ണ്ണും കല്ലും നിറഞ്ഞോരീ -മന്നിലങ്ങിങ്ങപൂർവ്വമായ്
സ്വർണ്ണവും രത്നവും കാണാം -സൂക്ഷിച്ചടിയിൽനോക്കിയാൽ

കടൽപണ്ടു ജനിപ്പിച്ചു -കാളകൂടാമൃതങ്ങളെ;
ക്ഷോണിയിന്നും ജനിപ്പിപ്പൂ-ദുഷ്ടസാധുജങ്ങളെ

സജ്ജനങ്ങൾക്കു വേണ്ടിത്താൻ സഹസ്രാംശുവുദിപ്പതും,
വായു വീശുവതും, മന്നിൽ-വാരിദം മഴ പെയ്‌വതും.

ധനം മാത്രം ഹരിക്കുന്നു-തസ്കരന്മാരടുക്കുകിൽ;
കക്കുന്നു ദൂരെ വാണാലും -കണ്ണും കരളുമുത്തമർ

അപകാരിക്കുമേകീടു-മഭയം സജ്ജനം പരം;
വറ്റിക്കും ബഡവാഗ്നിക്കും -വാസമേകുന്നു വാരിധി

മനോവാക്കായകർമ്മങ്ങൾ-മഹാന്മാർക്കെന്നുമൊന്നുതാൻ;
മുടക്കംവിട്ടതന്യർക്കോ-മൂന്നും മൂന്നുവിധത്തിലാം

ഗോവിന്റെപാൽ കറന്നിട്ടു-കുറെച്ചെന്നാൽപ്പിരിഞ്ഞുപോം;
പാലാഴിതൻ പാലെന്നാളും പാലായ്ത്തന്നെയിരുന്നിടും.

പ്രളയത്തിങ്കൽ മര്യാദ -പാരാവാരം ത്യജിച്ചിടും;
അതെന്നും കൈവിടുന്നോര-ല്ലതിഗംഭീരർ സത്തുകൾ.

ഖലന്റെ നാവാം പാമ്പിന്റെ -കടിതൻ ദുഷ്ടു മാറുവാൻ
സാധുക്കൾ സേവ ചെയ്യുന്നു -ശമമാം പരമൗഷധം.

താപം തീർക്കും തുഷാരാംശു; -ദൈന്യം തീർക്കും സുരദ്രുമം;
താപവും ദൈന്യവും തീർക്കും -സാധു സാന്ത്വധനങ്ങളാൽ.

 

വാരിദം ക്ഷാരനീരുണ്ടാൽ- വർഷിക്കും മധുരോദകം  ; ദുർവാക്കു കേട്ടാൽ സാധുക്കൾ സുനൃതോത്തരമോതിടും.

മുളയ്ക്കില്ല; മുളച്ചാലും -കരിയും  ; കരിയായ്കിലും കായ്ക്കില്ല നല്ലോർതൻ കോപം , ഖലർതൻ ദയപോലവേ.

സുജനത്തിന്നു മാചാരം – വ്യജനത്തിന്നുമൊന്നുതാൻ- പരിഭ്രമിച്ചിടും രണ്ടും -പരതാപമകറ്റുവാൻ.

ആത്മതാപത്തിൽമാത്രംതാ- നലിവൂ വെണ്ണകൂടിയും ; അന്യന്റെ താപം കേട്ടാലു – മലിയും സാധുവിൻ മനം.

അധമന്നു ഭയം ക്ഷൗത്തു;-മധ്യമന്നു ഭയം മൃതി; പാതകം മാത്രമെന്നാളും;-ഭയമുത്തവന്നൂഴിയിൽ.

തുടങ്ങില്ലൊന്നുമധമൻ;- വിടും മധ്യത്തിൽ മധ്യമൻ ഫലം വരെ പ്രയത്നിക്കും- പ്രാണനുണ്ടെങ്കിലുത്തമൻ.

മഹാന്മാർ വീഴുകിൽപ്പന്തിൽ-മട്ടിൽ വീണ്ടുമുയർന്നിടും ; മറ്റുള്ളോർ പൊടിയായ്പ്പോകും -മണ്ണാങ്കട്ടയ്ക്കു തുല്യരായ്.

സത്തിങ്കൽച്ചീത്തയും നന്നു;-ദുഷ്ടങ്കൽ ചീത്ത നല്ലതും പശു പാലാക്കിടും പുല്ലു ;-പാമ്പു പാൽ വിഷമാക്കിടും.

പരസ്ത്രീദർശനാന്ധന്മാർ, പരാക്ഷേപകഥാജഡർ, പ്രാരാർത്ഥഹൃദിപങ`ഗുക്കൾ,- പരമാർത്ഥത്തിലുത്തമർ.

തലയ്ക്കുമേലാരേറ്റില്ല- സാധുദൈവതവിഗ്രഹം  ? ആരോഹിപ്പാനുമാർക്കർഹ-മയ്യോ! ഖര(ല)കളേബരം ?