ദീപാവലി (ഖണ്ഡകാവ്യം)
ശരീരപദ്ധതി
പൂർണ്ണകാരുണ്യനാമീശൻ-പുരുഷാർത്ഥങ്ങൾ നേടുവാൻ
നമുക്കീവിഗ്രഹം നൽകീ-നാനവയവശോഭനം
പ്രപഞ്ചശില്പികാരൻതൻ-പ്രകൃഷ്ടകരകൗശലം
പ്രത്യങ്ഗം പ്രകടിപ്പിപ്പാൻ-പ്രഭാവം പൂണ്ടതിത്തനു.
ആത്മാവാം സാർവ്വഭൗമൻതൻ-ഹർമ്മ്യം മാനവമാനസം
ഇന്ദ്രിയങൾ പടുത്വത്തോ-ടിസ്സൗധം കാത്തിടും ഭടർ.
ഏകബന്ധു നമുക്കെന്നു-മ’ദ്ദേഹം’ലോകയാത്രയിൽ;
ഇതിൻ സുസ്ഥിതിയൊന്നിൽത്താ-നിരിപ്പൂ സർവസിദ്ധിയും
എത്രയ്ക്കെത്രയ്ക്കു സൂക്ഷിക്കു-മിതു നാം നിധിപോലവേ,
അത്രയ്ക്കത്രയ്ക്കു വർദ്ധിക്കു-മായുരാരോഗ്യവൈഭവം.
മർത്ത്യർക്കിക്കായമാവോളം -വ്യായാമത്താൽപ്പുലർത്തിടാം;
തുരുപ്പിടിച്ച യന്ത്രം താൻ-ദുർമ്മേദസ്സുള്ള വിഗ്രഹം
അക്രമിപ്പതിനാഞ്ഞെത്തി-മാമയാണുക്കളാകവേ
മരിച്ചുപോകും വീഴുമ്പോൾ-വ്യായാമസ്വേദവാരിയിൽ
തന്റെ സർവസ്വവും നൽകും-സമ്രാട്ടാരോഗ്യമാർന്നീടാൻ;
തന്നാരോഗ്യം കൊടുക്കില്ല-സമ്രാട്ടാവാൻ ദരിദ്രനും.
ശരീരസുഖമുള്ളോനു-സന്തോഷം സർവദുഃഖവും;
ദീനപ്പായിൽക്കിടപ്പോനു-തിക്തകം ജീവനാഥയും
മിതഭോഗത്തിൽ നിഷ്കർഷ,-മൃദുവാക്യം മനഃസ്ഥിതി;
സൽകർമ്മരതിയിമ്മൂന്നും-സർവർക്കും സൗഖ്യദായകം
തനിക്കു മാത്രമായല്ലീ-ദ്ധാത്രി നിർമ്മിച്ചതീശ്വരൻ;
എന്ന തത്ത്വം ഗ്രഹിച്ചീടി-ലേവനും മിതഭോഗിയാം
പണ്ടേ ചപലമാം ചിത്തം-പാനത്താൽ ഭ്രാന്തമാക്കൊലാ;
ഏറും കുരങ്ങിന്നേവൻതാ-നേണിവെച്ചുകൊടുത്തിടും?
മദ്യത്താൽ മത്തനാം മർത്ത്യൻ;-മത്തിനാൽപ്പാപിയായിടും;
പാപത്താൽ നരകം പൂകും;-പാനം സർവവിപല്പ്രദം.
ഉഷസ്സിൽക്കോഴി പൊന്തിക്കു-മോമൽശംഖൊലി കേൾക്കിലേ
പുണ്യംപ്രതിദിനം നേടൂ-പുമാൻതൻ ശ്രവണേന്ദ്രിയം
കാലത്തുണർന്നു സൂര്യന്റെ-കതിർപ്പൊന്നലയാഴിയിൽ
മുങ്ങിക്കുളിച്ചീടുന്നീലേ-മുറയ്ക്കെന്നെന്നുമിക്ഷിതി?
ഉത്ഥാനം ചെയ്യണം നാമു-മുഷ്ണരശ്മിയൊടപ്പമായ്;
പാലിച്ചുകൊൾകയും വേണം-പങ്കം പറ്റാതെ നമ്മളെ
കേരളാംബ വിശുദ്ധിക്കു-കേളികേട്ട നിതംബിനി;
അദ്ദേവിതന്നപത്യങ്ങൾ-ക്കശുചിത്വം നിരക്കുമോ?
വർഷത്തിൽ വിധി രണ്ടൂഴം-വർഷാകാലത്തെ നൽകവേ
എങ്ങില്ല തെളിനീർ നമ്മൾ-ക്കെന്നും നിർമ്മലരാകുവാൻ?
അശുചിത്വം പെടാത്തോർ താ-നരോഗദൃഢവിഗ്രഹർ
സൽസങ്ഗമത്തിന്നർഹന്മാർ,-സർവർക്കും പ്രിയദർശനർ
ദേഹം, വസന, മാഹാരം,-ഗേഹം തൊട്ടുള്ളതൊക്കെയും
മാലിന്യമറ്റിരിപ്പോർക്കേ-മനസ്സംശുദ്ധി വന്നിടൂ.
Leave a Reply