ദീപാവലി (ഖണ്ഡകാവ്യം)
ഉദ്യമപദ്ധതി
ആശിച്ചാൽപ്പോര യാതൊന്നു,മാർജ്ജിപ്പാനുദ്യമിക്കണം;
കൂർക്കം വലിച്ചിടും സിംഹം-കൊമ്പനെത്തിന്മതെങ്ങനേ?
ഉറുമ്പും മെല്ലവേ പോയാ-ലൊട്ടേറെ വഴി പോയിടും;
അനങ്ങിടാഞ്ഞാൽത്താർക്ഷ്യനു-മക്കിടപ്പിൽക്കിടക്കണം;
ഉദ്യമിപ്പവനെത്താങ്ങു-മോടിവന്നലർമങ്കയാൾ;
ചെറ്റനങ്ങാതിരിപ്പോനെ-ച്ചെറ്റയിൽച്ചേട്ട ചേർത്തിടും
ഊണിന്നു രുചിയുണ്ടാ,വില്ലുറക്കം ദൂരെ വിട്ടുപോം;
അകാലമൃത്യുവശനാ-മലസൻ ഹതജീവിതൻ
വിധിക്കു നരനോടില്ല-വീര്യം കാട്ടീടുവാൻ തരം,
സത്വം ഹരിപ്പാൻ മുൻകൂറ്റി-ത്തന്ദ്രിയെത്താതിരിക്കുകിൽ
ദാരിദ്ര്യമാം പിശാചിന്റെ-സദനദ്വാരമേവനും
തന്ദ്രിതൻകൈയിലുള്ളോരു-താകോൽകൊണ്ടേ തുറന്നിടൂ.
ബലമറ്റ ശരീരത്തെ-പ്പേർത്തും രോഗം ഗ്രസിച്ചീടും;
ആലസ്യത്തിലമിഴ്ന്നോനെ-യാപത്തടിമയാക്കിടും
പ്രതിഭയ്ക്കും ഭയം തീർന്നു-പാദം മുന്നോട്ടു വയ്ക്കുവാൻ
അഭ്യാസത്തിന്യെ സാഹായ്യ-മവശ്യം വേണമന്വഹം
വേലയ്ക്കായ് വിധി നൽകുന്നു-വെളിച്ചമിയലും പകൽ
ഇടയ്ക്കു വിശ്രമിച്ചീടാ-നിരുട്ടുള്ളോരു രാത്രിയും
അശുഭാഗമനത്രസ്ത-ന്നഹസ്സെന്നും തമിസ്രയാം;
ശുഭാപ്തി കാത്തിരിപ്പോനോ-സൂര്യനുണ്ടേതുരാവിലും
മുറയ്ക്കു ലാക്കിൽപ്പാഞ്ഞെത്താം-മുന്നോട്ടേക്കു കുതിക്കുകിൽ;
കൈകെട്ടിനിന്നാൽ നിന്നീടാം; -കാലം വന്നവഴിക്കുപോം
ആരു കണ്ടൂ? ജയം നമ്മൾ-ക്കടുത്ത നിമിഷം വരാം;
അല്ലെങ്കിലായുരന്തത്തി-ലാകട്ടേ; ഹാനിയെന്തതിൽ?
തന്നെത്താനുദ്ധരിക്കേണം; -തന്നെത്താഴ്ത്തരുതാരുമേ;
താൻതന്നെയാർക്കും തൻബന്ധു; -താൻ തന്നെ പരിപന്ഥിയും
ഉത്സാഹം രിപുവാം മിത്ര -മാലസ്യം മിത്രമാം രിപൂ;
വിദ്യ നഞ്ഞാകുമമൃതം, -തൃഷ്ണ പീയുഷമാം വിഷം
ഉണർന്നെഴുന്നേറ്റോജസ്സോ-ടുദ്യമിക്കുന്നവൻ പുമാൻ;
ശ്വസിക്കുന്ന ശവംമാത്രം-സ്വപ്നംകണ്ടു കിടപ്പവൻ
സ്രഷ്‌ടാവുചെയ്‌തുതൻ കൃത്യം-ദേഹം നമ്മൾക്കു നല്‌കവേ;
ഉരുളയ്‌ക്കുരുളയ്‌ക്കൂട്ടാ-നുഴറുന്നീല തൽകരം.
പൗരുഷം സേചനം ചെയ്‌തേ-ഫലിക്കൂ ദൈവമാം ദ്രുമം;
ഒറ്റച്ചക്രക്കറക്കത്തി-ലോടുന്നീലൊരുവണ്ടിയും.
ദൈവത്തെക്കാത്തിരിക്കാതെ-തേടണം നാം സമുദ്യമം;
വേലചെയ്യാം നമു,ക്കീശൻ-വേണമെങ്കിൽ ഫലം തരും.
ഏതുഭാരം വഹിപ്പാൻ നാം-യത്‌നിക്കുന്നു യഥാർത്ഥമായ്,
അബ്‌ഭാരത്തോടു താങ്ങീടു-മായിരം ദേവർ നമ്മളെ.
ഊതിപ്പറത്താം വിഘ്‌നങ്ങ,-ളുൾക്കരുത്തോടുയർന്നിടാം;
ഉത്സാഹിയൊരുനാൾ സ്വാമി-യൂഴിക്കും ത്രിദിവത്തിനും.
ധനാർജ്ജനപദ്ധതി
നാലുണ്ടുപുരുഷാർത്ഥങ്ങൾ-നമ്മൾക്കാർജ്ജിച്ചിടണ്ടതായ്;
ആമേടതന്നടിത്തട്ടാ-ണർത്ഥം സർവ്വപ്രയോജനം.
ആർക്കു വേണ്ടെന്നു വെച്ചീടാ-മന്നവസ്ത്രഗൃഹാദികൾ?
അർത്ഥം കൂടാതെ ജീവിപ്പാ-നജൻ തീർത്തീല മർത്ത്യരെ.
അർത്ഥവൃക്ഷം തഴയ്ക്കാനു-മർത്ഥബീജം മുളയ്ക്കണം;
ധർമ്മകാമാർജ്ജനം പിന്നെ -ദ്ധനമില്ലായ്കിലെങ്ങനെ?
വായുവിൽപ്പോയ് ലയിക്കുന്ന-വാക്കുമർത്ഥം ഭവിക്കവേ?
വർഷം നൂറു കഴിക്കേണ്ട-മനുഷ്യന്നതു വേണ്ടയോ?
പരോക്ഷമാകും നരകം-പ്രത്യേകം കണ്ടിടേണ്ട നാം;
പ്രത്യക്ഷമതു വായ്പീലേ-പാരിൽദ്ദാരിദ്ര്യരൂപമായ്
പൂ വിരിപ്പൂ ധനാഢ്യന്നു-ഭൂമി രഥ്യയിലെങ്ങുമേ;
മുടക്കി നില്പൂ നിസ്സ്വന്നു-മുൾനിരത്തിപ്പുരോഗതി.
വനം ഗ്രസിക്കും വഹ്നിക്കു-ബാഹ്യപ്രാണൻ സമീരണൻ,
കൃതാന്തൻ കൈവിളക്കിന്നു; -കൃശനോടാർക്കു സൗഹൃദം
സിദ്ധിയൊന്നരുളുന്നുണ്ടു-സേവിക്കുന്നോർക്കു ദുർഗ്ഗതി;
അവർക്കഖിലരും ദൃശ്യ; -രദൃശ്യരവരാർക്കുമേ.
ആശക്കിടാങ്ങളോരോന്നോ-യന്തരിക്കെ, യകിഞ്ചനർ
അവയ്ക്കണയ്പൂ കണ്ണീരാ-ലൗർദ്ധ്വദേഹികമാംബലി
“കെടാതെ ഞാനായ്ത്തീരൊല്ലേ!-കൊടുത്തങ്ങായ് ഭവിക്കണേ!”
ദരിദ്രൻ ധനിയോടോതും-ദേഹിക്കർത്ഥമിതാം ദൃഢം.
ഭൂതിയെന്തിന്നു മർത്ത്യന്നു-പുമാനായ്‌ത്തലപൊക്കുവാൻ’
കണ്ടവന്റെ പടിക്കൽപ്പോയ്-ക്കൈമലർത്താതിരിക്കുവാൻ.
കമലേ! ഭവതിക്കേവൻ-കടാക്ഷാതിഥിയാകുവോൻ
അശേഷജനഹിഹ്വയ്‌ക്കു-മവൻ സർവ്വഗുണാന്വിതൻ.
ഹിരണ്യഗർഭൻ വേധസ്സു; -ലക്ഷ്‌മീശ്വരൻ പുരുഷോത്തമൻ;
മേരുചാപൻ ശിവൻ; വാഴ്‌വൂ-മൂർത്തിത്രയ…..വുമിങ്ങനെ,
വിത്തവാനെബ്‌ഭജിക്കാത്ത-വിദ്വാനേവൻ ധരിത്രിയിൽ?
സർവ്വജ്ഞനേയും കാൺമൂ നം-ധനദോപാന്തസേവിയായ്.
കപാലി തലയിൽത്താങ്ങും-ഗങ്‌ഗരത്‌നാകരത്തിനെ
തേടിപ്പോകുന്നു, ധനിതാൻ-ദേവതൗഘത്തിനും പ്രിയൻ.
നരന്നടിമയല്ലേതും-നരൻ തുല്യവപുർദ്ധരൻ;
സ്വാമിയും ദാസനും മന്നിൽ-സ്വാപതേയപ്രകല്‌പിതർ.
അധർമ്മമായ് ധനം നേടൊ,-ല്ലടക്കൊല്ലതനന്തമായ്,
തത്ത്വമീരണ്ടുമോർമ്മിപ്പാൻ-ധനം നിന്ദിപ്പൂ സത്തുകൾ.
അഴകുണ്ടാം ശരീരത്തി-ന്നാഹ്ലാദം ഹൃത്തിനേറിടും;
അന്തസ്സു വായ്‌ക്കും വംശത്തി,-ന്നർത്ഥവാനെന്തലഭ്യമായ്?
ദൈവോപഹതരാമാരും-തേങ്ങിത്തേങ്ങിക്കരഞ്ഞിടും;
കണ്ണീരു തനിയേ തോരും-കാശെണ്ണിപ്പെട്ടിപൂട്ടിയാൽ.
തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ;
വിലയായ് നല്‌കണം മെയ്‌തൻ വേപ്പുമുത്തുകൾ മേല്‌ക്കുമേൽ.
Leave a Reply