വിദ്യാപദ്ധതി

വിത്തമെന്തിനു മർത്ത്യനു-വിദ്യ കൈവശമാകുകിൽ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?

വിദ്യ വിട്ടു നരന്നാമോ-വിശ്വംഭരയിൽ വാഴുവാൻ?
ആയുധം കയ്യിലേറാത്തോ-നടരാടുന്നതെങ്ങനേ?

വിദ്യയാം പ്രാണനേവന്നു- വേർപെട്ടു നിലകൊള്ളുമോ
സമ്പത്തും മററുമവനു ശവം ചാർത്തിന മാലകൾ.

അജ്ഞനായ് ജീവിതംപോക്കാ-നാർക്കു ധാർഷ്‌ട്യമുദിച്ചിടും.
വാലും കൊമ്പും വെടിഞ്ഞുള്ള-മഹിഷം തന്നെയപ്പുമാൻ.

കാണേണ്ടതൊന്നും കണ്ടീടാ; കേൾക്കേണ്ടുന്നതു കേട്ടിടാ;
ഓതേണ്ടതോതിടാ; മേവു-മജ്ഞനന്ധൈഡമൂകനായ്.

മേനിയെത്ര തടിച്ചാലും -വിദ്യാഹീനൻ വെറും തൃണം;
മറി,ച്ചതു ചടച്ചാലും-മനീഷിയമൃതാശനൻ.

മണിയും ചരലും കല്ലു;- മർത്ത്യർ വിജ്ഞനുമജ്ഞനും;
ഔജ്ജ്വല്യത്തിൻ പ്രഭവത്താ-ലറിവൂ വേർതിരിച്ചു നാം.

പുറങ്കണ്ണു തുറപ്പിപ്പൂ-പുലർവേളയിലംശുമാൻ;
അകക്കുണ്ണു തുറപ്പിക്കാ-നാശാൻ ബാല്യത്തിലെത്തണം.

അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും;
ആജീവനാന്തമാനന്ദ-മരുളും വിദ്യനല്‌കുവോൻ.

കൊണ്ടുപോകില്ല ചോരന്മാർ;-കൊടുക്കുന്തോറുമേറിടും;
മേന്മ നൽകും മരിച്ചാലും ;- വിദ്യതന്നെ മഹാധനം.

 

അമ്മയ്‌ക്കൊപ്പം വളർത്തീടു,-മച്ഛന്നൊപ്പം ഹിതം തരും;
വേളിക്കൊപ്പം സുഖിപ്പിക്കും; വിദ്യ സർവ്വാർത്ഥസാധകം.

തൻവീട്ടിലജ്ഞനും പൂജ്യൻ;-തൻനാട്ടിലരചാളുവോൻ;
വിദ്യാസമ്പന്നനാരാധ്യൻ- വിശ്വത്തിങ്കലശേഷവും.

പഠിക്കണം നാമോരോന്നു-ബാല്യംതൊട്ടു നിരന്തരം;
പഠിത്തം മതിയാക്കീടാം- പ്രാണൻ മേനി വിടുന്ന നാൾ.

പിശുക്കാൽപ്പിഴുകും ലക്ഷ്‌മി; -പേർത്തും ഗർവാൽ സമുന്നതി;
അനഭ്യാസത്തിനാൽ വിദ്യ;- യമർഷത്താൽ വിവേകവും.

ബാലൻതൻ വിദ്യയാലൊറ്റ-ബ്‌ഭവനത്തിന്നിരുട്ടുപോം.
ബാലൻതൻ വിദ്യയാൽ വായ്‌ക്കും – പ്രകാശം പലവീട്ടിലും.

വൈരമില്ലാകരം തോറും ;- മൗക്തികം ശുക്തിയേതിലും ;
ചന്ദനം കാനനം നീളെ; -സ്സംഖ്യാവാനേതു ദിക്കിലും.

വിദ്യതന്നെപരം നേത്രം ;- ബുദ്ധിതന്നെ പരം ധനം;
ദയതന്നെ പരം പുണ്യം; – ശമംതന്നെ പരം സുഖം.

വിശേഷബുദ്ധിയെന്തിന്നു-വിരിഞ്ചൻ മർത്ത്യനേകിനാൻ?
വിദ്യയാൽജ്ഞാനമാർജ്ജിപ്പാൻ-ജ്ഞാനത്താൽ മുക്തിനേടുവാൻ.

അനന്തം വിദ്യയാം സിന്ധു-വായുസ്സത്യന്തഭങ്‌ഗുരം;
പാരത്തിലെത്തണം താനും-പ്രാപിപ്പാൻ പരമം പദം.

അപവർഗ്ഗദമിത്തിർത്ഥ-മാവോളം സേവ ചെയ്‌തിടാം,
ഒക്കും മട്ടിസ്സമുദ്രത്തി-ലോടിക്കാം കപ്പലെപ്പൊഴും.