ഭൂമിദേവന്മാരും ഭൂമിപാലന്മാരും
ഭൂമിസ്പൃശോ വൃക്ഷലാദി ജനങ്ങളും
താപസവര്‍ഗ്ഗവും കന്യകാവൃന്ദവും
ശോഭതേടുന്ന വെണ്‍കൊറ്റക്കുട തഴ
ചാമരം താലവൃന്ദം കൊടി തോരണം
ചാമീകരാഭരണാദ്യലങ്കാരവും
വാരണ വാജി രഥങ്ങള്‍ പദാതിയും
വാരനാരീജനം പൌരജനങ്ങളും
ഹേമരത്‌നോജ്വലദിവ്യസിംഹാസനം
ഹേമകുംഭങ്ങളും ശാര്‍ദ്ദൂല ചര്‍മ്മവും
മറ്റും വസിഷ്ഠന്‍ നിയോഗിച്ചതൊക്കവേ
കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാര്‍
സ്ത്രീബാലവൃദ്ധാവധിപുരാവാസിക
ളാബദ്ധ കൌതൂഹലാബ്ധി നിമഗ്‌നരായ്
രാത്രിയില്‍ നിദ്രയും കൈവിട്ടുമാനസേ
ചീര്‍ത്ത പരമാനന്ദത്തോടു മേവിനാന്‍
നമ്മുടെ ജീവനാം രാമകുമാരനെ
നിര്‍മ്മലരത്‌നകിരീടമണിഞ്ഞതി
രമ്യമകരായിതമണികുണ്ഡല
സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുളസമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്‌നവും
ബന്ധുരാഭം തിരുമാറുമുദരവും
സന്ധ്യാഭ്രസന്നിഭ പീതാംബരാഭയും
പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും
കുംഭികുലോത്തമന്‍ തുന്‍പിക്കരം കൊണ്ടു
കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്ര മസ്തകസന്നിഭജാനുവു
മംഭോജബാണനിഷംഗാഭജംഘയും
കമ്പം കലര്‍ന്നു കമഠപ്രവരനും
കുമ്പിടുന്നോരു പുറവടിശോഭയും
അംഭോജതുല്യമാമംഘ്രിതലങ്ങളും
ജംഭാരിരത്‌നം തൊഴുംതിരുമേനിയും
ഹാരകടകവലയാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണവീരന്‍ കഴുത്തില്‍ തിറത്തോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷമണനാകിയ സോദരന്‍ തന്നോടും