ഇത്ഥമരുള്‍ചെയ്തു ലക്ഷമണന്‍ തന്നോടു
പൃത്ഥീസുരോത്തമന്മാരെ വരുത്തുവാന്‍
അത്യാദരമരുള്‍ ചെയ്തനേരം ദ്വിജേ
ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും
വസ്ത്രങ്ങളാഭരണങ്ങള്‍ പശുക്കളു
മര്‍ത്ഥമവധിയില്‌ളാതോളമാദരാല്‍
സദ്വൃത്തരായ്ക്കുലശീലഗുണങ്ങളാ
ലുത്തമന്മാരായ്ക്കുടുംബികളാകിയ
വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാര്‍ക്കു
സാദരം ദാനങ്ങള്‍ ചെയ്തു ബഹുവിധം
മാതാവുതന്നുടെ സേവകന്മാരായ
ഭൂദേവസത്തമന്മാര്‍ക്കും കൊടുത്തിതു
പിന്നെ നിജാന്ത:പുരവാസികള്‍ക്കും മ
റ്റന്യരാം സേവകന്മാര്‍ക്കും ബഹുവിധം
ദാനങ്ങള്‍ ചെയ്കയാലാനന്ദമഗ്‌നരായ്
മാനവനായകനാശീര്‍വ്വചനവും
ചെയ്തിതു താപസന്മാരും ദ്വിജന്മാരും
പെയ്തുപെയ്തീടുന്നിതശ്രുജലങ്ങളൂം
ജാനകിദേവിയുമന്‍പോടരുന്ധതി
ക്കാനന്ദമുള്‍ക്കൊണ്ടു ദാനങ്ങള്‍ നല്‍കിനാള്‍
ലക്ഷമണവീരന്‍ സുമിത്രയാമമ്മയെ
തല്‍ക്ഷണെ കൌസല്യകൈയില്‍ സമര്‍പ്പിച്ചു
വന്ദിച്ചനേരം സുമിത്രയും പുത്രന
നന്ദിച്ചെടുത്തു സമാശേ്‌ളഷവും ചെയ്തു
നന്നായനുഗ്രഹം ചെയ്തു തനയനു
പിന്നെയുപദേശവാക്കുമരുള്‍ ചെയ്താള്‍:
അഗ്രജന്‍ തന്നെപ്പരിചരിച്ചെപെ്പാഴു
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കില്‍ സുഖമായ് വരിക തേ
മാത്രുവചനം ശിരസി ധരിച്ചുകൊ
ണ്ടാദരവോടു തൊഴുതു സൌമിത്രിയും
തന്നുടെ ചാപശരാദികള്‍ കൈക്കൊണ്ടു
ചെന്നു രാമാന്തികെ നിന്നു വണങ്ങിനാന്‍:
തല്‍ക്ഷണേ രാഘവന്‍ ജാനകി തന്നോടും
ലക്ഷമണനോടും ജനകനെ വന്ദിപ്പാന്‍
പോകുന്ന നേരത്തു പൌരജനങ്ങളെ
രാഗമോടെ കടാക്ഷിച്ചൂ കുതൂഹലാല്‍
കോമളനായ കുമാരന്‍ മനോഹരന്‍
ശ്യാമളരമ്യകളേബരന്‍ രാഘവന്‍
കാമദേവോപമന്‍ കാമദന്‍ സുന്ദരന്‍
രാമന്‍ തിരുവടി നാനാജഗദഭി
രാമനാത്മാരാമനംബുജലോചനന്‍
കാമാരി സേവിതന്‍ നാനാജഗന്മയന്‍
താതാലയം പ്രതി പോകുന്നനേരത്തു
സാദം കലര്‍ന്നൊരു പൌരജനങ്ങളും
പാദചാരേണ നടക്കുന്നതു കണ്ടു
ഖേദം കലര്‍ന്നു പരസ്പരം ചൊല്‌ളിനാര്‍: