രൂക്ഷമായ് വന്നു പരന്നതു കണ്ടള
വാഗ്‌നേയമസ്ത്രമെയ്താന്‍ മനുവീരനും
ചെങ്കനല്‍ക്കൊള്ളികള്‍ മിന്നല്‍ നക്ഷത്രങ്ങള്‍
തിങ്കളുമാദിത്യനഗ്‌നിയെന്നിത്തരം
ജ്യോതിര്‍മ്മയങ്ങളായ് ചെന്നു നിറഞ്ഞള
വാസുരമസ്ത്രവും പോയ് മറഞ്ഞു ബലാല്‍
അപേ്പാള്‍ മയന്‍ കൊടുത്തോരു ദിവ്യാസ്ത്രമെ
യ്തുല്‍പേതരായുധം കാണായിതന്തികേ
ഗാന്ധര്‍വ്വമസ്ത്രം പ്രയോഗിച്ചതിനെയും
ശാന്തമാക്കീടിനാന്‍ മാനവവീരനും
സൗര്യാസ്ത്രമെയ്താന്‍ ദശാനനന്നേരം
ധൈര്യേണ രാഘവന്‍ പ്രത്യസ്ത്രമെയ്തതും
ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും
ചണ്ഡകരാംശുസമങ്ങളാം ബാണങ്ങള്‍
പത്തുകൊണ്ടെയ്തു മര്‍മ്മങ്ങള്‍ ഭേദിച്ചള
വുത്തമപൂരുഷനാകിയ രാഘവന്‍
നൂറുശരങ്ങളെയ്താനതു കൊണ്ടുടല്‍
കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും
ലക്ഷ്മണനേഴുശരങ്ങളാലൂക്കോടു
തല്‍ക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാന്‍
അഞ്ചു ശരമെയ്തു സൂതനെയും കൊന്നു
ചഞ്ചലഹീനം മുറിച്ചിതു ചാപവും
അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണന്‍
തച്ചുകൊന്നാനതുനേരം ദശാനനന്‍
ഭൂതലേ ചാടിവീണാശു വേല്‍കൊണ്ടതി
ക്രോധാല്‍ വിഭീഷണനെ പ്രയോഗിച്ചിതു
ബാണങ്ങള്‍ മൂന്നുകൊണ്ടെയ്തു മുറിച്ചിതു
വീണിതു മൂന്നു നുറുങ്ങി മഹീതലേ
അപേ്പാള്‍ വിഭീഷണനെക്കൊല്‌ളുമാറവന്‍
കല്‍പിച്ചു മുന്നം മയന്‍ കൊടുത്തോരു വേല്‍
കയ്‌ക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു
ലക്ഷ്മണന്‍ മുല്‍പുക്കു ബാണങ്ങളെയ്തിതു
നക്തഞ്ചരാധിപന്‍ തന്നുടലൊക്കവേ
രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടന്‍
നില്‍ക്കും ദശാസനന്‍ കോപിച്ചു ചൊല്‌ളിനാന്‍
ലക്ഷ്മണന്‍ തന്നോടു ‘നന്നു നീയെത്രയും
രക്ഷിച്ചവാറു വിഭീഷണനെത്തദാ
രക്ഷിക്കില്‍ നന്നു നിന്നെപ്പുനരെന്നുടെ
ശക്തി വരുന്നതു കണ്ടാലുമിന്നൊരു
ശക്തനാകില്‍ ഭവാന്‍ ഖണ്ഡിയ്ക്ക വേലിതും’
എന്നു പറഞ്ഞു വേഗേന ചാട്ടീടിനാന്‍
ചെന്നു തറച്ചിതു മാറത്തു ശക്തിയും
അസ്ത്രങ്ങള്‍ കൊണ്ടു തടുക്കരുതാഞ്ഞുടന്‍
വിത്രസ്തനായ് തത്ര വീണു കുമാരനും
വേല്‍കൊണ്ടു ലക്ഷ്മണന്‍ വീണതു കണ്ടുള്ളില്‍
മാല്‍കൊണ്ടു രാമനും നിന്നു വിഷണ്ണനായ്
ശക്തി പറപ്പതിന്നാര്‍ക്കും കപികള്‍ക്കു
ശക്തി പോരാഞ്ഞു രഘുകുലനായകന്‍
തൃക്കൈകള്‍ കൊണ്ടു പിടിച്ചു പറിച്ചുട
നുള്‍ക്കോപമോടു മുറിച്ചെറിഞ്ഞീടിനാന്‍
മിത്രതനയ സുഷേണ ജഗല്‍പ്രാണ
പുത്രാദികളോടരുള്‍ചെയ്തിതാദരാല്‍
‘ലക്ഷ്മണന്‍ തന്നുടെ ചുറ്റുമിരുന്നിനി
രക്ഷിച്ചുകൊള്‍വിന്‍ വിഷാദിക്കരുതേതും
ദുഃഖസമയമല്‌ളിപേ്പാളുഴറ്റോടു
രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാന്‍
കല്യാണമുള്‍ക്കൊണ്ടു കണ്ടുകൊള്‍വിന്‍ നിങ്ങ
ളെല്‌ളവരുമിന്നു മല്‍ക്കരകൗശലം
ശക്രാത്മജനെ വധിച്ചതും വേഗത്തി
ലര്‍ക്കാത്മജാദികളോടുമൊരുമിച്ചു
വാരിധിയില്‍ ചിറകെട്ടിക്കടന്നതും
പോരില്‍ നിശാചരന്മാരെ വധിച്ചതും
രാവണനിഗ്രഹസാദ്ധ്യമായിട്ടവന്‍
കേവലമിപേ്പാളഭിമുഖനായിതു
രാവണനും ബത! രാഘവനും കൂടി
മേവുക ഭൂമിയിലെന്നുള്ളതല്‌ളിനി
രാത്രിഞ്ചരേന്ദ്രനേക്കൊല്‌ളുവാന്‍ നിര്‍ണ്ണയം
മാര്‍ത്താണ്ഡവംശത്തിലുള്ളവനാകില്‍ ഞാന്‍
സപ്തദീപങ്ങളും സപ്താംബുധികളും
സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും
ആകാശഭൂമികളെന്നിവയുള്ള നാള്‍
പോകാതെ കീര്‍ത്തിവര്‍ദ്ധിയ്ക്കുംപരിചു ഞാന്‍
ആയോധനേ ദശകണ്ഠനെക്കൊല്‌വനൊ
രായുധപാണിയെന്നാകില്‍ നിസ്‌സംശയം
ദേവാസുരോരഗചാരണതാപസ
രേവരും കണ്ടറിയേണം മമ ബലം.’
ഇത്ഥമരുള്‍ചെയ്തു നക്തഞ്ചരേന്ദ്രനോ
ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാന്‍
തത്സമം ബാണം നിശാചരാധീശനു
മുത്സാഹമുള്‍ക്കൊണ്ടു തൂകിത്തുടങ്ങിനാന്‍
രാഘവരാവണന്മാര്‍തമ്മിലിങ്ങനെ
മേഘങ്ങള്‍ മാരി ചൊരിയുന്നതുപോലെ
ബാണഗണം പൊഴിച്ചീടുന്നതുനേരം
ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം
സോദരന്‍ വീണു കിടക്കുന്നതോര്‍ത്തുള്ളി
ലാധി മുഴുത്തു രഘുകുലനായകന്‍
താരേയതാതനോടേവമരുള്‍ചെയ്തു
‘ധീരതയില്‌ള യുദ്ധത്തിനേതും മമ
ഭൂതലേ വാഴ്കയില്‍ നല്‌ളതെനിക്കിനി
ഭ്രാതാവുതന്നോടുകൂടെ മരിപ്പതും
വില്‍പിടിയും മുറുകുന്നതിലേ്‌ളതുമേ
കെല്‍പുമില്‌ളതെ ചമഞ്ഞു നമുക്കിഹ
നില്‍പാനുമേതുമരുതു മനസ്‌സിനും
വിഭ്രമമേറിവരുന്നിതു മേല്‍ക്കുമേല്‍
ദുഷ്ടനെക്കൊല്‍വാനുപായവും കണ്ടീല
നഷ്ടമായ് വന്നിതു മാനവും മാനസേ’
ഏവമരുള്‍ചെയ്തനേരം സുഷേണനും
ദേവദേവന്‍തന്നൊടാശു ചൊല്‌ളീടിനാന്‍
‘ദേഹത്തിനേതും നിറം പകര്‍ന്നീലൊരു
മോഹമത്രേ കുമാരന്നെന്നു നിര്‍ണ്ണയം
എന്നുണര്‍ത്തിച്ചനിലാത്മജന്‍ തന്നോടു
പിന്നെ നിരൂപിച്ചു ചൊന്നാന്‍ സുഷേണനും
‘മുന്നെക്കണക്കേ വിശല്യകരണിയാ
കുന്നമരുന്നിന്നു കൊണ്ടുവന്നീടുക’
എന്നളവേ ഹനുമാനും വിരവോടു
ചെന്നു മരുന്നതും കൊണ്ടുവന്നീടിനാന്‍
നസ്യവും ചെയ്തു സുഷേണന്‍ കുമാരനാ
ലസ്യവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാന്‍
പിന്നെയുമൗഷധശൈലം കപിവരന്‍
മുന്നമിരുന്നവണ്ണം തന്നെയാക്കിനാന്‍
മന്നവന്‍തന്നെ വണങ്ങിനാന്‍ തമ്പിയും
നന്നായ് മുറുകെപ്പുണര്‍ന്നിതു രാമനും
‘നിന്നുടെ പാരവശ്യം കാണ്‍കകാരണ
മെന്നുടെ ധൈര്യവും പോയിതു മാനസേ’
എന്നതുകേട്ടുരചെയ്തു കുമാരനു
‘മൊന്നു തിരുമനസ്‌സിങ്കലുണ്ടാകണം
സത്യം തപോധനന്മാരോടു ചെയ്തതും
മിഥ്യയായ് വന്നുകൂടായെന്നു നിര്‍ണ്ണയം
െ്രെതലോക്യകണ്ടകനാമിവനെക്കൊന്നു
പാലിച്ചുകൊള്‍ക ജഗത്ത്രയം വൈകാതെ’
ലക്ഷ്മണന്‍ ചൊന്നതു കേട്ടു രഘൂത്തമന്‍
രക്ഷോവരനോടെതിര്‍ത്താനതിദ്രുതം
തേരുമൊരുമിച്ചു വന്നു ദശാസ്യനും
പോരിനു രാഘവനോടെതിര്‍ത്തീടിനാന്‍
പാരില്‍ നിന്നികഷ്വാകുവംശതിലകനും
തേരില്‍നിന്നാശരവംശതിലകനും
പോരതി ഘോരമായ് ചെയ്‌തോരു നേരത്തു
പാരമിളപ്പം രഘൂത്തമനുണ്ടെന്നു
നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍
പാരം വളര്‍ന്നൊരു സംഭ്രമത്തോടുടന്‍
ഇന്ദ്രനും മാതലിയോടു ചൊന്നാന്‍ ‘മമ
സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ
ശ്രീരാഘവന്നു ഹിതം വരുമാറു നീ
തേരും തെളിച്ചു കൊടുക്ക മടിയാതെ’
മാതലിതാനതു കേട്ടുടന്‍ തേരുമായ്
ഭൂതലം തന്നിലിഴഞ്ഞു ചൊല്‌ളീടിനാന്‍
‘രാവണനോടു സമരത്തിനിന്നു ഞാന്‍
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു
തേരതിലാശു കരേറുക പോരിനായ്
മാരുതതുല്യവേഗേന നടത്തുവന്‍’
എന്നതു കേട്ടു രഥത്തെയും വന്ദിച്ചു
മന്നവന്‍ തേരിലാമ്മാറു കരേറിനാന്‍
തന്നോടു തുല്യനായ് രാഘവനെക്കണ്ടു
വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനന്‍
പേമഴപോലെ ശരങ്ങള്‍ തൂകീടിനാന്‍
രാമനും ഗാന്ധര്‍വ്വമസ്ത്രമെയ്തീടിനാന്‍
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം
രാക്ഷസരാജനും രൂക്ഷമായെത്രയും
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാന്‍
ഗാരുഡമസ്ത്രമെയ്തു രഘുനാഥനും
മാതലിമേലും ദശാസനന്‍ ബാണങ്ങ
ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു
വാജികള്‍ക്കും ശരമേറ്റമേറ്റു പുന
രാജിയും ഘോരമായ്‌വന്നു രഘുവരന്‍
കൈകാല്‍ തളര്‍ന്നു തേര്‍ത്തട്ടില്‍നില്‍ക്കും വിധൗ
കൈകസീനന്ദനനായ വിഭീഷണന്‍
ശോകാതിരേകം കലര്‍ന്നു നിന്നീടിനാന്‍
ലോകരുമേറ്റം വിഷാദം കലര്‍ന്നിതും
കാലപുരത്തിനയപേ്പനിനിയെന്നു
ശൂലം പ്രയോഗിച്ചിതാശരാധീശനും
അസ്ത്രങ്ങള്‍കൊണ്ടു തടപൊറാഞ്ഞോര്‍ത്തുടന്‍
വൃത്രാരിതന്നുടെ തേരിലിരുന്നൊരു
ശക്തിയെടുത്തയച്ചൂ രഘുനാഥനും
പത്തു നുറുങ്ങി വീണു തത്ര ശൂലവും
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ
ശ്ശസ്ത്രങ്ങള്‍കൊണ്ടു മുറിച്ചിതു രാഘവന്‍
സാരഥി തേരും തിരിച്ചടിച്ചാര്‍ത്തനായ്
പോരിലൊഴിച്ചു നിര്‍ത്തീടിനാനന്നേരം
ആലശ്യമൊട്ടകന്നോരു നേരം തത്ര
പൗലസ്ത്യനും സൂതനോടു ചൊല്‌ളീടിനാന്‍
‘എന്തിനായ്‌ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ
ലന്ധനായ് ഞാനത്ര ദുര്‍ബ്ബലനാകയോ?
കൂടലരോടെതിര്‍ത്താല്‍ ഞാനൊരുത്തനോ
ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാന്‍?
നീയല്‌ള സൂതനെനിക്കിനി രാമനു
നീയതിബാന്ധവനെന്നറിഞ്ഞേനഹം’
ഇത്ഥം നിശാചാധീശന്‍ പറഞ്ഞതി
നുത്തരം സാരഥി സത്വരം ചൊല്‌ളിനാന്‍
‘രാമനെ സ്‌നേഹമുണ്ടായിട്ടുമല്‌ള മ
ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്‌ള മേ
രാമനോടേറ്റു പൊരുതിനില്‍ക്കുന്നേര
മാമയം പൂണ്ടു തളര്‍ന്നതു കണ്ടു ഞാന്‍
സ്‌നേഹം ഭവാനെക്കുറിച്ചേറ്റമാകയാല്‍
മോഹമകലുവോളം പോര്‍ക്കളം വിട്ടു
ദൂരെ നിന്നാലസ്യമെല്‌ളാം കളഞ്ഞിനി
പേ്പാരിന്നടുക്കണമെന്നു കല്‍പിച്ചത്രെ
സാരഥിതാനറിയേണം മഹാരഥ
ന്മാരുടെ സാദവും വാജികള്‍സാദവും
വൈരികള്‍ക്കുള്ള ജയാജയകാലവും
പോരില്‍ നിമ്‌നോന്നതദേശവിശേഷവും
എല്‌ളാമറിഞ്ഞു രഥം നടത്തുന്നവ
നലേ്‌ളാ നിപുണനായുള്ള സൂതന്‍ പ്രഭോ!’
എന്നതു കേട്ടു തെളിഞ്ഞഥ രാവണ
നൊന്നു പുണര്‍ന്നാശു കൈവളയും കൊടു
‘ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക
പിന്നോക്കമില്‌ളിനിയൊന്നുകൊണ്ടുമെടോ!
ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും
മന്നവനോടുള്ള പോരെന്നറിക നീ’
സൂതനും തേരതിവേഗേന പൂട്ടിനാന്‍
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും
തങ്ങളിലേറ്റമണഞ്ഞു പൊരുതള
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാല്‍