തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ. കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
1936ല്‍ തൃശൂരിലെ ഇരിങ്ങാലക്കുടയിലാണ് ആനന്ദ് ജനിച്ചത്. പി. സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ഥ പേര്. പട്ടാളത്തിലും സര്‍ക്കാര്‍ സര്‍വീസിലും എന്‍ജിനീയറായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടം, മരണ സര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, അഭയാര്‍ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഒടിയുന്ന കുരിശ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.