തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടന്‍, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയാണ് പുരസ്‌കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം പല്ലാവൂര്‍ രാഘവപ്പിഷാരടിക്കു നല്‍കും. കേരളീയ നൃത്തനാട്യ പുരസ്‌കാരം കലാ വിജയനു നല്‍കും. ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച കലാമണ്ഡലം കുട്ടന്‍ (പി.വി. കുട്ടന്‍) പാലക്കാട് തിരുനാരായണപുരം സ്വദേശിയാണ്. കലാമണ്ഡലം രാമന്‍കുട്ടി നായരുടെയും കലാമണ്ഡലം പത്മനാഭന്‍ നായരുടെയും ശിഷ്യനാണ്. കേരള കലാമണ്ഡലം കഥകളി അവാര്‍ഡും കീര്‍ത്തിമുദ്രയും നേടിയിട്ടുണ്ട്. കഥകളി സംഗീതപ്രതിഭയായ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി കലാമണ്ഡലം സംഗീതവിഭാഗം തലവനായിരുന്നു. ഇപ്പോള്‍ വിസിറ്റിങ് പ്രൊഫസറാണ്. കലാമണ്ഡലം പുരസ്‌കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയിട്ടുണ്ട്.പല്ലാവൂര്‍ ത്രയത്തോടൊപ്പം 28 വര്‍ഷത്തോളം തൃശ്ശൂര്‍ പൂരത്തിന് താളം വായിച്ച കലാകാരനാണ് പല്ലാവൂര്‍ രാഘവപ്പിഷാരടി. വാദ്യലോകം കണ്ട മഹാരഥന്മാര്‍ക്കൊപ്പം ഒട്ടേറെ വേദികളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.