സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
മാലാഖയോതിയ മംഗല വാര്‍ത്തയില്‍
ദര്‍ശിച്ചു കന്യക ദൈവചിത്തം
പാവനാത്മാവുതന്‍ ദിവ്യപ്രതിബിംബം
അന്നവള്‍ സാദരമേല്ക്കയാലെ
അക്ഷയ ജോതിസാമേശുമഹേശനെ
തന്നുദരത്തില്‍ വഹിച്ചെങ്കിലും
കന്യത്വമല്പവും ഭംഗം വരുത്താതെ
കാക്കുവാനങ്ങു കനിഞ്ഞുവല്ലോ
ഇങ്ങനെ രക്ഷകനേശു മിശിഹായെ
മന്നിലവതരിപ്പിച്ച ധന്യ
ഞങ്ങളെന്നേരവും പാടിപ്പുകഴ്ത്തുന്നു
കന്യയാം അമ്മതന്‍ മംഗളങ്ങള്‍
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യ ഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ