സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍ പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
നശ്വര ഭൗമീക മായാവലയത്തില്‍
നിത്യമമര്‍ന്നു ലയിച്ചിടാതെ
ദേഹം വെടിഞ്ഞങ്ങനശ്വര ജീവിത
വാടിയിലെന്നുമേ ആനന്ദിക്കാന്‍
രക്ഷകനേശുവിലാത്മ സമര്‍പ്പണം
ചെയ്ത വിശുദ്ധരില്‍ ദൃശ്യമായ
വിസ്മയം തൂകുന്ന നിന്‍ തിരുപാലനം
ഞങ്ങളെന്നെന്നും പ്രകീര്‍ത്തിക്കുന്നു
മര്‍ത്യപ്രകൃതിയെ ആദികൃപാവര
സ്ഥാനത്തു വീണ്ടും പ്രതിഷ്ഠിക്കാനും
പുത്തന്‍ യുഗത്തിലെ പൊന്‍പുലര്‍ വാരൊളി
ഏന്തുന്ന നിര്‍മ്മല ദീപങ്ങളാല്‍
സമ്പന്നമാക്കുവാന്‍ സമ്പൂര്‍ണ്ണമാക്കുവാന്‍
അന്‍പാര്‍ന്നു നാഥ നിന്‍ ഉള്ളലിഞ്ഞു
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ