എഴുത്തുകാരന്‍, നാടകഗവേഷകന്‍, മന്ത്രവാദി എന്നീ നിലയില്‍ പ്രശസ്തനാണ് കാട്ടുമാടം നാരായണന്‍. നാടകത്തെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. 1931 ഒക്ടോബര്‍ 1ന് പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിലെ കാട്ടുമാടം മനയില്‍ നാരായണന്‍ നമ്പൂതിരിപ്പാട്, പാര്‍വതി അന്തര്‍ജനം എന്നിവരുടെ മകനായി ജനിച്ചു. മൂന്നു അദ്ധ്യാപകന്മാരുടെ കീഴില്‍ വേദങ്ങളഭ്യസിച്ചു. ഫോര്‍ത്തു ഫോറം വരെ ഔപചാരിക വിദ്യാഭ്യാസം. 1950ല്‍ കേംബ്രിഡ്ജ് സീനിയര്‍ പരീക്ഷ എഴുതി. 1957ല്‍ മദിരാശിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ജയകേരളം ആഴ്ചപ്പതിപ്പില്‍, സോഫോക്ലിസിന്റെ 'തീബന്‍' നാടകങ്ങളെക്കുറിച്ച് ഒരു ലേഖനം പ്രസിധീകരിച്ചു. 1958ല്‍ 'സൊഫോക്ലിസ്സിനൊരു മുഖവുര' പുറത്തു വന്നു. 1960ല്‍ മലയാള നാടകത്തിന്റെ ചരിത്രവും പ്രത്യേകതകളുമൊക്കെ വിവരിക്കുന്ന ഗ്രന്ഥം 'മലയാള നാടാകങ്ങളിലൂടെ' എഴുതി. അദ്ദേഹം എഴുതിയ സ്വതന്ത്ര നാടകമാണ് 'ശുദ്ധാത്മാക്കള്‍' പുറത്തു വന്നു. 1973ല്‍ എഴുതിയതാണ് 'നാടകരൂപചര്‍ച്ച. 1987ല്‍ എഴുതിയ 'ഇബ്‌സന്‍'പഠനഗ്രന്ഥമാണ്. 1990ല്‍ പ്രസിദ്ധീകൃതമായ 'മലയാള നാടകപ്രസ്ഥാനം' മലയാള നാടക സഹിത്യ ചരിത്രത്തെകുറിച്ചും അതിന്റെ വികാസപരിണാമങ്ങളെക്കുറിച്ചുമുള്ളതാണ്. മന്ത്രവാദത്തെപ്പറ്റി 'മന്ത്രവാദവും മനശ്ശാസ്ത്രവും' എന്ന പുസ്തകവും 'മന്ത്രപൈതൃകം'എന്ന ആത്മകഥയും രചിച്ചു.
'സമയം പോകാത്തവരും, സമയം തികയാത്തവരും' (മാതൃഭൂമി) എന്നതടക്കം പതിനഞ്ചോളം ചെറുകഥകളും, നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട് . കലാകൗമുദി വാരികയില്‍ എഴുതിയതാണ് 'ഉണ്ണിക്കുള്ള കത്തുകള്‍'.
2005 മേയ് 8നു കാട്ടുമാടം നാരായണന്‍ അന്തരിച്ചു.

കൃതികള്‍

    മലയാള നാടകങ്ങളിലൂടെ (1960)
    നാടകരൂപചര്‍ച്ച (1973)
    മലയാള നാടകപ്രസ്ഥാനം (1990)
    മന്ത്രപൈതൃകം (ആത്മകഥ)
    മന്ത്രവാദവും മനഃശാസ്ത്രവും
    സൊഫോക്ലിസ്സിനൊരു മുഖവുര (1958)
    ഇബ്‌സന്‍ (1987)
    ശുദ്ധാത്മാക്കള്‍ (നാടകം)