ഗുരു ഗോപിനാഥ്
ജനനം: 1908 ജൂണ്‍ 24
മരണം:
ജന്മനാട്: ആലപ്പുഴ കുട്ടനാട് അമ്പലപ്പുഴ താലൂക്ക് ചമ്പക്കുളം അമിച്ചകരി പെരുമാനൂര്‍ തറവാട്
മാതാപിതാക്കള്‍: പെരുമാനൂര്‍ മാധവി അമ്മ, കൈപ്പള്ളില്‍ വീട്ടില്‍ ശങ്കരപ്പിള്ള.
വിദ്യാഭ്യാസം: തെക്കേടത്ത് കൊച്ചുകുഞ്ഞു കുറുപ്പാശാന്റെ കുടിപ്പള്ളിക്കൂടത്തിലും തുടര്‍ന്ന് പള്ളിവക സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെയും പഠിച്ചു. അഞ്ചാം ക്ലാസ് ജയിച്ച് ആറാം ക്ലാസില്‍ ചേര്‍ന്നെങ്കിലും രണ്ടുമാസം കഴിഞ്ഞ് നിറുത്തി. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം കഥകളി പഠനത്തിനുപോയി. ചമ്പക്കുളം പരമുപിള്ള ആശാന്റെ കീഴില്‍ കഥകളി പഠിച്ചു. പതിമൂന്നാം വയസ്സില്‍ അമിച്ചകരി പടിപ്പുരയ്ക്കല്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് മഹാകവി വള്ളത്തോളിന്റെ മുന്നില്‍ കഥകളി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ പഠിക്കുകയും പലേടത്തും കളിക്കുകയും ചെയ്തുകൊണ്ടിരിക്കെ ബോംബെയില്‍ നിന്നുവന്ന, അമേരിക്കക്കാരിയായി നര്‍ത്തകി രാഗിണിദേവിയുമായി പരിചയപ്പെട്ടു. വള്ളത്തോളിന്റെയും മുകുന്ദരാജാവിന്റെയും അനുമതിയോടെ രാഗിണിദേവിയോടൊപ്പം ബോംബെയിലേക്കുപോയി. കഥകളി ഡാന്‍സ് എന്ന പുതിയ ഒരു നൃത്തരൂപത്തിന് തുടക്കംകുറിച്ചു. രാജ്യത്തിന്റെ പലഭാഗത്തും പരിപാടികള്‍ അവതരിപ്പിച്ചു പ്രശസ്തനായി. കൊല്‍ക്കത്തയില്‍ രവീന്ദ്രനാഥ ടാഗോറിനുമുന്നില്‍ കഥകളി ഡാന്‍സ് അവതരിപ്പിച്ച് പ്രശംസ നേടി. രാജ്യത്തും വിദേശത്തുമായി ഒരു പാട് പരിപാടികള്‍ അവതരിപ്പിച്ചു. വിശ്വകലാകേന്ദ്രം, നടനനികേതം എന്നീ സ്ഥാപനങ്ങള്‍ നടത്തി.
തിരുവിതാംകൂര്‍ പാലസ് ഡാന്‍സര്‍, രാജാവിന്റെ നര്‍ത്തകാലയം മാനേജര്‍, നടനനികേതം ഡയറക്ടര്‍, ഭാരതീയ കലാകേന്ദ്രം ഡയറക്ടര്‍, കേരള കലാകേന്ദ്രം പ്രിന്‍സിപ്പല്‍, ഹെല്‍സിങ്കിയില്‍ നടന്ന ലോക ക്ലാസിക്കല്‍ ഇന്ത്യന്‍ ഡാന്‍സിന്റെ ജഡ്ജി, ജാഫ്‌ന സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ഉപദേഷ്ടാവ്, കേന്ദ്ര സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി എന്നിവയുടെ ഭരണസമിതി അംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.
വലിയൊരു ശിഷ്യ സമ്പത്തിനുടമയായിരുന്നു ഗുരു ഗോപിനാഥ്. 1931 മുതല്‍ 1983 വരെയുള്ള കാലത്ത് ആയിരത്തഞ്ഞുറില്‍പ്പരം ശിഷ്യരുണ്ടായി. ചിലര്‍ ലോകപ്രശസ്ത നര്‍ത്തകരായി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ട ലളിത പത്മിനി രാഗിണിമാര്‍, യാമിനി കൃഷ്ണമൂര്‍ത്തി, പത്മാസുബ്രഹ്മണ്യം, ഡാന്‍സര്‍ ചന്ദ്രശേഖരന്‍, കേശവദാസ്, ഭവാനി, ചെല്ലപ്പന്‍, പ്രൊഫ.ശങ്കരന്‍കുട്ടി, വേണുജി എന്നിവര്‍ അതില്‍പ്പെടുന്നു.
കലാമണ്ഡലത്തില്‍ കല്യാണി അമ്മയുടെ ശിഷ്യത്വത്തില്‍ മോഹിനിയാട്ടം പഠിച്ചുകൊണ്ടിരുന്ന കുന്നംകുളംകാരി തങ്കമണിയെ വിവാഹം കഴിച്ചു. മൂന്നു പെണ്‍മക്കളും ഒരു മകനുമുണ്ട്.
കൃതികള്‍
അഭിനയാങ്കുരം
ക്ലാസിക്കല്‍ ഡാന്‍സ് പോസസ് ഓഫ ഇന്ത്യ
അഭിനയപ്രകാശിക
കഥകളി നടനം
നടനകൈരളി
താളവും നടനവും
പുരസ്‌കാരങ്ങള്‍
ബംഗാള്‍ മ്യൂസിക് കോണ്‍ഫറന്‍സിന്റെ അഭിനവ നടരാജന്‍
ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ ഗുരുസ്ഥാനം
തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് വീരശൃംഖല
കൊച്ചി, മൈസൂര്‍, ബിക്കാനിര്‍, ധോല്‍പൂര്‍, പട്യാല തുടങ്ങിയ നാട്ടുരാജ്യങ്ങളില്‍നിന്ന് സാല്‍വ, സുവര്‍ണമുദ്രകള്‍
ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് നാട്യതിലകം
കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ്
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്
കേരള കലാമണ്ഡലം അവാര്‍ഡ്
നിരവധി കീര്‍ത്തിമുദ്രകള്‍
Leave a Reply Cancel reply