മത്സ്യത്തൊഴിലാളി സംഘടനാ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പുരോഹിതനായിരുന്നു ഫാദര്‍ തോമസ് കോച്ചേരി( ജ. മേയ് 10- 1940  മ. മേയ് 3, 2014) സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പ്രസിദ്ധമായ ട്രോളിംഗ് വിരുദ്ധസമരത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
ചങ്ങനാശ്ശേരി കോച്ചേരി തറവാട്ടില്‍ സേവ്യര്‍ -ഏലിയാമ്മ ദമ്പതികളുടെ മകനായി 1940 മെയ് 10നാണ് ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി.കോളേജിലായിരുന്നു ബിരുദപഠനം. 1971 ല്‍ കത്തോലിക്ക സഭാ വൈദികനായി. വൈദിക പട്ടം സ്വീകരിച്ചശേഷം തീരപ്രദേശത്ത് സാമൂഹ്യപ്രവര്‍ത്തനം നടത്തുകയും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചരണത്തിലും പ്രക്ഷോഭത്തിലും ശ്രദ്ധകേന്ദ്രീകരിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ അവസാന നാളുകളിലും ജനകീയ സമരവേദികളില്‍ സജീവമായിരുന്നു. 1989 ല്‍ കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന കന്യാകുമാരി മാര്‍ച്ച് ഉള്‍പ്പെടെ സമരത്തിന്റെ മുന്‍പന്തിയിലുമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ അവരോടൊപ്പം താമസിച്ച് അവരെ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ആഗോളവത്കരണ നയങ്ങളുടെ നിശിതവിമര്‍ശകനായിരുന്ന അദ്ദേഹം ഇതിന്റെ പേരില്‍ അന്താരാഷ്ട്ര പുരസ്‌കാരം നിരസിച്ചിട്ടുണ്ട്. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനയുടെ സ്ഥാപകന്‍,നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ സ്ഥാപകന്‍,വേള്‍ഡ് ഫിഷ് ഹാര്‍വെസ്റ്റേഴ്‌സ് ആന്‍ഡ് ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ കോഓര്‍ഡിനേറ്റര്‍,ഇന്ത്യാസ് നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മുവ്‌മെന്റ്‌സിന്റെ കോഓര്‍ഡിനേറ്റര്‍, കത്തോലിക്കാസഭയിലെ ദിവ്യരക്ഷാ വിഭാഗത്തില്‍ അംഗം,മേധ പട്കറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പീള്‍സ് മൂവ്‌മെന്റ് (എന്‍.എ.പി.എം.) ദേശീയ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അവാര്‍ഡുകള്‍

    മനുഷ്യാവകാശ സംരക്ഷണത്തിനും തീരദേശ പരിസ്ഥിതി സംരക്ഷണത്തിനുമായി ജര്‍മനിയിലെ ഫിയാന്‍ ഇന്റര്‍നാഷണലിന്റെ സ്വര്‍ണ മെഡല്‍
    എര്‍ത്ത് സൊസൈറ്റി ഫൗണ്ടേഷന്റെ എര്‍ത്ത് ട്രസ്റ്റി അവാര്‍ഡ്
    നോര്‍വെയിലെ വിഖ്യാതമായ സോഫി പ്രൈസ്