അറിയപ്പെടുന്ന സാഹിത്യകാരനാണ് പമ്മന്‍. ആര്‍.പി. പരമേശ്വരമേനോന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചട്ടക്കാരിയിലൂടെ മികച്ച കഥയ്ക്കുള്ള 1974ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പമ്മനു ലഭിച്ചു.

1920 ഫെബ്രുവരി 23നു കൊല്ലത്ത് പ്ലാമൂട്ടില്‍ ജനിച്ചു. അച്ഛന്‍: കെ.രാമന്‍ മേനോന്‍. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂള്‍, മദ്രാസ് ഗവ. ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടി. കുറച്ചുകാലം റോയല്‍ ഇന്ത്യന്‍ നേവിയില്‍ ജോലിനോക്കി. 1946 മുതല്‍ 1980 വരെ പശ്ചിമ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. റെയില്‍വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനിയര്‍ ആയി വിരമിച്ചു. 30 നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തി. ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട്. ഭ്രാന്ത് എന്ന നോവലിലൂടെ എഴുത്തുകാരിയായ മാധവിക്കുട്ടിയെ പരോക്ഷമായ് അവഹേളിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു അടിമകള്‍, ചട്ടക്കാരി, അമ്മിണി അമ്മാവന്‍, മിസ്സി എന്നീ നോവലുകള്‍ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതി. ഭാര്യ: കമലാ മേനോന്‍. 2007 ജൂണ്‍ 3നു തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവച്ച് അന്തരിച്ചു.

കൃതികള്‍

ഭ്രാന്ത്
അടിമകള്‍
ചട്ടക്കാരി
അമ്മിണി അമ്മാവന്‍
മിസ്സി
തമ്പുരാട്ടി
വികൃതികള്‍ കുസൃതികള്‍
നെരിപ്പോട്
ഒരുമ്പെട്ടവള്‍
വഷളന്‍
ഒടുക്കം
സിസ്റ്റര്‍

പുരസ്‌കാരങ്ങള്‍

മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം