അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് പന്മന രാമചന്ദ്രന്‍ നായര്‍(ജനനം:1931 ഓഗസ്റ്റ് 13). ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായരുടേയും എന്‍. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സംസ്‌കൃതത്തില്‍ ശാസ്ത്രി പരീക്ഷയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1957ല്‍ മലയാളം എം.എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദവര്‍മ്മ സ്മാരക സമ്മാനം നേടി.
രണ്ടുകൊല്ലം മലയാളം ലക്‌സിക്കണില്‍ ആയിരുന്നു ജോലി. പിന്നീട് പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി. 1987ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗം അധ്യക്ഷനായിരിക്കെ വിരമിച്ചു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സര്‍വകലാശാലയുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പി.കെ.പരമേശ്വരന്‍ നായര്‍ സമിതിയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

തെറ്റില്ലാത്ത മലയാളം
തെറ്റും ശരിയും
പരിചയം
നൈഷധവും നളചരിതം ആട്ടക്കഥയും
ആശ്ചര്യചൂഡാമണി (പരിഭാഷ)
മഴവില്ല്
ഊഞ്ഞാല്‍
പൂന്തേന്‍
ദീപശിഖാകാളിദാസന്‍
അപ്പൂപ്പനും കുട്ടികളും
ശുദ്ധമലയാളം