മലയാളത്തിലെ ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായിരുന്നു ചിന്ത രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രന്‍. 1946ല്‍ കുന്നുമ്മല്‍ കൃഷ്ണന്റെയും ലക്ഷ്മിയുടെയും നാലാമത്തെ മകനായാണ് രവീന്ദ്രന്‍ ജനിച്ചത്. അച്ഛന്‍ കൃഷ്ണന്‍ കോഴിക്കോട് ജില്ലയിലെ പ്രശസ്ത ആയുര്‍വേദ വൈദ്യനായിരുന്നു. ചിന്ത പത്രാധിപസമിതി അംഗമായതോടെയാണ് 'ചിന്ത രവി' എന്ന പേര് ലഭിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം തന്റെ സഞ്ചാരവിവരണങ്ങളിലും സിനിമയിലും എഴുത്തിലുമൊക്കെ ഇടതുചായ്‌വ് പ്രകടമാക്കി. പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ദേവകി നിലയങ്ങാടിന്റെ മകളും, അദ്ധ്യാപികയും എഴുത്തുകാരിയുമായ എന്‍. ചന്ദ്രികയാണ് ഭാര്യ. തഥാഗതനാണ് മകന്‍. 2011 ജൂലൈ 4 ന് ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് മരിച്ചു.
    അദ്ദേഹം മൂന്നു ഫീച്ചര്‍ ഫിലിമുകളും, ഹരിജന്‍ (തെലുങ്കില്‍), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍ പക്ഷികള്‍ (മലയാളം) എന്നിങ്ങനെ മൂന്ന് ചലച്ചിത്രങ്ങളും സംവിധാനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ ജി. അരവിന്ദനെക്കുറിച്ചുള്ള മൗനം, സൗമനസ്യം എന്ന ലഘു ചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്‌ക്കാരം ലഭിച്ചു. ഏഴു യാത്രാവിവരണങ്ങളും ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. സിനിമയുടെ രാഷ്ട്രീയം എന്ന ഈ പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കേരളത്തിലെ പ്രധാന മാദ്ധ്യമനിരൂപകരില്‍ ഒരാളായിരുന്നു കെ. രവീന്ദ്രന്‍. 2009 ലെ മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'എന്റെ കേരളം' എന്ന ഗ്രന്ഥത്തിനു ലഭിച്ചു. ഏഷ്യാനെറ്റ് ചാനലില്‍ സമ്പ്രേഷണം ചെയ്ത 'എന്റെ കേരളം' എന്ന യാത്രാപരിപാടി മലയാളത്തിലെ ഗൗരവതരമായ സാംസ്‌കാരിക അന്വേഷണ പരിപാടിയായിരുന്നു.

കൃതികള്‍

    അകലങ്ങളിലെ മനുഷ്യര്‍ (യാത്രാവിവരണം)
    സ്വിസ്സ് സ്‌കെച്ചുകള്‍ (യാത്രാവിവരണം)
    ബുദ്ധപഥം (യാത്രാവിവരണം)
    വഴികള്‍
    ദിഗാരുവിലെ ആനകള്‍ (യാത്രാവിവരണം)
    മെഡിറ്ററേനിയന്‍ വേനല്‍ (യാത്രാവിവരണം)
    എന്റെ ശീതകാല യാത്രകള്‍
    സിനിമയുടെ രാഷ്ട്രീയം (ചലച്ചിത്ര നിരൂപണം)
    എന്റെ കേരളം (യാത്രാവിവരണം)
    സിനിമ സമൂഹം പ്രത്യയശാസ്ത്രം (ചലച്ചിത്ര നിരൂപണം)