എഴുത്തുകാരനും സാഹിത്യവിമര്‍ശകനുമാണ് ഡോ.എസ്.രാജശേഖരന്‍. കേരളത്തിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ മുന്നണിപ്രവര്‍ത്തകനാണ്. മലയാളത്തില്‍ 30ലേറെ പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലായി നിരൂപണം, കവിത തുടങ്ങിയ വിഭാഗങ്ങളില്‍ 600ലേറെ രചനകളും പ്രസിദ്ധീകരിച്ചു. 1946ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. മാതാപിതാക്കള്‍: റ്റി.കെ.ശങ്കുണ്ണി ആചാരി, എന്‍.ലക്ഷ്മി അമ്മ. ഭാര്യ: വി.സീതമ്മാള്‍ (സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം; സ്ഥാപക ജനറല്‍ സെക്രട്ടറി, വനിതാസാഹിതി). തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1970ല്‍ ഒന്നാമനായി എം. എ.(മലയാളം) ബിരുദം നേടി. 'വൈലോപ്പിള്ളിയുടെ കാവ്യജീവിതദര്‍ശനം' എന്ന പ്രബന്ധത്തിന് 1991ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡി ബിരുദം. ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ വിവിധ ഗവണ്മെന്റ് കോളേജുകളിലും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മുപ്പത് വര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തിരുവനന്തപുരം പ്രാദേശികകേന്ദ്രം ഡയറക്ടറായിരുന്നു. 2006ല്‍ വിരമിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രോ വൈസ്ചാന്‍സിലറായിരുന്നു(2008-2012).കേരള സര്‍വകലാശാലയുടെ ഫാക്കല്‍റ്റി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയിലും, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേരള കലാമണ്ഡലം എന്നിവിടങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. കേരള സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലെ അംഗീകൃത റിസര്‍ച്ച് ഗൈഡാണ്. കേരള സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല, കേരള കലാമണ്ഡലം എന്നിവിടങ്ങളിലെ ഡോക്ടറല്‍ കമ്മിറ്റിയംഗം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ശ്രീ ശങ്കരാചാര്യ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി, അസ്സോസിയേഷന്‍ ഓഫ് ശ്രീ ശങ്കരാചാര്യ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എന്നിവയുടെ സ്ഥാപകാധ്യക്ഷന്‍.പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കൃതികള്‍

സാഹിത്യവിമര്‍ശനം

    കവിതയുടെ ജാതകം
    കവിത വെളിച്ചത്തിലേക്ക്
    ഞാനിന്നിവിടെപ്പാടും പോലെ
    കവിത ഇന്ന്
    നോവലിന്റെ വിതാനങ്ങള്‍
    വൈലോപ്പിള്ളി: കവിതയും ദര്‍ശനവും
    ഗോപുരം തകര്‍ക്കുന്ന ശില്പി
    വൈലോപ്പിള്ളി ശ്രീധരമേനോന്‍
    പാട്ടുപ്രസ്ഥാനം: പ്രതിരോധവും സമന്വയവും
    നവോത്ഥാനാനന്തരകവിത
    പരിസ്ഥിതിദര്‍ശനം മലയാളകവിതയില്‍

ലഘുസാഹിത്യചരിത്രം

    മലയാളം: ഭാഷയും സാഹിത്യവും

സാംസ്‌ക്കാരികപഠനങ്ങള്‍

    മലയാളിയുടെ മലയാളം
    . കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നുവോ
    . വിദ്യാഭ്യാസം പുനര്‍നിര്‍വചിക്കുമ്പോള്‍
    . ഉത്സവങ്ങളില്‍ നഷ്ടമാകുന്നത്
    . പിന്‍വിചാരങ്ങള്‍
    . കേരളത്തിന്റെ സാംസ്‌ക്കാരികപരിണാമം

കവിതകള്‍

    നിലാവിന്റെ ക്രൌര്യം
    പകലിറങ്ങുമ്പോള്‍
    കുട്ടികള്‍ ഉറങ്ങുന്നില്ല

യാത്രാവിവരണം

    യൂറോപ്പില്‍ മഞ്ഞുകാലത്ത്
    ഋതുഭേദങ്ങളില്‍ യൂറോപ്പിലൂടെ

എഡിറ്റു ചെയ്ത പുസ്തകങ്ങള്‍

    ഓയെന്‍വിക്കവിത
    വൈലോപ്പിള്ളീക്കവിതാസമീക്ഷ
    കവിത: വിതയും കൊയ്ത്തും
    നമ്മുടെ ഭാഷ (ഇ.എം.എസ്.നമ്പൂതിരിപ്പാട്)
    സര്‍വകലാശാലാ വിദ്യാഭ്യാസം; പുതിയ സമീപനം
    കാപ്‌സ്യൂള്‍ കഥകള്‍
    പരിസ്ഥിതിക്കവിതകള്‍
    അന്റോണിയോ ഗ്രാംഷിയും സാംസ്‌ക്കാരികപഠനവും
    ഇനി ഞാനുണര്‍ന്നിരിക്കാം
    ഇ.എം.എസും ആധുനികതയും
    സാംസ്‌ക്കാരികതയുടെ സഞ്ചാരങ്ങള്‍
    സംസ്‌ക്കാരരാഷ്ട്രീയം: പാഠവും പ്രയോഗവും
    മലയാളകവിത ഇരുപതാം നൂറ്റാണ്ടില്‍

പുരസ്‌കാരങ്ങള്‍

    1991  സാഹിത്യനിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ്.
    2000ലെ കേരള സര്‍ക്കാരിന്റെ സംസ്‌കാരകേരളം പുരസ്‌കാരം
    2010  മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനുള്ള മോന്‍സിഞ്ഞോര്‍ കുരീത്തടം സ്മാരക സാഹിത്യരത്‌നം പുരസ്‌ക്കാരം
    2010  മികച്ച സാഹിത്യവിമര്‍ശനത്തിനുള്ള എസ് ബി റ്റി പുരസ്‌ക്കാരം
    മികച്ച പരിസ്ഥിതി സാഹിത്യവിമര്‍ശനത്തിനുള്ള ഡോ സി പി മേനോന്‍ പുരസ്‌ക്കാരം