ജി.എന്‍.പിള്ള ജനിച്ചത് 1930 ഏപ്രില്‍ 24ന് ആണ്. അച്ഛന്‍ ഹരിപ്പാട് ചെമ്പകത്തറ
വേലായൂധന്‍ പിള്ള. അമ്മ ദേവകിയമ്മ. ഗോവിന്ദനാരായണന്‍ എന്നാണ് മുഴുവന്‍ പേര്.
അച്ഛനമ്മമാര്‍ ബന്ധം പിരിഞ്ഞപേ്പാള്‍, ഗോവിന്ദനാരായണന്‍ മുത്തശ്ശിയുടെകൂടെ ആയിരുന്നു
താമസം. മണ്ണാറശ്ശാല സംസ്‌കൃതസ്‌ക്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. സംസ്‌കൃതത്തിലും
ഹിന്ദിയിലും വിദ്വാന്‍ പരീക്ഷ പാസായി. ഒരു എസ്റ്റേറ്റില്‍ മൂന്നുവര്‍ഷക്കാലം ഗുമസ്തനായി
ജോലിചെയ്തു. ആ കാലത്ത് ജയപ്രകാശ് നാരായണന്‍േറയും ലോഹ്യയുടേയും ചിന്തകളില്‍
ആകൃഷ്ടനായി. എറണാകുളത്തും, മൂവാറ്റുപുഴയിലും സോഷ്യലിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകന്‍ ആയി.
കല്‍ക്കട്ടയിലും ബനാറസിലും കുറെനാള്‍ താമസിച്ചിരുന്നു. അക്കാലത്താണ് ബംഗാളി പഠിച്ചത്.
എറണാകുളത്ത് കേരള ട്യൂട്ടോറിയലില്‍ കുറെക്കാലം അദ്ധ്യാപകനായിരുന്നു. പിന്നീട് കേരള
സര്‍വകലാശാലയുടെ ഹിന്ദിവിഭാഗത്തില്‍ ചേര്‍ന്നു. ജി. ശങ്കരക്കുറുപ്പ് നടത്തിയിരുന്ന തിലകം
മാസികയില്‍ ഇക്കാലത്ത് ലേഖനങ്ങള്‍ എഴുതി. 1968-ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍
അംഗമായി. അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്നു. വാരികയുടെ പ്രസിദ്ധീകരണം ഇക്കാലത്തുവച്ച്
തിരുവനന്തപുരത്തേക്കു മാറ്റിയപേ്പാള്‍, മാതൃഭൂമി വിട്ടു. 1983ല്‍ ശീര്‍ഷകം എന്ന മാസിക നടത്തി.
അവിവാഹിതനായ പിള്ള 1993 ഫെബ്രുവരി 21ന് മരിച്ചു.
    സംസ്‌കൃതം, ഹിന്ദി, ബംഗാളി എന്നീ ഭാഷകളില്‍, സാഹിത്യത്തില്‍, അസാധാരണമായ
അവഗാഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മനഃശ്ശാസ്ത്രം അദ്ദേഹം സ്വയംപഠിച്ചു. ഒരു
മനഃശ്ശാസ്ത്രജ്ഞന്റെ സഹായം ആവശ്യമുള്ള പല സുഹൃത്തുക്കള്‍ക്കും കൗണ്‍സലിംഗ്
നടത്തുവാനുള്ള വൈദഗ്ദ്ധ്യം ഈ വിഷയത്തില്‍ അദ്ദേഹം നേടി. പെയ്ന്റിംഗ്, കാര്‍ട്ടൂണ്‍, നൃത്തം,
സംഗീതം എന്നിവയിലും തല്പരന്‍ ആയിരുന്നു.  സിത്താര്‍, മൃദംഗം, വീണ എന്നിവ സാമാന്യം നല്‌ള രീതിയില്‍ കൈകാര്യം ചെയ്യാനും പ്രാവീണ്യം
ഉണ്ടായിരുന്നു. ഗൂഢശാസ്ത്രങ്ങളെപ്പറ്റി പഠിക്കാന്‍  ശ്രമിച്ചു. തന്ത്രം, യോഗം തുടങ്ങിയവ
അന്വേഷണമണ്ഡലങ്ങളാക്കി. ഭാഷാശാസ്ത്രം – പ്രത്യേകിച്ച് പദങ്ങളുടെ നിരുക്തി – അദ്ദേഹത്തെ
ആകര്‍ഷിച്ചിരുന്ന മറ്റൊരു വിഷയം ആണ്. സ്വപ്നങ്ങള്‍ക്കപ്പുറം, ജി. എന്‍. പിള്ളയുടെ
പ്രബന്ധങ്ങള്‍, കലാസൃഷ്ടി ആസ്വാദനം, കാളിയുടെ നാവ് എന്നിവയാണ് പ്രധാന രചനകള്‍.
പലപേ്പാഴായി എഴുതിയ കവിതകള്‍ ജി.എന്‍. പിള്ളയുടെ കവിതകള്‍ എന്ന പേരില്‍
സമാഹരിക്കപെ്പട്ടിട്ടുണ്ട്. തന്ത്രശാസ്ത്രത്തിലും മനശ്ശാസ്ത്രത്തിലും അദ്ദേഹം നേടിയ പാണ്ഡിത്യം,
പ്രാചീനകാവ്യദര്‍ശനങ്ങളിലേക്ക് പുതിയ വെളിച്ചം പ്രസരിപ്പിക്കുന്നതിന് അദ്ദേഹത്തെ
സഹായിച്ചിട്ടുണ്ട്. തന്ത്രശാസ്ത്രത്തില്‍ സൈദ്ധാന്തികജ്ഞാനം നേടുകമാത്രമല്‌ള, അതിന്റെ
അനുഷ്ഠാനവശങ്ങളിലും അദ്ദേഹം തല്പരന്‍ ആയിരുന്നു. കോഴിക്കോട്ട് അദ്ദേഹം ഗീതാക്‌ളാസുകള്‍
നടത്തിയിരുന്നു. പ്രതിഭയേയും, ശിവശക്തിബന്ധത്തേയും കുറിച്ചുള്ള ചര്‍ച്ച, തന്ത്രശാസ്ത്രത്തിന്റെ
പിന്‍ബലത്തോടെ ആണ് അദ്ദേഹം നടത്തിയത്. കവി ഋഷിയാണ് എന്ന് അംഗീകരിക്കെ ഋഷിക്ക്
വേണ്ടത് തത്വദര്‍ശനവും, കവിക്കുവേണ്ടത് അനുഭൂതി ദര്‍ശനവും ആണ് എന്നദ്ദേഹം പറയുന്നു.
ഖണ്ഡേക്കറുടെ യയാതി, എം. ടിയുടെ രണ്ടാമൂഴം തുടങ്ങിയ കൃതികളെ വിലയിരുത്തുന്ന
കാളിയുടെ നാവിലെ ഉപന്യാസങ്ങള്‍ മൗലികങ്ങളാണ്. പരാപശ്യന്തി, മദ്ധ്യമ, വൈഖരി തുടങ്ങിയ
ശബ്ദതലങ്ങളെപ്പറ്റി പറഞ്ഞുകൊണ്ട് മന്ത്രത്തിന്റെ സവിശേഷതകളും, ഒരുപന്യാസത്തില്‍ അദ്ദേഹം
വിവരിക്കുന്നു. ബീജാക്ഷരങ്ങള്‍, ഓംകാരം, കുണ്ഡലിനി തുടങ്ങി തന്ത്രശാസ്ത്രസംബന്ധിയായ
നിരവധി പ്രമേയങ്ങള്‍, സാഹിത്യനിരൂപണവും ആയി ബന്ധപെ്പടുത്തുവാന്‍ ശ്രമിച്ചതിലെ
മൗലികത ഇനിയും അംഗീകരിക്കപെ്പടേണ്ടതുണ്ട്.

കൃതികള്‍: സ്വപ്നങ്ങള്‍ക്കപ്പുറം, ജി.എന്‍.പിള്ളയുടെ
പ്രബന്ധങ്ങള്‍, കലാസൃഷ്ടി ആസ്വാദനം, കാളിയുടെ നാവ്, ജി.എന്‍. പിള്ളയുടെ കവിതകള്‍