ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് (മാര്‍ച്ച് 14, 1913-ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിറുത്തിയാണ് 1980ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചത്.1913 മാര്‍ച്ച് 14ന് കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് നേടി. കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തില്‍ 1937-39 വര്‍ഷങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളില്‍ താല്പര്യം ജനിച്ചത്. 1939ല്‍ ബോംബേയിലേക്കുള്ള യാത്രയില്‍ നിന്നാണ് ലോകസഞ്ചാരങ്ങള്‍ ആരംഭിക്കുന്നത്. കുറച്ചുകാലം ബോംബേയില്‍ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ ഈ കാലയളവില്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ല്‍ കപ്പല്‍മാര്‍ഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്.
1928ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജ് മാഗസിനില്‍ വന്ന ‘രാജനീതി’ എന്ന കഥയായിരുന്നു അത്. 1929ല്‍ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തില്‍ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931ല്‍ എറണാകുളത്തുനിന്നു മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയില്‍ ഹിന്ദു-മുസ്ലിം മൈത്രി എന്ന കഥയും പുറത്തുവന്നു. തുടര്‍ന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ തുടര്‍ച്ചയായി കഥകള്‍ എഴുതി. ആദ്യത്തെ നോവല്‍ നാടന്‍പ്രേമമാണ്. 1939ല്‍ ബോംബേയില്‍ വച്ചാണ് ഇതെഴുതിയത്. ബോംബേയിലായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പൊറ്റെക്കാട്ട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.
1939ല്‍ പ്രസിദ്ധീകരിച്ച നാടന്‍പ്രേമമാണ് പൊറ്റെക്കാട്ടിന്റെ ആദ്യനോവല്‍. കാല്പനികഭംഗിയാര്‍ന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക വളരെ ശ്രദ്ധിക്കപ്പെട്ടു.
1957ല്‍ തലശ്ശേരിയില്‍ നിന്നും ലോകസഭയിലേക്കു മല്‍സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. 1962ല്‍ തലശ്ശേരിയില്‍ നിന്നു തന്നെ സുകുമാര്‍ അഴീക്കോടിനെ 66,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇലക്ഷനിലൂടെ ലോക്‌സഭയിലെത്തിയ അപൂര്‍വ്വം സാഹിത്യകാരന്മാരില്‍ ഒരാളാണ് പൊറ്റെക്കാട്ട്. 1982 ഓഗസ്റ്റ് 6ന് അന്തരിച്ചു.

കൃതികള്‍

നോവല്‍

1937 വല്ലികാദേവി
1941 നാടന്‍ പ്രേമം
1945 പ്രേമശിക്ഷ
1948 മൂടുപടം
1948 വിഷകന്യക
1959 കറാമ്പൂ
1960 ഒരു തെരുവിന്റെ കഥ
1971 ഒരു ദേശത്തിന്റെ കഥ
1974 കുരുമുളക്
1979 കബീന
നോര്‍ത്ത് അവന്യൂ

ചെറുകഥകള്‍

1944 ചന്ദ്രകാന്തം
1944 മണിമാളിക
1945 രാജമല്ലി
1945 നിശാഗന്ധി
1945 പുള്ളിമാന്‍
1945 മേഘമാല
1946 ജലതരംഗം
1946 വൈജയന്തി
1947 പൌര്‍ണ്ണമി
1947 ഇന്ദ്രനീലം
1948 ഹിമവാഹിനി
1949 പ്രേതഭൂമി
1949 രംഗമണ്ഡപം
1952 യവനികയ്ക്കു പിന്നില്‍
1954 കള്ളിപ്പൂക്കള്‍
1954 വനകൗമുദി
1955 കനകാംബരം
1960 അന്തര്‍വാഹിനി
1962 എഴിലംപാല
1967 തെരഞ്ഞെടുത്ത കഥകള്‍
1968 വൃന്ദാവനം
1970 കാട്ടുചെമ്പകം
ഒട്ടകം
അന്തകന്റെ തോട്ടി
നദീതീരത്തില്‍
കടവുതോണി
മെയില്‍ റണ്ണര്‍
രഹസ്യം
മലയാളത്തിന്റെ ചോര
ജയില്‍

യാത്രാവിവരണം

1947 കശ്മീര്‍
1949 യാത്രാസ്മരണകള്‍
1951 കാപ്പിരികളുടെ നാട്ടില്‍
1954 സിംഹഭൂമി
1954 നൈല്‍ ഡയറി
1954 മലയ നാടുകളില്‍
1955 ഇന്നത്തെ യൂറോപ്പ്
1955 ഇന്തൊനേഷ്യന്‍ ഡയറി
1955 സോവിയറ്റ് ഡയറി
1956 പാതിരാസൂര്യന്റെ നാട്ടില്‍
1958 ബാലിദ്വീപ്
1960 ബൊഹേമിയന്‍ ചിത്രങ്ങള്‍
1967 ഹിമാലയസാമ്രാജ്യത്തില്‍
1969 നേപ്പാള്‍ യാത്ര
1960 ലണ്ടന്‍ നോട്ട്ബുക്ക്
1974 കെയ്‌റോ കഥകള്‍
1977 ക്ലിയോപാട്രയുടെ നാട്ടില്‍
1976 ആഫ്രിക്ക
1977 യൂറോപ്പ്
1977 ഏഷ്യ

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്-ഒരു തെരുവിന്റെ കഥ
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്- ഒരു ദേശത്തിന്റെ കഥ
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1977)-ഒരു ദേശത്തിന്റെ കഥ
ജ്ഞാനപീഠ പുരസ്‌കാരം (1980)-ഒരു ദേശത്തിന്റെ കഥ
കാലിക്കറ്റ് സര്‍വ്വകലാശാല ഡോക്ടറേറ്റ്