പട്ടാമ്പിക്കടുത്ത് പെരുമൂടിയൂരില്‍ ചെട്ടിയാര്‍തൊടിവീട്ടില്‍ ആണ് 1894 മെയ് മാസം 7 ന്
(കൊ.വ. 1069 മേടം 26) ശങ്കുണ്ണി നായര്‍ ജനിച്ചത്. അച്ഛന്‍ പുതുമനംപറമ്പത്തു ശങ്കരന്‍ നായര്‍;
അമ്മ പാര്‍വ്വതിയമ്മ. പട്ടാമ്പി സംസ്‌കൃതപാഠശാലാദ്ധ്യാപകനായിരുന്ന, അമ്മാവന്‍
ഗോവിന്ദന്‍നായരാണ് ആദ്യഗുരു. തുടര്‍ന്ന് പട്ടാമ്പി സാരസ്വതോദ്യോതിനി സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ്
കോളേജില്‍ പഠനം തുടര്‍ന്നു. പുന്നശേ്ശരിനമ്പിയുടെ പ്രിയശിഷ്യനായി. വിജ്ഞാനചിന്താമണി
എന്ന സംസ്‌കൃതവാരികയില്‍ അന്ന് ലേഖനങ്ങള്‍ എഴുതിയിരുന്നു. 21-ാ0 വയസ്‌സില്‍, വിദ്വാന്‍
പരീക്ഷ ജയിച്ചശേഷം, അതേ വിദ്യാലയത്തില്‍ അദ്ധ്യാപകനായി. ഒരു വര്‍ഷംകഴിഞ്ഞ് ആലുവാ
സെന്റ് മേരീസില്‍ അദ്ധ്യാപകനായി. അന്നത്തെ ശിഷ്യന്മാരാണ്, ജിയും കുറ്റിപ്പുഴയും.
ആലുവായില്‍ വച്ചാണ് സ്വയം ഇംഗ്‌ളീഷ് പഠിച്ചത്. അതോടെ ദേശീയപ്രസ്ഥാനത്തിലേയ്ക്ക്
ആകൃഷ്ടനായി. തല്‍ഫലമായി ജോലി നഷ്ടപെ്പട്ടു. തുടര്‍ന്ന് ബാരിസ്റ്റര്‍ എ.കെ. പിള്ള
കൊല്‌ളത്തുനിന്നും പ്രസിദ്ധപെ്പടുത്തിയിരുന്ന സ്വരാട്ട് പത്രത്തില്‍ ചേര്‍ന്നു. രണ്ടരവര്‍ഷത്തെ
പത്രപ്രവര്‍ത്തനശേഷം വീണ്ടും പട്ടാമ്പിയില്‍ അദ്ധ്യാപകനായി. പിന്നീട് മദിരാശിയില്‍ ലയോള
കോളേജില്‍ അദ്ധ്യാപകനായി. 1928 മുതല്‍ 1934 വരെ അവിടെ പഠിപ്പിച്ചു.
രണ്ടുവര്‍ഷം മദിരാശി സര്‍വ്വകലാശാലയില്‍ മണിപ്രവാളചമ്പുസാഹിത്യത്തെപ്പറ്റി ഗവേഷണം
നടത്തി. 1936ല്‍ പട്ടാമ്പിയില്‍ സംസ്‌കൃതകോളേജ് പ്രന്‍സിപ്പലായി. സമഭാവിനി,
അല്‍ അമീന്‍ എന്നീ പത്രങ്ങളുടെ പ്രസിദ്ധീകരണത്തിലും പങ്കുവഹിച്ചു. 1942 മെയ് 8 ന് (കൊ.വ.1117
മേടം 25) മരിച്ചു.
    1915 നും 1941 നും ഇടയിലാണ്, സി.എസ.് നായര്‍ നിരൂപണങ്ങള്‍ എഴുതിയത്.
സാഹിത്യസംബന്ധിയായ നൂറോളം ലേഖനങ്ങള്‍, മറ്റു വിജ്ഞാനശാഖകളെ സ്പര്‍ശിക്കുന്ന
അത്രയും തന്നെ ലേഖനങ്ങള്‍, കുറെ കഥകള്‍, ഒരു നോവല്‍, ഒരു നാടകം എന്നിവയാണ്
അദ്ദേഹത്തിന്റെ സംഭാവന. എട്ടു കഥകള്‍ ഉള്‍ക്കൊള്ളുന്നു 'കഥാകലിക'യില്‍. പല കഥകളും
ഇംഗ്‌ളീഷ് കഥകളുമായി ബന്ധം ഉള്ളവയാണ്. പുരോഗമനപരമായ ആശയം എല്‌ളാ കഥകളിലും
കാണാം. 1925 ല്‍ പ്രസിദ്ധീകൃതമായ നോവല്‍, ഊര്‍മ്മിള അഥവാ സുവര്‍ണ്ണപഞ്ജരം കേജ് ഓഫ്
ഗോള്‍ഡ് എന്ന ഇംഗ്‌ളീഷ് കൃതിയുടെ പരിഭാഷയാണ്. അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്റെ
പശ്ചാത്തലത്തില്‍ എഴുതിയ ഏകാങ്കനാടകമാണ് മഹത്വവൈഭവം. വക്രോകതിയും ധ്വനിയും,
രശനോപമയും ഏകാവലിയും, കാവ്യനിരൂപണം, ചമത്ക്കാരം, സാഹിത്യരഹസ്യം, കവിതയും
ശൃംഗാരവും തുടങ്ങിയ പ്രബന്ധങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കാളിദാസന്‍, ഭവഭൂതി, ശകതിഭദ്രന്‍,
അശ്വഘോഷന്‍ എന്നിവരെക്കുറിച്ചും സി.എസ്. എഴുതി. കാളിദാസരുടെ ആശയവിശേഷങ്ങള്‍
എന്ന സുദീര്‍ഘപ്രബന്ധം കാളിദാസകവിതയുടെ മികച്ച ആസ്വാദനം കൂടിയാണ്.
    സാഹിത്യമഞ്ജരി നാലാം.ഭാഗം, കണ്ണമ്പ്ര കുഞ്ഞുണ്ണിനായരുടെ അഹല്യാഭായി, പള്ളത്തുരാമന്റെ
അമൃതപുളിനം, ചന്തുമേനോന്റെ ഇന്ദുലേഖ, നാലപ്പാടന്റെ കണ്ണുനീര്‍ത്തുള്ളി എന്നിവയാണ് അദ്ദേഹം
നിരൂപണം ചെയ്ത പുസ്തകങ്ങള്‍. നിരൂപണത്തില്‍, ഗ്രന്ഥബാഹ്യമായ മറ്റൊരു സ്വാധീനതയ്ക്കും
പ്രസക്തിയില്‌ള എന്ന് അദ്ദേഹം ശഠിച്ചു. വള്ളത്തോള്‍ കവിതയോടുള്ള ആദരവുപോലും
അന്ധമാകാതിരിക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സാഹിത്യം നിശ്ശബ്ദമായി ധര്‍മ്മോദ്‌ബോധനം
നടത്തണം എന്നും, പ്രതിപാദ്യത്തില്‍ എന്നതിലധികം പ്രതിപാദനരീതിയില്‍ ശ്രദ്ധിക്കണം എന്നും
പറഞ്ഞ സി.എസ.്, മനുഷ്യന്റെ ആധ്യാത്മികലോകമാണ് കലാസൃഷ്ടിക്കു കാരണം എന്നും
പറയുകയുണ്ടായി. റിയലിസം, ഐഡിയലിസം തുടങ്ങിയ പദങ്ങള്‍ മലയാളനിരൂപണത്തില്‍
കടന്നുവന്നത് സി.എസിന്റെ നിരൂപണങ്ങളില്‍ കൂടിയാണ്. മനശ്ശാസ്ത്രത്തിന്റെയും
സാമൂഹികശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍, സാഹിത്യകൃതികളെ വിലയിരുത്താന്‍ ശ്രമിച്ചവരില്‍
മുന്‍പനായിരുന്നു അദ്ദേഹം. മലയാളനിരൂപണത്തിന്റെ നിയോക്‌ളാസിക് അഭിരുചികളെ ഉലച്ച്,
അതിനെ കാല്പനികതയിലേയ്ക്ക് സി.എസ്. ആനയിച്ചു. സൗമ്യവും ദൃഢവും ആയിരുന്നു,
ഗാന്ധിയനായിരുന്ന സി.എസിന്റെ വാക്കുകള്‍.

കൃതികള്‍: കഥാകലിക, ഊര്‍മ്മിള അഥവാ സുവര്‍ണ്ണപഞ്ജരം, മഹത്വവൈഭവം,