ആദ്യകാല സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്നു സി.പി.അച്യുതമേനോന്‍. മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്നുമറിയപ്പെട്ടു.ചങ്ങരംപൊന്നത്ത് അച്യുതമേനോന്റെ ജനനം 1863ല്‍ തൃശൂരിലാണ്. പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞന്‍മേനോന്‍,മാതാവ് ചങ്ങരംപൊന്നത്ത് പാര്‍വ്വതിയമ്മ.
മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1886 മുതല്‍ കൊച്ചിസര്‍ക്കാരിന്റെ കീഴില്‍ സേവനമാരംഭിച്ചു. അന്നത്തെ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോന്‍ മലയാളവിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ വിദ്യാഭ്യാസവകുപ്പിന്റെ തലവനായി നിയമിതനായി. കൊച്ചിയിലെ ശിലാശാസനങ്ങളെപ്പറ്റിയുള്ള പഠനം, വ്യവസായപരിഷ്‌കരണ റിപ്പോര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍ സ്‌കൂളുകളുടെ സ്ഥാപനം, ദേവസ്വം ഏകീകരിക്കുന്നതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട്, കുടിയായ്മ റിപ്പോര്‍ട്ട്, ലാന്റ് റവന്യു മാന്വല്‍, എന്‍ജിനീയറിങ്ങ് ഡിപ്പാര്‍ട്ടുമെന്റ് കോഡ്, വില്ലേജ് ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍, കൊച്ചിന്‍ സ്‌റേറ്റ് മാന്വല്‍ ഇവയൊക്കെ സി.പി അച്യുതമേനോന്റെ സൃഷ്ടികളാണ്. പുരോഗമനചിന്താഗതിക്കാരനായ അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തില്‍ അതീവശ്രദ്ധ പുലര്‍ത്തി. തന്റെ ഭരണകാലത്ത് പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ഫീസ് നിര്‍ത്തലാക്കി.
കൊച്ചിയിലെ ആദ്യത്തെ നിയമനിര്‍മ്മാണ സഭയില്‍ അംഗമായിരുന്നു. മുളങ്കുന്നത്ത് കാവ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
1889ല്‍ സി.പി പത്രാധിപരായി 'വിദ്യാവിനോദിനി' എന്ന സാഹിത്യമാസിക തൃശൂരില്‍ നിന്നും പുറത്തിറങ്ങി. ഇതില്‍ പുസ്തകനിരൂപണരൂപത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളാണ് മലയാളനിരൂപണരംഗത്ത് ആദ്യമായി ഖണ്ഡനനിരൂപണം തുടങ്ങിവച്ചത്. ഭാരതീയവും പാശ്ചാത്യവുമായ നിരൂപണസങ്കല്പങ്ങള്‍ സമന്വയിക്കപ്പെട്ട നിരൂപണാദര്‍ശമായിരുന്നു അത്. സുകുമാര്‍ അഴീക്കോട് തന്റെ മലയാളസാഹിത്യവിമര്‍ശനം എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം അഭിപ്രായപ്പെടുന്നു: ''എന്തെന്നാല്‍,പില്‍ക്കാലത്ത് ഉള്ളൂരും രാജരാജവര്‍മയും കേരളവര്‍മയും ഉയര്‍ത്തിയ പല പ്രശ്‌നങ്ങളും ഇദ്ദേഹം ആദ്യംതന്നെ സൂചിപ്പിച്ചിരുന്നു എങ്കിലും സൗകര്യപൂര്‍വം വായിക്കാനുതകുന്ന ഗ്രന്ഥരചന നടത്തിയില്ല എന്ന പേരില്‍ ഇദ്ദേഹം അവഗണിയ്ക്കപ്പെട്ടു.'' സി. പി. അച്യുതമേനോന്റെ ജീവചരിത്രം വി.കെ.രാമന്‍ മേനോന്‍ ആണ് രചിച്ചത്.

കൃതികള്‍

കൊച്ചി സ്റ്റേറ്റ് മാനുവല്‍
ലാന്‍ഡ് റവന്യു മാനുവല്‍
ശാകുന്തളം
ഉത്തരരാമചരിതം
ഭഗവദ്ദൂത്