അച്യുതമേനോന് സി (സി.അച്യുതമേനോന്)
സാഹിത്യകാരനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്നു. ചേലാട്ട് അച്യുതമേനോന് എന്ന സി.അച്യുതമേനോന്. ജനനം 1913 ജനുവരി 13, മരണം: ഓഗസ്റ്റ് 16, 1991) 1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെയും കേരള മുഖ്യമന്ത്രിയായിരുന്നു
തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് മടത്തിവീട്ടില്‍ കുട്ടന്മേനോന് എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായിരുന്നു. റവന്യൂ ഇന്‍സ്പെക്ടറായിരുന്നു പിതാവ്. നാലാം ക്ലാസ്സു മുതല്‍ ബി.എ. വരെ മെരിറ്റ് സ്കോളര്‍ഷിപ്പോടുകൂടി പഠിച്ചു. തൃശൂര്‍ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തു മാതൃകാവിദ്യാര്‍ത്ഥിയായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സ്വര്‍ണമെഡല്‍ നേടി. ഇന്റര്‍മീഡിയറ്റിനു റാങ്കും സ്കോളര്‍ഷിപ്പും നേടി. ബി.എ.യ്ക്കു മദിരാശി സര്‍വകലാശാലയില്‍ ഒന്നാമനായിരുന്നു.
ഉന്നതനിലയില്‍ ബി.എ.പാസ്സായ മകനെ ഐ.സി.എസ് പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും, മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി തിരുവനന്തപുരം ലാ കോളേജില്‍ ചേര്‍ക്കുകയായിരുന്നു. ബി.എല്‍. പരീക്ഷയ്ക്കു തിരുവനന്തപുരം ലാ കോളജില്‍ ഹിന്ദുനിയമത്തില്‍ ഒന്നാം സ്ഥാനം നേടി ‘വി. ഭാഷ്യം അയ്യങ്കാര്‍ സ്വര്‍ണമെഡല്‍’ കരസ്ഥമാക്കി. കുടുംബത്തിന് താങ്ങാവാന്‍ അഭിഭാഷകനായി. ചിലപ്പോഴൊക്കെ സത്യത്തിനു വിരുദ്ധമായി കോടതിയില്‍ കേസു നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് അഭിഭാഷകജോലി അത്ര തൃപ്തി നല്‍കിയിരുന്നില്ല.
തൃശൂര്‍ കോടതിയില്‍ അല്പകാലം അഭിഭാഷകനായശേഷം അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കൊച്ചിന് കോണ്‍ഗ്രസ്സിലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1937ല്‍ തൃശൂരില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായിരുന്നു. 1940 ല്‍ കര്‍ഷകരെ സംഘടിപ്പിക്കാനായി ഇറങ്ങി. ഇക്കാലയളവിലാണ് വി.ആര്.കൃഷ്ണനെഴുത്തച്ഛനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. അയിത്തത്തിനെതിരേയും, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയില്‍ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിച്ചു. കൊച്ചിയില്‍ നടന്ന വൈദ്യുതപ്രക്ഷോഭത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടു.
1942ല്‍ സി.പി.ഐ. യില്‍ അംഗമായി. മധുരയില്‍ നടന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടര്‍ന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943ല്‍ പാര്‍ട്ടി നിരോധിച്ചപ്പോള്‍ നാലുവര്‍ഷക്കാലത്തിലേറെ ഒളിവില്‍ കഴിഞ്ഞു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂര്‍ മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞ കാലത്താണ്, 1952ല്‍ തിരുകൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957ലും 1960ലും 70ലും നടന്ന തെരഞ്ഞെടുപ്പുകളിലും വിജയം വരിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ (1957-59) അച്യുതമേനോന് ധനകാര്യമന്ത്രി ആയിരുന്നു. 1968ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1969ല്‍ കേരളത്തില്‍ ഐക്യമുന്നണി ഗവണ്മെന്റ് രൂപവത്കരിച്ചപ്പോള്‍ മേനോന് മുഖ്യമന്ത്രിയായി. 1970ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോന് തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോന് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ ഇദ്ദേഹം മോസ്കോ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply Cancel reply