കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
1758 മുതല്‍ 1798 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവായിരുന്നു ധര്‍മ്മരാജാവ് എന്നറിയപ്പെട്ട കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ (1733-1798). ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാള്‍ വീരമാര്‍ത്താണ്ഡവര്‍മ്മയുടെ പിന്തുടര്‍ച്ചാവകാശിയായാണ് കാര്‍ത്തിക തിരുനാള്‍ ഭരണമേറ്റെടുത്തത്. മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമിയായ രാമവര്‍മ, മുന്‍ഗാമിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന് വടക്കന്‍ സ്വരൂപങ്ങളിലെ വിമതന്മാരായ മാടമ്പിമാരെ ഒരുവിധം ഒതുക്കാന്‍ കഴിഞ്ഞു. അതിനുശേഷം 1761ല്‍ തിരുവിതാംകൂറും കൊച്ചിയുമായി ഡച്ചുകാരുടെ സാന്നിധ്യത്തില്‍ ചേര്‍ത്തല വച്ച് 1757ലെ കരാറിന് പുതുജീവന്‍ നല്കി. സാമൂതിരിയെ ഓടിച്ചുകളയുന്നതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും കരപ്പുറം ഉള്‍പ്പെടെ തിരുവിതാംകൂര്‍ കൈയടക്കിയ സ്ഥലത്തിന് ചോദ്യമില്ലെന്നും കരാറില്‍ എഴുതിച്ചേര്‍ത്തു. തുടര്‍ന്ന് ദളവാ അയ്യപ്പന് മാര്‍ത്താണ്ഡപ്പിള്ളയുടേയും വലിയ കപ്പിത്താന് ഡിലനോയിയുടെയും നേതൃത്വത്തില്‍ രണ്ട് വഴിയായി തിരുവിതാംകൂര്‍ സൈന്യം പുറപ്പെട്ട് സാമൂതിരിയെ കൊച്ചി രാജ്യത്തു നിന്ന് ഓടിച്ചു. തിരുവിതാംകൂറിന്റെ യുദ്ധച്ചെലവു മുഴുവന്‍ സാമൂതിരി തവണകളായി നല്കിക്കൊള്ളാമെന്ന കരാറെഴുതി വാങ്ങി. ഇംഗ്ലീഷുകാരോടൊപ്പംനിന്ന് പല യുദ്ധങ്ങളിലും ഏര്‍പ്പെട്ട് ആളും അര്‍ഥവും നഷ്ടപ്പെടുത്തിയെങ്കിലും ഇംഗ്ലീഷ് സൈന്യം കളക്കാട്ടുനിന്നു തിരുവിതാംകൂര്‍ സൈന്യത്തെ നിഷ്കാസനം ചെയ്തു. മാത്രമല്ല ഇംഗ്ലീഷുകാരുടെ മധ്യസ്ഥതയില്‍ കര്‍ണാടിക് നവാബുമായുണ്ടാക്കിയ ഉടമ്പടിയില്‍ കളക്കാട് ഉപേക്ഷിക്കേണ്ടിവരികയും നവാബിന് നഷ്ടപരിഹാരം നല്കേണ്ടിവരികയും ആണ്ടുതോറും കപ്പം കൊടുത്ത് നവാബിന്റെ കീഴില്‍ ജമീന്ദാറായിരുന്നുകൊളളാമെന്ന് സമ്മതിക്കേണ്ടി വരികയും ചെയ്തു (1765).
ഇംഗ്ലീഷുകാരോട് ഒരുതരം വിധേയത്വമാണ് രാമവര്‍മ പുലര്‍ത്തിയിരുന്നത്. കോലത്തിരി കുടുംബത്തിലെ കലഹങ്ങളില്‍നിന്ന് ഒളിച്ചോടി തലശ്ശേരിയിലെ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ച മാതുലനെയും മാതാവിനെയും തിരുവിതാംകൂറിലേയ്ക്കു ദത്തെടുപ്പിച്ചത് ഇംഗ്ലീഷുകാരാണ്. 1740ല്‍ മാതാവിനൊപ്പം ആറ്റിങ്ങല്‍ കോട്ടയില്‍ കഴിയവേ ഡച്ചുകാരുടേയും കായംകുളത്തിന്റേയും സംയുക്തസേനയുടെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടത് ഇംഗ്ളീഷ് ഭടന്മാരുടെ സമയോചിതമായ സഹായം ഒന്നുകൊണ്ടുമാത്രമായിരുന്നു. അന്ന് 16 വയസ്സു മാത്രം പ്രായമുള്ള രാമവര്‍മ ജീവിതാവസാനം വരെ ഇംഗ്ലീഷുകാരുടെ വിശ്വസ്തനായിരുന്നു. എങ്കിലും എപ്പോഴും ചതിയായിരുന്നു പ്രതിഫലമായി ലഭിച്ചത്. അതില്‍ ആദ്യത്തേതായിരുന്നു നവാബുമായുള്ള ഉടമ്പടി. നവാബിനാവശ്യമുള്ളപ്പോള്‍ സൈന്യത്തെ അയച്ചുകൊടുത്തുകൊള്ളാമെന്നും ഉടമ്പടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ ഉടമ്പടിയുണ്ടാക്കുമ്പോള്‍ നവാബിന്റെ ശത്രുവായ മൈസൂറിലെ ഹൈദരാലിഖാന്‍ കേരളത്തിനുനേരെ ഭീഷണി ഉയര്‍ത്തുന്നുണ്ടായിരുന്നു. ഉടന്‍തന്നെ കൊടുങ്ങല്ലൂര്‍ കായല്‍ മുതല്‍ കിഴക്ക് ചെറുപുത്തുമലവരെ 32 നാഴിക നീളത്തില്‍ കൊച്ചീരാജ്യത്തെ രണ്ടായി വിഭജിച്ചുകൊണ്ട് നെടുംകോട്ടകെട്ടി ഹൈദരെ പ്രതിരോധിക്കാന്‍ തിരുവിതാംകൂര്‍ ഒരുങ്ങി. മലബാര്‍ കീഴടക്കിയ ഹൈദര്‍ 1776ല്‍ കൊച്ചിയും കീഴടക്കി. 1769ല്‍ ഇംഗ്ളീഷുകാരും ഹൈദരുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടിയില്‍ തിരുവിതാംകൂറിനെ ഇംഗ്ളീഷുകാരുടെ മിത്രം എന്നു പറഞ്ഞിരുന്നതിനാല്‍ തിരുവിതാംകൂറിനു നേരെ ആക്രമണമുണ്ടായില്ല.
ടിപ്പു സുല്‍ത്താനും ഇംഗ്ലീഷുകാരുമായുണ്ടാക്കിയ മംഗലാപുരം ഉടമ്പടിയിലും തിരുവിതാംകൂറിനെ ഇംഗ്ലീഷുകാരുടെ മിത്രമായി പറഞ്ഞിരുന്നു. എങ്കിലും തിരുവിതാംകൂറിന്റെ ഭാഗത്തു നിന്നുണ്ടായ ചില കാര്യങ്ങള്‍ സുല്‍ത്താനെ പ്രകോപിപ്പിച്ചു. മൈസൂറിന്റെ പീഡനത്തെത്തുടര്‍ന്ന് മലബാറിലെ നാടുവാഴികളും പ്രഭുക്കന്മാരും സമ്പത്തുമായി തിരുവിതാംകൂറിനെ അഭയം പ്രാപിച്ചതും അവര്‍ തിരുവിതാംകൂറിലിരുന്നുകൊണ്ടുതന്നെ മൈസൂറിനെതിരെ കലാപങ്ങള്‍ പ്രോത്സാഹിപ്പിച്ചതുമായിരുന്നു അവയിലൊന്ന്. തിരുവിതാംകൂറുമായി സൗഹൃദക്കരാറുണ്ടാക്കാനുള്ള സുല്‍ത്താന്റെ ആഗ്രഹം താന്‍ കര്‍ണാടിക് നവാബിന്റെ സാമന്തനാണെന്നു പറഞ്ഞ് തിരുവിതാംകൂര്‍ രാജാവ് നിരസിച്ചു. മൈസൂറിന്റെ സാമന്ത രാജ്യമായ കൊച്ചിക്കു കുറുകെ തിരുവിതാംകൂര്‍ നിര്‍മിച്ച നെടുംകോട്ട പൊളിച്ചു കളയണമെന്ന ആവശ്യവും തിരുവിതാംകൂര്‍ നിരസിച്ചു. ഇതിനെല്ലാം ഉപരിയായി കൊച്ചി രാജ്യത്തുള്ള കൊടുങ്ങല്ലൂര്‍, അഴീക്കല്‍ കോട്ടകള്‍ ഡച്ചുകാരില്‍ നിന്ന് തിരുവിതാംകൂര്‍ വിലയ്ക്കു വാങ്ങിയത് അനാവശ്യമായി സുല്‍ത്താനെ പ്രകോപിപ്പിക്കുമെന്ന് മദ്രാസിലെ ഇംഗ്ളീഷ് ഗവര്‍ണര്‍ പറഞ്ഞുവെങ്കിലും തിരുവിതാംകൂര്‍ കൂട്ടാക്കിയില്ല. 1790ല്‍ സുല്‍ത്താന്റെ നേതൃത്വത്തില്‍ സൈന്യം നെടുങ്കോട്ടയും കൊടുങ്ങല്ലൂര്‍ കോട്ടയും തകര്‍ത്തു. പെരിയാര്‍ കടന്ന് കൊച്ചി രാജാവിനെ പിടികൂടാനായി സുല്‍ത്താനും സൈന്യവും വരാപ്പുഴ എത്തിയപ്പോഴേക്കും ബ്രിട്ടിഷ് ഗവര്‍ണര്‍ ജനറല്‍ മൈസൂറിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ശ്രീരംഗപട്ടണത്തിനു നേരെ നീങ്ങുന്നതായി അറിഞ്ഞ് പിന്‍വാങ്ങി. പിന്നീട് തിരുവിതാംകൂര്‍ സൈന്യത്തെ ഉപയോഗിച്ച് മലബാറില്‍നിന്നും തമിഴ്നാട്ടില്‍നിന്നും മൈസൂര്‍ പട്ടാളത്തെ ഇംഗ്ലീഷുകാര്‍ തുരത്തി.
Leave a Reply Cancel reply